വിദേശ കപ്പലിൽ നിന്ന് ഒന്നരമാസം മുൻപ് മരണപ്പെട്ട പ്രശാന്തിന്റ മൃതദേഹം സംസ്കരിച്ചു

പാലക്കുന്ന്: വിദേശ കപ്പലിൽ നിന്ന് ഒന്നരമാസം മുൻപ് ഹൃദയ സംബന്ധമായ അസുഖത്തെ തുടർന്ന് മരണപ്പെട്ട തിരുവക്കോളി അങ്കകളരിയിലെ പ്രശാന്തിന്റെ ഭൗതികശരീരം മലാംകുന്ന് സമുദായ ശ്മശാനത്തിൽ സംസ്കരിച്ചു. തിങ്കളാഴ്ച രാവിലെ പത്തര മണിയോടെ മംഗളൂരിൽ എത്തിയ മൃതദേഹം വിമാന താവളത്തിലെ നടപടിക്രമങ്ങൾ പൂർത്തിയാക്കി ഉച്ചക്ക് ഉദുമ പാക്യരയിലെ വീട്ടിലെത്തി. സംസ്ഥാന പാതയിൽ ഉദയമംഗലം ക്ഷേത്രത്തിലേക്കുള്ള റോഡിനോട് ചേർന്നുള്ള ബസ് സ്റ്റോപ്പിനരികെ പൊതു ദർശനത്തിനായി വെച്ചിരുന്നു. രാജ്‌മോഹൻ ഉണ്ണിത്താൻ എം. പി അടക്കും വിവിധ കക്ഷി നേതാക്കൾ ആദരാഞ്ജലികൾ അർപ്പിക്കാൻ എത്തിയിരുന്നു. വമ്പിച്ച ജനാവലിയെ സാക്ഷിയാക്കി വീട്ടിലെ ചടങ്ങുകൾ പൂർത്തിയാക്കി സംസ്കാരം ചടങ്ങുകൾക്കായി ശ്മശാനത്തിലേക്ക് മാറ്റി. മുംബൈയിലെ വില്യംസം കപ്പൽ കമ്പനിയിൽ നിന്നുള്ള പ്രതിനിധികൾ മൃതശരീരത്തെ അനുഗമിച്ചിരുന്നു. പാസ് പോർട്ട്, മെഡിക്കൽ റിപ്പോർട്ട് അടക്കമുള്ള രേഖകൾ ബന്ധുക്കൾക്ക് കൈമാറിയെങ്കിലും പ്രശാന്തിന്റെ ബഗെജും മറ്റും വീട്ടിലെത്താൻ ഇനിയും രണ്ടാഴ്ചയിലേറെ സമയം എടുക്കു മെന്നും അനന്തരാവകാശിക്കുള്ള നഷ്ട പരിഹാര തുക കലക്റ്റീവ് ബാർഗൈനിങ് എഗ്രിമെന്റ്(സി ബി എ) പ്രകാരം ലഭിക്കുമെന്നും അതിനായുള്ള നടപടിക്രമങ്ങൾ കമ്പനി നടത്തുമെന്നും അവർ ബന്ധപ്പെട്ടവരെ അറിയിച്ചു.