ടാറ്റാ ആശുപത്രി സ്‌പെഷ്യാലിറ്റിയാക്കും: മന്ത്രി വീണാ ജോർജ്ജ്

Share

കാസർകോട്:
തെക്കിൽ ടാറ്റാ കോവിഡ് ആശുപത്രിയിൽ ജില്ലയിലെ എൻഡോസൾഫാൻ ദുരിതബാധിതരായവർ ഉൾപ്പെടെ ദുർബലവിഭാഗങ്ങൾക്കും മറ്റുള്ളവർക്കും സ്‌പെഷ്യാലിറ്റി ചികിത്സ ലഭ്യമാക്കാനാകുന്ന ആശുപത്രിയായി ഉയർത്താൻ കഴിയുമോയെന്ന്‌ സംസ്ഥാന സർക്കാർ ഗൗരവമായി പരിശോധിക്കും.സി എച്ച് കുഞ്ഞമ്പു എംഎൽഎയുടെ സബ്‌മിഷനുള്ള മറുപടിയി മന്ത്രി വിണാജോർജാണ്‌ ഇക്കാര്യം നിയമസഭയിൽ അറിയിച്ചത്‌.
ഇതിനായി പുതിയ കെട്ടിടം ആവശ്യമാണ്. ഇതിന്റെ ഭാഗമായി 50 കിടക്കകളുള്ള ക്രിട്ടിക്കൽ കെയർ ബ്ലോക്ക് നിർമിക്കാനുള്ള നിർദേശം പരിഗണനയിലുണ്ട്. കെട്ടിടത്തിന് പുറമെ സിടി , എംആർഐ ഉൾപ്പെടെ അത്യാവശ്യ ഉപകരണങ്ങൾ സ്ഥാപിക്കാനായി ഫണ്ട് ലഭ്യമാക്കുന്ന കാര്യവും പരിശോധിക്കും.
ആറ് ബ്ലോക്കുകളിലായി 128 പ്രീ ഫാബ്രിക്കേറ്റഡ് സ്ട്രക്ചറിലുള്ള കണ്ടെയ്‌നറുകളിലാണ് ആശുപത്രി കെട്ടിടം. തെക്കിൽ വില്ലേജിൽ 4.12 ഏക്കർ സ്ഥലമുണ്ട്‌. ഇത്‌ ആരോഗ്യ വകുപ്പിന്‌ കൈമാറും.ഇവിടെ ഇതുവരെ 4987 കോവിഡ് രോഗികൾക്ക് ചികിത്സ നൽകി. സംസ്ഥാന സർക്കാർ 12 കോടി രൂപ ചെലവഴിച്ച് ദേശീയപാതയിൽ നിന്നും ആശുപത്രിയിലേക്ക്‌ അപ്രോച്ച് റോഡ് നിർമിച്ചിട്ടുണ്ട്‌. ഡോക്ടർമാർ ഉൾപ്പെടെയുള്ള ജീവനക്കാരുടെ ദൗർലഭ്യം കണക്കിലെടുത്താണ്‌ ഇവിടെ 191 ജീവനക്കാരുടെ തസ്തിക സൃഷ്ടിച്ചത്.മാനസികാരോഗ്യ പരിപാടിയുടെ ഭാഗമായി മാനസികവൈകല്യമുള്ള രോഗികളുടെ പുനരധിവാസത്തിനായി പകൽ വീടും ഇവിടെ പ്രവർത്തിക്കുന്നുണ്ട്. 28 രോഗികൾ പകൽ വീട്ടിലുണ്ട്. രണ്ട് ബ്ലോക്കുകൾ ഇതിനായി ഉപയോഗപ്പെടുത്തുന്നു.
എന്നാൽ കോവിഡ് രോഗികളുടെ എണ്ണത്തിൽ കുറവുണ്ടാകുകയും മറ്റ് ആശുപത്രികളിൽ കോവിഡിതരരോഗികളുടെ എണ്ണത്തിൽ വർധനവുണ്ടാവുകയും ചെയ്‌ത സാഹചര്യത്തിലാണ്‌ ഡോക്ടർമാരടക്കമുള്ള ജീവനക്കാരെ മറ്റ് പ്രധാന ആശുപത്രികളിലേക്ക്‌ മാറ്റിയത്‌. അതേമസയം ജനറൽ ഒപി സേവനം ആശുപത്രിയിൽ ഇപ്പോഴും ലഭ്യമാണെന്ന്‌ മന്ത്രി അറിയിച്ചു.

Back to Top