കേരളത്തിൽ സ്വർണ വില ആദ്യമായി അറുപതിനായിരം കടന്നു: പണിക്കൂലി വേറെ കൊടുക്കണം. തലയിൽ കൈവെച്ച് വിവാഹ വീടുകൾ

Share

കൊച്ചി: കേരളത്തിൽ സ്വർണ വില ആദ്യമായി അറുപതിനായിരം കടന്നു. പവന് 60200 രൂപയാണ് ഇന്നത്തെ വില. പണിക്കൂലി ഉൾപ്പെടെ ഒരു പവൻ സ്വർണം വാങ്ങണമെങ്കിൽ 65,000 രൂപ നൽകേണ്ടിവരും. സ്വർണ വില ആദ്യമായാണ് അറുപതിനായിരം തൊടുന്നത്. പവന് 600 രൂപയാണ് ഇന്ന് വർധിച്ചത്. ഗ്രാമിന് 75 രൂപയും കൂടി. സ്വർണം ഗ്രാമിന് 7525 രൂപയിലെത്തി. ആഗോള വിപണിയിൽ സ്പോട് ഗോൾഡ് വില ട്രോയ് ഔൺസിന് 2,719 ഡോളറിലെത്തി. രാജ്യത്തെ കമ്മോഡിറ്റി എക്സ്ചേഞ്ച് ആയ എംസിഎക്സിൽ 10 ഗ്രാം 24 കാരറ്റ് സ്വർണ വില 81,413 രൂപയാണ്. നവംബർ മുതൽ ഫെബ്രുവരി വരെ സ്വർണത്തിന് സീസൺ സമയമാണ്. ഈ സീസൺ ഡിമാൻഡ് ആണ് സ്വർണവില ഉയരാൻ പ്രധാന കാരണം. ട്രംപിന്‍റെ വരവും ഇപ്പോൾ അമേരിക്കൻ ഭരണകൂടം എടുത്തുകൊണ്ടിരിക്കുന്ന നടപടികളും സ്വർണത്തിന്‍റെ വിലയെ സ്വാധീനിച്ചിട്ടുണ്ട്. ഡി ഡോളറൈസേഷൻ എതിരെ ശക്തമായ നടപടി ട്രംപ് എടുത്താൽ സ്വർണ വില ഇനിയും കൂടാനുള്ള സാധ്യതയുണ്ട്. അതേസമയം റഷ്യ-യുക്രൈന്‍ സംഘർഷത്തിൽ അയവുവന്നാൽ സ്വർണവില കുറഞ്ഞേക്കാമെന്നും വ്യാപാരികൾ പറയുന്നു. തുടർച്ചയായ രണ്ടാം ദിനമാണ് സ്വർണവില ഉയരുന്നത്. ഇന്നലെയും ഇന്നുമായി 720 രൂപയോളമാണ് സ്വർണത്തിന് വർധിച്ചത്. ജനുവരി ഒന്ന് മുതൽ സ്വർണവില ഉയരുന്നുണ്ട്. ചെറിയ ഇടിവുകൾ മാത്രമാണ് ഉണ്ടായത്. ജനുവരി ഒന്നിന് 57,200 ആയ സ്വർണവില രണ്ടാഴ്ച കഴിഞ്ഞപ്പോഴേക്ക് 59,000 ത്തിലേക്ക് എത്തി. ഇപ്പോൾ മൂന്നാഴ്ച പിന്നിടുമ്പോൾ 60000 കടന്നിരിക്കുകയാണ്, ഇസ്രായേലും ഹമാസും ഞായറാഴ്ച മുതൽ വെടിനിർത്തൽ കരാറിൽ ഒപ്പു വെച്ചിരുന്നു. എന്നാൽ അന്താരാഷ്ട്ര ഡോളർ വില കുത്തനെ ഉയർന്നതും രൂപയുടെ മൂല്യം ഇടിഞ്ഞതും സ്വർണവില ഉയരാൻ കാരണമായി.

Back to Top