അസഹനീയമായ ഈ കാത്തിരിപ്പിന് ഇനി എത്ര നാൾ? മാസം പിന്നിട്ടിട്ടും പ്രശാന്തിന്റെ മൃതദേഹം എത്തിയില്ല
പാലക്കുന്ന്: കപ്പലിൽ നിന്ന് മരണപ്പെട്ട പാലക്കുന്നിനടുത്ത തിരുവക്കോളി അങ്കക്കളരി ഹൗസിൽ പ്രശാന്തിന്റെ(39) മൃതശരീരം ഒരു മാസം പിന്നിട്ടിട്ടും വീട്ടിലെത്തിയില്ല. മൃതദേഹം എന്ന് നാട്ടിലെത്തുമെന്ന കമ്പനിയുടെ അറിയിപ്പ് പ്രതീക്ഷിച്ചിരിക്കുകയാണ് കുടുംബം.
വില്യംസം കമ്പനിയുടെ തൈബേക്ക് എക്സ്പ്ലോറർ എന്ന എൽപിജി കപ്പലിൽ മോട്ടോർമാനായി കഴിഞ്ഞ നവംബറിലാണ് പ്രശാന്ത് ജോലിക്ക് കയറിയത്. ജപ്പാനിൽ നിന്ന് യു എസിലെ തുറമുഖം ലക്ഷ്യമാക്കി യാത്ര തിരിച്ച കപ്പലിൽ മെയ് 14ന് രാവിലെ പ്രശാന്ത് ഹൃദയാഘാതം മൂലം മരണപ്പെട്ടു എന്നാണ് കമ്പനി പ്രതിനിധികൾ വീട്ടിലെത്തി ബന്ധുക്കളെ അറിയിച്ചത്.യു എസ്സിലെ ഹവായി അയലൻഡിലെ ഹോണോലുലുവിലെത്തി ശരീരം പോസ്റ്റ്മോർട്ടത്തിനായി ഹോസ്പിറ്റലിലേക്ക് മാറ്റിയെന്നാണ് പിന്നീട് ലഭിച്ച വിവരം. എംബാമിംഗ് നടപടികളുടെ അനുമതിക്കായി കമ്പനി അധികൃതർ വന്ന് അതിനായുള്ള പേപ്പറിൽ ഭാര്യയുടെ ഒപ്പിട്ടു വാങ്ങിയിരുന്നു. തുടർന്ന് നാളിതുവരെ ഒരു അറിയിപ്പും വീട്ടിൽ കിട്ടിയില്ല. കപ്പൽ ജീവനക്കാരനായ സഹോദരൻ പ്രദീപ് കഴിഞ്ഞ ദിവസം ബന്ധപ്പെട്ടപ്പോൾ ഹോസ്പിറ്റൽ നടപടികൾ പൂർത്തിയായെന്നും ബുധനാഴ്ച പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് തുടർ നടപടികൾക്കായി ഇന്ത്യൻ കൗൺസലെറ്റ് അധികൃതർക്ക് കൈമാറുമെന്നും അവർ അറിയിച്ചു. കൗൺസിലേറ്റിന്റെ നടപടിക്രമങ്ങൾ പൂർത്തിയാകുന്ന മുറയ്ക്ക് മൃതശരീരം നാട്ടിലെത്തിക്കും എന്നാണ് അറിയിച്ചിട്ടുള്ളത്. അതെന്നായിരിക്കും എന്ന് പറയാൻ അവർക്കായില്ല.
ഒരുമാസമായി പ്രശാന്തിന്റെ അടുത്ത ബന്ധുക്കളാരും വീട്ടിൽ നിന്ന് വെളിയിൽ ഇറങ്ങാതെ കാത്തിരിപ്പ് തുടരുകയാണ്. ഒരാൾ മരണപ്പെട്ടാൽ സഞ്ചയന ചടങ്ങുകൾ പൂർത്തിയാകാതെ അടുത്ത ബന്ധുക്കൾ ആരും ക്ഷേത്രദർശനം പോലും നടത്താറില്ല. അസഹനീയമായ ഈ കാത്തിരിപ്പ് ഇനി എത്രനാൾ തുടരുമെന്ന ആശങ്കയിലാണ് ഉദുമ പാക്യാരയിലുള്ള പ്രശാന്തിന്റെ അമ്മ സരോജിനിയും നീലേശ്വരം തൈക്കടപ്പുറത്ത് ഇപ്പോൾ അച്ഛനമ്മമാരോടൊപ്പം കഴിയുന്ന ഭാര്യ ലിജിയും മക്കളായ അൻഷിതയും അഷ്‌വികയും സഹോദരങ്ങളായ പ്രദീപും, ഖത്തറിലുള്ള പ്രസീതയും. മുൻ മർച്ചന്റ് നേവി ജീവനക്കാരൻ പരേതനായ ചക്ലി കൃഷ്ണന്റെ മകനാണ്.
കപ്പലോട്ടക്കാരുടെ സംഘടനകൾക്ക്
പറയാനുള്ളത്
കെനിയയിൽ ഉല്ലാസ യാത്രയ്ക്കിടെ ബസുമറിഞ്ഞ് മരണപ്പെട്ടവരുടെ മൃതദേഹങ്ങൾ ആറാം പക്കം നാട്ടിലെത്തി. പക്ഷേ കപ്പൽ ജീവനക്കാർ കപ്പലിൽ നിന്ന് മരണപ്പെട്ടാൽ സാങ്കേതിക കാരണങ്ങൾ നിരത്തി മാസത്തിലേറെ കാത്തിരിക്കേണ്ട ഗതികേടിലാണ് ബന്ധുക്കൾ. ഇത് രണ്ട് തരത്തിലുള്ള നീതിയാണ്. ഗൾഫ് രാജ്യങ്ങളിൽ വിവിധ കാരണങ്ങളാൽ മരണപ്പെട്ടവരുടെ മൃതദേഹങ്ങൾ ഏറെ പെട്ടെന്ന് തന്നെ നാട്ടിലെത്തിക്കാറുണ്ട്.
രാജ്യ സുരക്ഷയുമായി ബന്ധപ്പെടുത്തി
കപ്പലോട്ടക്കാർ രണ്ടാം നിര സുരക്ഷാ ഭട ന്മാർ ( സെക്കന്റ് ലൈൻ ഓഫ് ഡിഫെൻസ്) എന്നാണ് വെപ്പ്. അവ രോടാണ് ഈ അനീതി.
വീട്ടുകാരുടെ അനന്തമായ കാത്തിരിപ്പ്
ഇനിയും നീട്ടികൊണ്ട് പോകരുതെന്നും മൃതദേഹം നാട്ടിലെത്തിക്കാൻ വേണ്ട നടപടികൾ വൈകാതെ കൈ കൊള്ളണമെന്നും മുംബൈ ആസ്ഥാന മായുള്ള കപ്പലോട്ടക്കാരുടെ സംഘടനയായ നുസിയുടെ ഓർഗനൈസർ കെ. വി. അനിൽകുമാർ, കോട്ടിക്കുളം മർച്ചന്റ്നേവി ക്ലബ് പ്രസിഡന്റ് പാലക്കുന്നിൽ കുട്ടി, ജനറൽ സെക്രട്ടറി യു. കെ.ജയപ്രകാശ്, നുസി കാസർകോട് ബ്രാഞ്ച് പ്രതിനിധി പ്രജിത അനൂപ്, കാസർകോട് സിമെൻസ് അസോസിയേഷൻ പ്രസിഡന്റ് പി.വി.
ജയരാജ്, ജനറൽ സെക്രട്ടറി രാജേന്ദ്രൻ മുദിയക്കാൽ എന്നിവർ ആവശ്യപ്പെട്ടു.