കാഞ്ഞങ്ങാട്ട് റെയിൽവേ അടിസ്ഥാന സൗകര്യങ്ങൾ വിപുലപ്പെടുത്തും: ഡി ആർ എം

കാഞ്ഞങ്ങാട്: റെയിൽവേ സ്റ്റേഷനിൽ അടിസ്ഥാന സൗകര്യങ്ങൾ വിപുലീകരിക്കാൻ നടപടിയെടുത്ത് വരുന്നതായി പാലക്കാട് ഡിവിഷണൽ റെയിൽവേ മാനേജർ അരുൺ കുമാർ ചതുർവേദി. സ്റ്റേഷന്റെ വടക്കുഭാഗത്ത് പണിയാനുദ്ദേശിക്കുന്ന പുതിയ മേൽ നടപ്പാലത്തിലൂടെ പ്ലാറ്റ്ഫോമിൽ പ്രവേശിക്കാതെ തന്നെ പാലത്തിലൂടെ നടന്നുപോകാൻ നാട്ടുകാർക്ക് കൂടി സൗകര്യം ഏർപ്പെടുത്തുന്നതാണ്,ഒപ്പം നിലവിലുള്ള ലിഫ്റ്റിന് പുറമെ വടക്ക് ഭാഗത്ത് കൂടി ലിഫ്റ്റ് വേണമെന്ന ആവശ്യത്തിന് തൽസമയം ബി ആർ എം അംഗീകാരം നൽകി.സ്റ്റേഷന്റെ പടിഞ്ഞാറുള്ള ഒഴിവ് സ്ഥലത്ത് മേൽക്കൂരയോട് കൂടിയ പാർക്കിംഗ് ഏരിയയ്ക്കും നടപടികൾ ഉണ്ടാവുമെന്നും ഡി ആർ എം ഉറപ്പ് നൽകി. നിലവിൽ സ്റ്റേഷനിൽ നടന്ന് വരുന്ന വികസന പ്രവർത്തനങ്ങളെ ഡി ആർ എം നേതൃത്വത്തിൽ വിലയിരുത്തി. സ്റ്റേഷൻ മാസ്റ്റർ പി.കെ.പ്രശാന്ത്,പാസഞ്ചേർസ് അസോസിയേഷൻ പ്രസിഡണ്ട് ടി.മുഹമ്മദ് അസ്ലാം, ബി ആർ യു സി സി അംഗം പി.എം.നാസർ, പ്രസ് ഫോറം പ്രസിഡണ്ട് ഫസൽ റഹിമാൻ, ഡെവപ്പ്മെന്റ് കമ്മിറ്റി ഭാരവാഹികളായ കെ.മുഹമ്മദ് കുഞ്ഞി, കെ.പി.മോഹനൻ,അബ്ദുൾ സത്താർ ആവിക്കര തുടങ്ങിയവർ ചേർന്ന് ഡി ആർ എമ്മിനെ വരവേറ്റു. സ്റ്റേഷനിലെ പോരായ്മകളും പ്രശ്നങ്ങളും ഡി ആർ എമ്മിന്റെ ശ്രദ്ധയിൽപ്പെടുത്തു കയുണ്ടായി.കോവിഡ് കാലത്ത് നിർത്തലാക്കിയ നിസാമുദ്ദീൻ മംഗള എക്സ്പ്രസിന്റെ സ്റ്റോപ്പ് പുന:സ്ഥാപിക്കുന്നതുൾപ്പെടെ ദീർഘദൂര ട്രയിനുകൾക്ക് സ്റ്റോപ്പ് അനുവദിക്കുന്ന വിഷയവും ഡി ആർ എമ്മുമായി ചർച്ച നടത്തി. സീനിയർ ഡിവിഷണൽ കമേഴ്സ്യൽ മാനേജർ അരുൺ തോമസ്, സീനിയർ ഡിവിഷണൽ മാനേജർ ഓപ്പറേഷൻസ് ബാലമുരളി,ഡിവിഷണൽ ആന്റ് ടെലികമ്യൂണിക്കേഷൻസ് എഞ്ചിനീയർ എൽദോസ്,സീനിയർ ഡിവിഷണൽ എഞ്ചിനീയർ അഭിജിത്ത് വർമ്മ എന്നിവരും ഡിവിഷണൽ റെയിൽവേ മാനേജർക്കൊപ്പം ഉണ്ടായിരുന്നു.