ദേശീയപാത വികസനം ; എങ്ങും അടിപ്പാതയ്ക്കായി മുറവിളികള്‍

Share

ദേശീയപാത വികസനം ; എങ്ങും അടിപ്പാതയ്ക്കായി മുറവിളികള്‍

കാസര്‍ഗോഡ് : ദേശീയപാത വികസനത്തിന്റെ ഭാഗമായി വിവിധയിടങ്ങളില്‍ അടിപ്പാതയ്ക്ക് വേണ്ടിയുള്ള പ്രതിഷേധങ്ങള്‍ ശക്തമാകുമ്പോള്‍ റോഡ് മുറിച്ച്‌ കടക്കുന്നതിന് കലുങ്കുകളും പ്രയോജനപ്പെടുത്തണമെന്ന ആവശ്യം ശക്തമായി. ദേശീയപാത നിര്‍മാണത്തിന്റെ ഭാഗമായി പലയിടങ്ങളിലും കലുങ്കുകള്‍ നിര്‍മിക്കുന്നുണ്ട്. കാലവര്‍ഷത്തില്‍ മഴവെള്ളം ഒഴുകിപ്പോകാനാണ് കലുങ്കുകള്‍ നിര്‍മിക്കുന്നതെങ്കിലും ഇതുവഴി പൊതുജനങ്ങള്‍ക്കും, വിദ്യാര്‍ഥികള്‍ക്കും നടന്നുപോകാന്‍ സാഹചര്യം ഒരുക്കുകയാണെങ്കില്‍ ജനങ്ങളുടെ ആശങ്കയ്ക്ക് ഒരു പരിധി വരെ പരിഹാരം കാണാന്‍ സാധിക്കുമെന്നാണ് ചൂണ്ടിക്കാണിക്കുന്നത്. ഇരുചക്രവാഹനങ്ങള്‍ക്ക് കടന്നുപോകാന്‍ തക്കവിധത്തില്‍ നീളവും, വീതിയുമുള്ളതാണ് ഈ കലുങ്കുകള്‍. കാസർഗോഡ് ജില്ലയിലെ വിവിധ ജനവാസ പ്രദേശങ്ങളില്‍ അടിപ്പാതയ്ക്കായുള്ള മുറവിളികള്‍ ശക്തമാണ്. പല പ്രദേശങ്ങളിലും അനിശ്ചിതകാല സമരങ്ങളും, രാപ്പകല്‍ സമരങ്ങളും, പ്രതിഷേധ കൂട്ടായ്മകളും നടന്നുകൊണ്ടിരിക്കുന്നു. വയോധികരും, വിദ്യാര്‍ഥികളുമാണ് കൂടുതലും ആശങ്കയിലായിരിക്കുന്നത്. ഇവരുടെ ആശങ്ക അകറ്റാന്‍ ദേശീയപാത അധികൃതര്‍ക്കോ, നിര്‍മാണ കംപനി ഉദ്യോഗസ്ഥര്‍ക്കോ കഴിയുന്നില്ലെന്നും ആക്ഷേപമുണ്ട്.

പൊതുജനങ്ങളും ജനപ്രതിനിധികളും ഉയര്‍ത്തുന്ന ചോദ്യങ്ങള്‍ക്ക് അധികൃതരുടെ ഭാഗത്തുനിന്ന് കൃത്യമായ മറുപടി ലഭിക്കുന്നില്ലെന്നാണ് പരാതി. ആവശ്യമായ ചില കേന്ദ്രങ്ങളില്‍ അടിപ്പാത നിര്‍മിക്കുന്നതിന് സംസ്ഥാന സര്‍കാര്‍ ഇടപെട്ട് കൊണ്ടിരിക്കുകയാണെന്നും അതേസമയം, ആവശ്യങ്ങള്‍ ഉന്നയിക്കുമ്പോള്‍ തൊട്ട് തൊട്ടാവാതെയിരിക്കാന്‍ ശ്രദ്ധിക്കണമെന്നും ഇക്കാര്യത്തില്‍ ക്രമീകരണം വരുത്താന്‍ സാധിക്കണമെന്നും കഴിഞ്ഞ ദിവസം മുഖ്യമന്ത്രി നിയമസഭയില്‍ പറഞ്ഞിരുന്നു. ഇത്തരം സാഹചര്യത്തില്‍, നിര്‍മിക്കുന്ന കലുങ്കുകള്‍ റോഡ് മുറിച്ച്‌ കടക്കാന്‍ പ്രയോജനപ്പെടുന്ന തരത്തില്‍ സംവിധാനം ഒരുക്കണമെന്നാണ് പ്രദേശവാസികള്‍ ആവശ്യപ്പെടുന്നത്. ജില്ലയിലെ വിവിധ ഭാഗങ്ങളിലുള്ള റെയില്‍വേ കലുങ്കുകള്‍ പലയിടത്തും ഇത്തരത്തില്‍ പൊതുജനങ്ങള്‍ ഉപയോഗപ്പെടുത്തുന്നുണ്ട്. സ്വയം സുരക്ഷിതത്വത്തിലാണ് ഇത് ചെയ്യുന്നത്. ഇതുപോലെ ദേശീയപാതയിലും ഇത്തരത്തില്‍ കലുങ്കുകള്‍, പൊതുജനങ്ങള്‍ക്ക് കൂടി പ്രയോജനപ്പെടുന്ന രീതിയില്‍ ഉപയോഗപ്പെടുത്താന്‍ അധികൃതര്‍ നടപടി സ്വീകരിക്കണമെന്നാണ് ആവശ്യം.

Back to Top