ഇനി കപ്പിനും ചുണ്ടിനും ഇടയ്ക്കുള്ള ജീവൻ മരണ പോരാട്ടങ്ങൾ മാത്രം ; വൈറലായി കാഞ്ഞങ്ങാടിലെ പെന്റഗൺ സ്‌ക്വയർ

Share

കാഞ്ഞങ്ങാട് : ലോക ജനതയെ ആവേശത്തിന്റെയും ആശങ്കയുടെയും മുൾമുനയിൽ നിർത്തുന്ന ലോക സോക്കർ യുദ്ധം അവസാന ഘട്ടത്തിലേക്ക് കടക്കുകയാണ് . ഇനി എന്ത് വില കൊടുത്തും എതിരാളിയെ അറിഞ്ഞു വീഴ്‌ത്തുന്ന തന്ത്രങ്ങൾ മാത്രം . ലക്‌ഷ്യം ഒന്ന് മാത്രം , അത്തറിന്റെ മണമുള്ള ഖത്തറിന്റെ മണ്ണിൽ ലോക കിരീടം വാനിലേക്ക് ഉയർത്തി ലോക ഫുട്‍ബോളിന്റെ രാജാക്കന്മാരായി സ്വയം അവരോധിക്കപ്പെടുന്ന നിമിഷങ്ങൾ.

മത്സരം മുറുകുമ്പോൾ തങ്ങളുടെ ഇഷ്ട ടീമെല്ലാം അവസാന ലാപ്പിൽ ഇടം പിടിച്ചിട്ടുണ്ട് എന്നുള്ളത് ആരാധകരെ സംബന്ധിച്ചിടത്തോളം ഇരട്ടി മധുരം ഉളവാക്കുന്നതാണ് . മെസ്സിയും, റൊണാൾഡോയും, നെയ്മറും, എമ്പപ്പയും എല്ലാം ഇനിയും കളം നിറഞ്ഞാടും . രാത്രിയെ പകലാക്കി തങ്ങളുടെ ഇഷ്ട ടീമിന് പിന്തുണ ഏകിയ ആരാധകർ ഇനി കൂടുതൽ ആവേശത്തിലേക്കും .

ഖത്തറിലെ ഫുട്‍ബോൾ വസന്തം അതിന്റെ തനിമ ഒട്ടും ചോരാതെ തന്നെ കാഞ്ഞങ്ങാടിലെ ഫുട്‍ബോൾ പ്രേക്ഷകർക്ക് മുമ്പിൽ അവതരിപ്പിച്ച് ജനങ്ങളുടെ കയ്യടി നേടിയ സ്റ്റാർട്ട് ആപ്പ് കമ്പനിയാണ് പെന്റഗൺ അഡ്വർടൈസ്മെന്റ് കമ്പനി . മാധ്യമ പ്രവർത്തകനായ റിയാസ് അമലടുക്കവും, യുവ ബിസിനസ്സ്മാനായ റഷീദ് തൊട്ടിയിലും ആണ് ഇതിന്റെ അമരക്കാർ . അവർക്ക് സപ്പോർട്ടായി അജാനൂർ ലയൺസ് ക്ലബ്ബും , കാഞ്ഞങ്ങാട് നഗരസഭയും കട്ടയ്ക്ക് നിന്നപ്പോൾ കാര്യം കളറായി . പെന്റഗൺ സ്‌ക്വയർ വൈറലായി .

ഓരോ ദിവസവും ഇവിടേക്ക് ഫുട്‍ബോൾ പ്രേമികൾ ഒഴുകുകയാണ് . തീരദേശ പ്രദേശത്തു നിന്നും മലയോരത്ത് നിന്നും വരെ സകുടുംബം ആളുകൾ പാതിരാത്രിയിൽ പോലും ഇവിടേക്ക് എത്തുന്നു . ഒരു പ്രാവശ്യം ഇവിടെ നിന്നും കളി കണ്ടാൽ പിന്നെ എല്ലാ ദിവസവും ഇവിടേക്ക് ആളുകൾ എത്തുമെന്നാണ് ഫുട്‍ബോൾ ആരാധകനും റഫറിയുമായ റഷീദ് ചിത്താരിയുടെ അഭിപ്രായം . ആദ്യ ഘട്ടങ്ങളിൽ പ്രാദേശിക ക്ലബുകൾ ഒരുക്കിയ പ്രൊജക്ടർ സ്‌ക്രീനുകളിൽ കളികൾ കണ്ട ആരാധകർ ഇപ്പോൾ ഒന്നടങ്കം പെന്റഗൺ സ്ക്വയറിലേക്ക് ഒഴുകുകയാണ് . സെമിഫൈനലുകൾക്കും , ഫൈനലുകൾക്കും അയ്യായിരത്തിന് മുകളിൽ ആസ്വാദകരെയാണ് സംഘാടകർ പ്രതീക്ഷിക്കുന്നത് .

 

Back to Top