ജില്ലാ തല സീമെൻസ് കബഡി മത്സരം: സെവൻ സീ ഓഷ്യൻസ് ജേതാക്കളായി.

പാലക്കുന്ന്: കടലിൽ കസറിയ മികവ് കരയിൽ കബഡിക്കളത്തിലും പ്രകടിപ്പിച്ച് ജില്ലയിലെ കപ്പലോട്ടക്കാർ. രാജ്യത്ത് ആദ്യമായി, അവധിയിൽ നാട്ടിലുള്ള കപ്പലോട്ടക്കാരും മറ്റു സിഡിസി ഹോൾഡേഴ്സും മാത്രം പങ്കെടുത്ത ജില്ലാ തല സീമെൻസ് കബഡി മത്സരം നാടിന് ആവേശമായി. കപ്പലോട്ടക്കാരുടെ അഖിലേന്ത്യ സംഘടനയായ ‘നുസി’ യുടെ കാസർകോട് ബ്രാഞ്ച് കമ്മിറ്റിയുടെ നേതൃത്വത്തിൽ കൊപ്പൽ റെഡ് വേൾഡ് ക്ലബ് പരിസരത്ത് നടന്ന ലീഗ് മത്സരം സുബേദാർ ഗിരീഷ് മുല്ലച്ചേരി ഉദ്ഘാടനം ചെയ്തു. സ്ഥിരം സിഡിസി ഹോൾ ഡേഴ്സും പരിശീലനം പൂർത്തിയായി ജോലിക്കായി കാത്തിരിക്കുന്നവരുമടക്കം ജില്ലയുടെ വിവിധ ഭാഗങ്ങളിൽ നിന്നായി 8 ടീമുകൾ കളത്തിലിറങ്ങി. കളിക്കാൻ ജെഴ്സി അണിഞ്ഞത് 160 പേർ. മൂന്ന് പോയിന്റ് വ്യത്യാസത്തിൽ സെവൺ സീസ് ഫൈറ്റേഴ്സിനെ പരാജയ പ്പെടുത്തി സെവൻ സീ ഓഷ്യൻസ് ജേതാക്കളായി. സമ്മാനദാന ചടങ്ങിൽ നുസി കാസറഗോഡ് ബ്രാഞ്ച് പ്രതിനിധി പ്രജിത അനുപ് അധ്യക്ഷയായി. ഒരു മത്സരം എന്നതിലുപരി ജില്ലയിലെ സീമൻമാരുടെ ഐക്യമാണ് നുസി ലക്ഷ്യമിടുന്നതെന്ന് അവർ പറഞ്ഞു. കോട്ടിക്കുളം മർച്ചന്റ്നേവി ക്ലബ് , കാസർകോട് മർച്ചന്റ് നേവി അസോസിയേഷൻ, കാഞ്ഞങ്ങാട് സൈലേഴ് ക്ലബ്, നുസി യൂത്ത് വിംഗ്, വിമൻസ് കമ്മിറ്റി, യൂത്ത് കമ്മിറ്റി പ്രതിനിധികൾ സംസാരിച്ചു. രതീശൻ കുട്ടിയൻ സ്വാഗതവും സുധി കൃഷ്ണൻ നന്ദിയും പറഞ്ഞു.