ജന്മനാ കാഴ്ചയില്ലാത്ത കാടകം സ്വദേശി ദിലീപ് ആറുവർഷത്തിനിടെ മിക്കവാറും സംസ്ഥാനങ്ങളിലും ചുറ്റിയടിച്ചു.

Share

ഉൾവെളിച്ചത്തിൽ കാതങ്ങൾ താണ്ടികാടകം സ്വദേശി കെ. ദിലീപ്, ആറുവർഷത്തിനിടെ മിക്കവാറും സംസ്ഥാനങ്ങളിലും ചുറ്റിയടിച്ചു

കാസർകോട് കാടകം സ്വദേശി കെ. ദിലീപ് (24) സ്വപ്നസഞ്ചാരിയാണ്. കാഴ്ചകൾ ഹൃദയം കൊണ്ടുകാണുന്ന സഞ്ചാരി. ജന്മനാ കാഴ്ചയില്ലാത്ത ദിലീപ് ആറുവർഷത്തിനിടെ മിക്കവാറും സംസ്ഥാനങ്ങളിലും ചുറ്റിയടിച്ചു. കേരളത്തിലെ യാത്രകളെല്ലാം ഒറ്റയ്ക്കാണ്. മറ്റ് സംസ്ഥാനങ്ങളിൽ സുഹൃത്തുക്കളെ ഒപ്പംകൂട്ടുംഎറണാകുളം മഹാരാജാസ് കോളേജിൽ എം.എ പൊളിറ്റിക്കൽ സയൻസ് വിദ്യാർത്ഥിയായ ദിലീപിന്റെ യാത്രയിൽ ആശാപ്രവർത്തകയായ അമ്മ ദാക്ഷായണിക്കും കൂലിപ്പണിക്കാരനായ അച്ഛൻ കുമാരനും ആദ്യം ആശങ്കയായിരുന്നു. ഒറ്റയ്ക്കുള്ള യാത്രകൾ ഭിന്നശേഷിക്കാർക്ക് എന്നും വെല്ലുവിളിയാണെന്ന് ദിലീപ് പറയുന്നു. കേരളം ഏറെ വികസിച്ചെങ്കിലും ഭിന്നശേഷി സൗഹൃദ അന്തരീക്ഷം ഇന്നും കണ്ണെത്താ ദൂരത്താണ്. കൊച്ചിയിൽ ഭിന്നശേഷിക്കാർക്കായി നടപ്പാതകളിൽ പ്രത്യേകം തയ്യാറാക്കിയ മഞ്ഞ ടൈൽ വിരിച്ചിട്ടുണ്ടെങ്കിലും വിശ്വസിച്ച് അതിലൂടെ നടക്കാനാവില്ല. പല സ്ഥലങ്ങളിലും മഞ്ഞ മേഖലയിൽ വൈദ്യുത തൂണുകളുണ്ടാകും. പലയിടത്തും ടൈലുകൾ നഷ്ടമായിട്ടുമുണ്ട്. കേരളത്തിലെ മറ്റ് ജില്ലകളിലും ഇത് തന്നെയാണവസ്ഥ. കൊച്ചിയിലെ അവസ്ഥ ഇൻസ്റ്റഗ്രാം പേജിലൂടെ അറിയിച്ചപ്പോൾ ഹൈബി ഈഡൻ എം.പി അനുഭാവപൂർണമായ കമന്റിട്ടത് പ്രതീക്ഷ വർദ്ധിപ്പിക്കുന്നുണ്ടെന്ന് ദിലീപ് പറഞ്ഞു. വ്ലോഗിംഗ് ചെയ്ത് തുടങ്ങിയതിൽപ്പിന്നെ യാത്രകൾ പോകുമ്പോൾ ആളുകൾ സഹായത്തിനെത്തുന്നത് വലിയ സന്തോഷമാണ്. ദിലീപിനെ തിരിച്ചറിഞ്ഞ് എത്തുന്നവർ ഓട്ടോയിൽ കയറ്റി വിടുകയും റെയിൽവേ സ്റ്റേഷനിൽ കൊണ്ടാക്കുകയും ചെയ്യുന്നുണ്ട്. കേരളത്തിലെ നടപ്പാതകളിലെ കുഴികളിൽ വീണ് പരിക്കേൽക്കുന്നത് നിത്യ സംഭവമായിരുന്നു. ഒപ്പം ശാരീരിക വെല്ലുവിളി നേരിടുന്നവർക്കുള്ള കോച്ച് എപ്പോഴും ട്രെയിനിന്റെ പുറകുവശത്താണ്. എന്നാൽ ട്രെയിൻ സ്റ്റേഷനിൽ എത്തുമ്പോൾ ഈ ഭാഗത്ത് പ്ലാറ്റ്ഫോം ഉണ്ടാകില്ല. ഇതുമൂലം പലപ്പോഴും ട്രാക്കിൽ വീഴുന്ന സാഹചര്യവുമുണ്ടായിട്ടുണ്ട്കേരളത്തിൽ തന്നെ പല ടൂറിസ്റ്റ് കേന്ദ്രങ്ങളിലും പോകണമെന്ന് ആഗ്രഹമുണ്ടെങ്കിലും എത്തിപ്പെടാൻ ബുദ്ധിമുട്ടാണ്.യൂറോപ്പ്, അമേരിക്ക, ഗൾഫ് രാജ്യങ്ങൾ എന്നിവ സന്ദർശിക്കണമെന്നുണ്ട്. അവിടത്തെ ഭിന്നശേഷി സൗഹൃദ അന്തരീക്ഷത്തെ പറ്റി ഒരുപാട് കേട്ടുണ്ടായ ആഗ്രഹമാണ്. മികച്ച ചെസ് കളിക്കാരൻകൂടിയാണ് ദിലീപ്. ബ്ലൈൻഡ് ചെസ് ടൂർണമെന്റിലടക്കം വിജയിച്ചിട്ടുണ്ട്. സഹോദരങ്ങൾ: ദീപിക, ദീപേഷ്.

Back to Top