ഛത്തീസ്‍ഗഢിൽ മാവോയിസ്റ്റ് ആക്രമണം; മലയാളി ജവാന് വീരമൃത്യു.

Share

ഛത്തീസ്‍ഗഢിൽ മാവോയിസ്റ്റ് ആക്രമണം; മലയാളി ജവാന് വീരമൃത്യു.

പാലക്കാട്:ഛത്തീസ്ഗഢിലുണ്ടായ മാവോയിസ്റ്റ് ആക്രമണത്തിൽ മലയാളി സി.ആർ.പി.എഫ് ജവാന് വീരമൃത്യു. പാലക്കാട് ധോണി സ്വദേശി മുഹമ്മദ് ഹക്കീം ആണ് കൊല്ലപ്പെട്ടത്. ഇന്നലെ വൈകിട്ട് അഞ്ചുമണിയോടെയാണ് സി.ആർ.പി.എഫ് ക്യാമ്പിന് നേരെ മാവോയിസ്റ്റ് ആക്രമണം ഉണ്ടായത്.

സുക്മ ജില്ലയിൽ സേനയുടെ ക്യാമ്പിന് സമീപം മാവോയിസ്റ്റുകൾ വെടിവെക്കുകയായിരുന്നു. തലസ്ഥാനമായ റായ്പൂരിൽ നിന്ന് 450 കിലോമീറ്റർ അകലെയാണ് ക്യാമ്പ് സ്ഥിതി ചെയ്യുന്നത്. ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റ അദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്ന് പുലർച്ചയോടു കൂടെ ഹക്കീം മരിച്ചു എന്ന സന്ദേശമാണ് കുടുംബത്തിന് ലഭിച്ചിരിക്കുന്നത്.

മുഹമ്മദ് ഹക്കീമിന്റെ മൃതദേഹം ഇന്നുതന്നെ ധോണിയിലെ വീട്ടിലേക്ക് എത്തിക്കും. വൈകിട്ട് ആറരയോടുകൂടി കോയമ്പത്തൂർ വിമാനത്താവളത്തിൽ മൃതദേഹം എത്തിക്കുകയും ഏഴരയോടുകൂടി ധോണിയിലെ വസതിയിൽ എത്തിക്കുമെന്നുള്ളതാണ് അധികൃതർ നൽകുന്ന വിവരം. ഇത് സംബന്ധിച്ച് ജില്ലാ പൊലീസ് മേധാവിക്കും ജില്ലാ കലക്ടർക്കും ഉൾപ്പെടെ സന്ദേശം സി.ആർ.പി.എഫ് കൈമാറിയിട്ടുണ്ട്. പൊലീസിന്റെയും സൈന്യത്തിന്റെയും ഔദ്യോഗിക ബഹുമതികളോടുകൂടിയായിരിക്കും സംസ്‌കാര ചടങ്ങുകൾ നടക്കുക.

2007 മുതലാണ് മുഹമ്മദ്ഹക്കീം സി.ആർ.പി.എഫിൽ ചേരുന്നത്. പിന്നീട് സി.ആർ.പി.എഫിന്റെ കോബ്ര യൂണിറ്റിന്റെ ഭാഗമായിരുന്നു.

Back to Top