കണ്ണൂരിലെ പ്രമുഖ വസ്ത്ര വ്യാപാരി മാത്യു മത്തച്ചന്‍ വയനാട്ടില്‍ കാറിനുള്ളില്‍ കത്തി കരിഞ്ഞ നിലയില്‍

മഹാറാണി ടെക്സ്റ്റൈൽസ് ഉടമയും പ്രമുഖ വസ്ത്ര വ്യാപാരിയുമായ മാത്യു മത്തച്ചൻ വയനാട്ടിൽ കാറിനുള്ളിൽ കത്തി കരിഞ്ഞ നിലയിൽ കണ്ടെത്തി. മൃതദേഹം തിരിച്ചറിഞ്ഞിട്ടുണ്ട്. പൂർണ്ണമായും കാർ കത്തി നശിച്ച നിലയിലാണ്.
വടക്കേ മലബാറിലെ പ്രമുഖ വസ്ത്ര ബ്രാന്റായിരുന്നു മഹാ റാണി ടെക്സ്റ്റൈൽസ്. ഈ ദുരൂഹ മരണം വലിയ ഞെട്ടലായ വാർത്തയാണ്. കണിയാരം ജികെഎം എച്ച്എസിന് സമീപമുള്ള റബര്‍ തോട്ടത്തിനടുത്താണ് കത്തിനശിച്ച കാറും മൃതദേഹവും കണ്ടെത്തിയത്.
കണ്ണൂർ ജില്ലയിലെ കേളകത്താണ് മരിച്ച മഹാറാണി മാത്യു എന്ന മത്തച്ചന്റെ സ്ഥാപനം. മാനന്തവാടി പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തി. ബന്ധുക്കൾ സ്ഥലത്ത് എത്തിയിട്ടുണ്ട്. മോതിരവും മാലയും തിരിച്ചറിഞ്ഞ് മരിച്ചത് മാത്യു എന്ന് ബോധ്യപ്പെടുകയായിരുന്നു.
62 വയസായിരുന്നു. ഈ വരുന്ന ഡിസംബർ 26നു മകളുടെ വിവാഹം നടത്താനുള്ള തിരക്കിലായിരുന്നു ഇദ്ദേഹവും കുടുംബവും. അതിന്റെ ഒരുക്കങ്ങൾ നടക്കുന്നതിനിടെയാണ് മരണം.
കാറിൽ നിന്ന് വലിയ രീതിയിൽ തീ ആളി പടരുന്നത് ഇന്ന് ഉച്ചയോടെ നാട്ടുകാരുടെ ശ്രദ്ധയിൽപ്പെട്ടത്.