പാലക്കുന്ന് തിരുവക്കോളി അങ്കക്കളരി ഹൗസിൽ പ്രശാന്ത് (39) ഹൃദയാഘാതം മൂലം മരണപ്പെട്ടു

പാലക്കുന്ന്: ജില്ലയിൽ നിന്ന് ഒരു യുവ നാവികൻ കപ്പലിൽ നിന്ന് മരണപ്പെട്ടതായി വിവരം. ഉദുമ ഉദയമംഗലം പരേതനായ കപ്പൽ ജീവനക്കാരൻ ചക്ലി കൃഷ്ണന്റെയും സരോജിനിയുടെയും മകൻ പാലക്കുന്നിനടുത്ത തിരുവക്കോളി അങ്കക്കളരി ഹൗസിൽ പ്രശാന്ത് (39) കപ്പലിൽ നിന്ന് മരണപ്പെട്ടുവെന്നാണ് കമ്പനി വീട്ടുകാരെ അറിയിച്ചത്. ഹൃദയാഘാതമാണ് മരണ കാരണമെന്ന് പറയപ്പെടുന്നു. മുംബൈയിലെ വില്യംസെൻ കമ്പനിയിൽ നിന്നുള്ള പ്രതിനിധികളാണ് പ്രശാന്തിന്റഭാര്യ ലിജിയെ ഇപ്പോഴുള്ള നീലേശ്വരം തൈക്കടപ്പുറം വീട്ടിലെത്തി ദുഃഖ വാർത്ത അറിയിച്ചത്. ജപ്പാനിൽ നിന്ന് യു. എസ്. പോർട്ട് ലക്ഷ്യമിട്ടുള്ള ‘തൈബേക് എക്സ്പ്ലോറർ’ എന്ന എൽ പി ജി (ലിക്യുഫൈട് പെട്രോളിയം ഗ്യാസ് )കപ്പലിൽ യാത്രയ്ക്കിടെ ആകസ്മിക മരണമെന്നാണ് സൂചന. എഞ്ചിൻ റൂമിൽ മോട്ടോർമാനായി ഷിഫ്റ്റ് ജോലി ചെയ്യുന്ന പ്രശാന്ത് രാവിലെ 8 ന് ഡ്യൂട്ടിയിൽ പ്രവേശിക്കേണ്ടതായിരുന്നു. സമയം പിന്നിട്ടിട്ടും ഡ്യുട്ടിയിലെത്താത്തതിനാൽ അന്വേഷിച്ചപ്പോഴാണ് കാബിനിൽ മരണപ്പെട്ട നിലയിൽ കണ്ടതെന്നാണ് വിവരം .നവംബർ ആദ്യം കപ്പലിൽ കയറിയ പ്രശാന്ത്, കരാർ വ്യവസ്ഥ അനുസരിച്ച് ഓഗസ്റ്റിൽ അവധിയിൽ വരാനിരിക്കെയാണ് അന്ത്യം. കപ്പൽ 18 ന് തീരമണിയുമ്പോൾ ഭൗതിക ശരീരം തുറമുഖത്തെത്തിക്കുമെങ്കിലും തുടർ നടപടി ക്രമങ്ങൾ പൂർത്തിയാക്കിയശേഷം നാട്ടിലെത്തിക്കുമെന്നാണ് അറിയുന്നത്. ഓരോ രാജ്യത്തിലെയും നടപടി ക്രമങ്ങൾ വ്യത്യസ്തമാണ്. മക്കൾ: അൻഷിത (കാഞ്ഞങ്ങാട് ലിറ്റിൽ ഫ്ലവർ ഗേൾസ് സ്കൂൾ നാലാം തരം വിദ്യാർഥിനി), ഇളയവൾ രണ്ടര വയസുകാരി ആഷ്മിക. സഹോദരങ്ങൾ: പ്രദിപ് (മർച്ചന്റ്നേവി), പ്രസീത (ഖത്തർ).