കാസർകോട് ജില്ലയിലെ ചികിത്സ സൗകര്യം: സുപ്രീംകോടതി 27ന് പരിഗണിക്കും

കാസർകോട്: ജില്ലയിലെ ആരോഗ്യ സംവിധാനങ്ങളുടെ ശോച്യാവസ്ഥ സംബന്ധിച്ച് ജില്ല ലീഗൽ സർവിസ് അതോറിറ്റി സമർപ്പിച്ച റിപ്പോർട്ട് 27ന് സുപ്രീംകോടതി പരിഗണിക്കും.
മെഡിക്കൽ കോളജ് ആശുപത്രിയുടെയും കോവിഡ് ആശുപത്രിയുടെയും മറ്റ് ആരോഗ്യകേന്ദ്രങ്ങളുടെയും അവസ്ഥയാണ് കോടതി കയറിയിരിക്കുന്നത്. റിപ്പോർട്ട് സുപ്രീംകോടതി പരിഗണിക്കാനിരിക്കെ കഴിഞ്ഞ ദിവസം മന്ത്രി ജില്ലയിലെത്തിയിരുന്നു. മെഡിക്കൽ കോളജിൽ ആശുപത്രി കെട്ടിടത്തിന്റെ പണി വേഗത്തിൽ തീർക്കാനാണ് സർക്കാർ ആലോചിക്കുന്നത്.
2012ൽ തുട ക്കമിട്ട മെഡിക്കൽ കോളജിൽ ഇപ്പോഴും ക്ലാസ് തുടങ്ങാനായിട്ടില്ല. കിടത്തി ചികിത്സയും ആയില്ല. മെഡിക്കൽ കോളജ് കെട്ടിട നിർമാണത്തിൽ കരാറുകാരന് നൽകാനുള്ള തുക പോലും നൽകിയിട്ടില്ല. കരാറുകാരൻ പ്രവൃത്തി തുടങ്ങണമെങ്കിൽ പണം നൽകണം. കോവിഡ് ആശുപത്രി വിദഗ്ധ ചികിത്സ കേന്ദ്രമാക്കുമെന്നാണ് പ്രഖ്യാപിച്ചിരുന്നത്.
എന്നാൽ, കെട്ടിടംതന്നെ ഉപയോഗയോഗ്യമാണെന്ന് എൻജിനിയറിങ് വിഭാഗം സർട്ടിഫിക്കറ്റ് നൽകേണ്ട സ്ഥിതിയാണ്. 30 വർഷം ഉപയോഗിക്കാൻ ഉറപ്പു നൽകിയ കെട്ടിടം ഇപ്പോൾ തകർച്ചയുടെ വക്കിലാണ്. ഒ.പി സംവിധാനം പോലും നടക്കുന്നില്ല. കാഞ്ഞങ്ങാട്ടെ അമ്മയും കുഞ്ഞും ആശുപത്രിയുടെ കാര്യവും വ്യത്യസ്തമല്ല. അടുത്ത മാർച്ചിൽ തുടങ്ങുമെന്നാണ് പറഞ്ഞിരിക്കുന്നത്. പ്രവർത്തനം തുടങ്ങണമെങ്കിൽ തസ്തിക സൃഷ്ടിക്കണം.
ഒരു തസ്തികയും പുതുതായി സൃഷ്ടിക്കേണ്ടതില്ലെന്ന് സർക്കാർ നയപരമായി സ്വീകരിച്ചിട്ടുണ്ട്. സാമ്പത്തിക പ്രതിസന്ധിയാണ് കാരണം. ജില്ല ലീഗൽ സർവിസസ് അതോറിറ്റി സുപ്രീംകോടതിയിൽ സമർപ്പിച്ച റിപ്പോർട്ടിൽ ജില്ലയിലെ ആരോഗ്യ മേഖലയുടെ പ്രശ്നങ്ങൾ സമഗ്രമായി അവതരിപ്പിച്ചിട്ടുണ്ട്.
ഫിസിയോതെറപ്പി, പാലിയേറ്റിവ് ചികിത്സ, ഐ.സി.യു, ഡയാലിസിസ്, കിടത്തി ചികിത്സ സൗകര്യങ്ങൾ എന്നിവ ഇല്ലാത്തതും മറ്റും സൂചിപ്പിച്ചിട്ടുണ്ട്. സുപ്രീംകോടതിയിൽ അനുകൂല വിധിയുണ്ടായാൽ സുപ്രധാന തീരുമാനങ്ങൾക്ക് വഴിവെച്ചേക്കും. എൻഡോസൾഫാൻ ഇരകൾക്ക് ധനസഹായം നൽകാൻ സർക്കാർ ഏറെ കാലതാമസം വരുത്തിയിരുന്നു. എന്നാൽ സുപ്രീംകോടതി വിധി വന്നതോടെ അതു ലഭ്യമായി. കോടതിയുടെ കർശന നിർദേശമാണ് വിധി നടപ്പാക്കാൻ പ്രേരണയായത്. ചികിത്സ സൗകര്യം സംബന്ധിച്ച റിപ്പോർട്ടിലും അനുകൂല വിധിയുണ്ടാകുമെന്നാണ് ജില്ലയുടെ പ്രതീക്ഷ.