ജീവനക്കാരുടെ ശമ്പളം തടഞ്ഞ വിവാദ ഉത്തരവ് ജല അതോറിറ്റി പിൻവലിച്ചു

Share

കാസർകോട് : ജീവനക്കാരുടെ ശമ്പളം തടഞ്ഞ വിവാദ ഉത്തരവ് ജല അതോറിറ്റി പിൻവലിച്ചു. കേരള ജല അതോറിറ്റിയിലെ ഊർജിത കുടിശ്ശികനിവാരണ യജ്ഞത്തിന്റ ഭാഗമായി ആംനസ്റ്റി പദ്ധതി പ്രകാരം മാനേജ്‌മെന്റ് ഉദ്ദേശിച്ച കുടിശ്ശിക പിരിച്ചില്ലെന്ന കാരണത്താൽ കാസർകോട് പി.എച്ച്.ഡിവിഷന് കീഴിലെ എല്ലാ ജീവനക്കാരുടെയും ഒരുദിവസത്ത ശമ്പളം പിടിക്കാൻ കേരള ജല അതോറിറ്റി മാനേജിങ് ഡയരക്ടർ ഉത്തരവിട്ടിരുന്നു.

ഇതിനെതിരേ സി.പി.എം. അനുകൂല തൊഴിലാളിയൂണിയനായ കേരള ജല അതോറിറ്റി എംപ്ലോയീസ് യൂണിയൻ (സി.ഐ.ടി.യു.) പ്രതിഷേധിച്ചിരുന്നു. ഇതിന്റെ ഭാഗമായാണ് നവംബറിൽ ഉത്തരവ് മരവിപ്പിച്ചത്. എന്നാൽ യൂണിയന് നൽകിയ ഉറപ്പിന് വിരുദ്ധമായി 11 ജീവനക്കാരുടെ ഒരുദിവസത്തെ ശമ്പളം തടഞ്ഞ് വീണ്ടും ഉത്തരവിറക്കിയിരുന്നു. ഇതിനെതിരേ യൂണിയൻ ഹെഡ് ഓഫീസിൽ മാനേജിങ് ഡയരക്ടറുടെ ഓഫീസിനുമുന്നിൽ പ്രതിഷേധിച്ചു. ചർച്ചയുടെ അടിസ്ഥാനത്തിലാണ് ജീവനക്കാരുടെ ശമ്പളം തടയാനുള്ള നടപടി റദ്ദാക്കിയതായി മാനേജിങ് ഡയരക്ടർ യൂണിയൻ നേതാക്കളെ അറിയിച്ചത്.കാസർകോട്ട്‌ നടന്ന പ്രതിഷേധം സംസ്ഥാന സെക്രട്ടറി എ. സുധാകരൻ ഉദ്ഘാടനംചെയ്തു. കെ. വിനോദ്, കെ.എ. വിനോദ്, എ. സതീഷ്‌കുമാർ എന്നിവർ സംസാരിച്ചു. കാഞ്ഞങ്ങാട്ട്‌ നടന്ന പ്രതിഷേധം ജില്ലാ പ്രസിഡന്റ് എസ്. ഗോവിന്ദരാജ് ഉദ്ഘാടനംചെയ്തു.

Back to Top