ചെർക്കള വോളിബോൾ മാമാങ്കത്തിന് ഇന്ന് (തിങ്കളാഴ്ച) സമാപനം കുറിക്കും. ഫൈനൽ പോരാട്ടത്തിൽ കേരള പോലീസ് കൊച്ചിൻ കസ്റ്റംസിനെ നേരിടും. മത്സരം 8 മണിക്ക് തുടങ്ങും.

ചെർക്കള: മൂന്നാമത് അഖിലേന്ത്യ ഇൻവിറ്റേഷൻ കപ്പ് വോളിബോൾ ടൂർണ്ണമെന്റ് നടക്കുന്ന വിന്നേഴ്സ് ചെർക്കളയുടെ അഞ്ചുമ് ഫ്ലഡ് ലൈറ്റ് സ്റ്റേഡിയത്തിൽ കാണികൾക്ക് മറ്റെവിടെയും ലഭിക്കാത്ത ആവേശത്തിമിർപ്പ്. നയന മനോഹരമായിട്ടുള്ള ലൈറ്റിംഗ് സംവിധാനങ്ങളും ആവേശാരവത്തോടെയുള്ള അനൗൺസ്മെന്റും കമന്റുകളും കൊണ്ട് കാണികളെ ഏറെ ആനന്ദിപ്പിച്ച്, 5 ദിവസങ്ങൾ നീണ്ടുനിന്ന വോളിബോൾ ടൂർണ്ണമെന്റ് നാളെ തിങ്കളാഴ്ച സമാപിക്കും. ഫൈനൽ മത്സരത്തിൽ കേരള പോലീസ് കൊച്ചിൻ കസ്റ്റംസിനെ നേരിടും. വെള്ളിയാഴ്ച ഇന്ത്യൻ എയർഫോഴ്സിനെ രണ്ടിനെതിരെ മൂന്നു സെറ്റുകൾക്ക് തോൽപ്പിച്ചാണ് കേരള പോലീസ് ഫൈനലിൽ എത്തിയത്. ശനിയാഴ്ച നടന്ന സെമി ഫൈനൽ പോരാട്ടത്തിൽ ഇന്ത്യൻ ആർമിയെ നേരിട്ടുള്ള 3 സെറ്റുകൾക്ക് പരാജയപ്പെടുത്തിയാണ് കൊച്ചിൻ കസ്റ്റംസ് ഫൈനലിൽ എത്തിയത്. ഇരു ടീമുകളും മികച്ച അന്താരാഷ്ട്ര താരങ്ങളെയാണ് നാളെ നടക്കുന്ന ഫൈനൽ മത്സരത്തിൽ കളത്തിൽ ഇറക്കുന്നത്. നിറഞ്ഞ ഗാലറിയിൽ ഏറെ വിസ്മയിപ്പിക്കുന്ന കളിവിരുന്നൊരുക്കിയ വിന്നേഴ്സ് ചെർക്കളയുടെ ആദിധേയത്വം ഏറെ ചർച്ച ചെയ്യപ്പെട്ടു കഴിഞ്ഞു. ഫെബ്രുവരിയുടെ മനോഹരമായ തണുത്ത ഇളംകാറ്റേറ്റ് സെർവുകളുടെയും സ്മാഷുകളുടെയും ഡ്രോപ്പുകളുടെയും വോളിബോൾ മാന്ത്രികസ്പർശങ്ങൾ ഓരോ നിമിഷവും ഉരുണ്ട് പൊങ്ങുന്ന കളിവൈവിദ്യങ്ങളുടെ പ്രകമ്പനമേറ്റാണ് ഗാലറികൾ നിറഞ്ഞ ഹർഷാരവത്തോടെ ടൂർണമെന്റ് ഏറ്റെടുത്തുകൊണ്ടിരിക്കുന്നത്. സി എം ഹോസ്പിറ്റൽ മെഡിക്കൽ ടീം, സി എച്ച് സെന്റർ ആംബുലൻസ്, മീഡിയ ഗാലറി, വി വി ഐ പി, ചെയർ, ഗാലറി തുടങ്ങിയ ഇരിപ്പിടങ്ങളും സൗകര്യങ്ങളും സംഘാടകർ ഒരുക്കിയിട്ടുണ്ട്. എൻട്രി ഗേറ്റ് പാസ്സ് മൂലം നിയന്ത്രിക്കും. ഫൈനൽ കാണാൻ കാണികളുടെ വലിയ പ്രവാഹം തന്നെ ഉണ്ടാകുമെന്നാണ് സംഘാടകരുടെ കണക്കുകൂട്ടൽ. ടിക്കറ്റുകൾ വൈകുന്നേരം 6 മണി മുതൽ കൊടുത്തു തുടങ്ങും. സമാപന മത്സരത്തിൽ കളിക്കാരെ പരിചയപ്പെടുന്നതിനും ഫൈനൽ വിജയികൾക്ക് സമ്മാനം നൽകുന്നതിനും പ്രമുഖ നേതാക്കളും ഉദ്യോഗസ്ഥരും അടങ്ങുന്ന വിവിഐപികൾ സംബന്ധിക്കുമെന്ന് വിന്നേഴ്സ് ചെർക്കള മൂന്നാമത് അഖിലേന്ത്യാ ഇൻവിറ്റേഷൻ കപ്പ് പ്രൊമോട്ടർമാരായ സലാം ചെർക്കള, നിസാർ ടി എം അറന്തോട്, നൗഷാദ് ബടക്കേക്കര, ബച്ചി ചെർക്കള, സിദ്ധ ചെർക്കള എന്നിവരും വിന്നേഴ്സ് ചെർക്കള ഭാരവാഹികളായ സി വി ജെയിംസ് ഷുക്കൂർ ബടക്കേക്കര എന്നിവരും അറിയിച്ചു.