യുഎഇ നിവാസികള്‍ക്ക് ഇനി മുതല്‍ സ്വന്തം സ്‌പോണ്‍സര്‍ഷിപ്പില്‍ സന്ദര്‍ശകവിസ; ബന്ധുക്കളെയും സുഹൃത്തുക്കളെയും രാജ്യത്തേക്ക് കൊണ്ടുവരാം

ദുബൈ: യുഎഇ നിവാസികള്‍ക്ക് ഇനി മുതല്‍ സ്വന്തം സ്‌പോണ്‍സര്‍ഷിപ്പില്‍ ബന്ധുക്കളെയും സുഹൃത്തുക്കളെയും സന്ദര്‍ശക വിസയില്‍ യുഎഇയിലേക്ക് കൊണ്ടുവരാം. 30, 60, 90 ദിവസ കാലാവധിയുള്ള വിസയില്‍ രാജ്യത്തേക്ക് കൊണ്ടുവരാനാണ് അനുമതിയെന്ന് ഫെഡറല്‍ അതോറിറ്റി ഫോര്‍ ഐഡന്റിറ്റി, സിറ്റിസണ്‍ഷിപ്പ്, കസ്റ്റംസ്, പോര്‍ട്ട് സെക്യൂരിറ്റി (ഐസിപി) വ്യക്തമാക്കി. ഐസിപി വെബ്‌സൈറ്റ്, സ്മാര്‍ട്ട് ആപ്പ് എന്നിവയിലൂടെ ഇതിനായി അപേക്ഷ സമര്‍പ്പിക്കാം. എന്നാല്‍ വിസ കാലാവധിക്കുശേഷം രാജ്യം വിടാത്തവര്‍ക്കെതിരെ പിഴ ചുമത്തുമെന്ന് ഐസിപി മുന്നറിയിപ്പു നല്‍കി. ഒന്നു മുതല്‍ 3 മാസം വരെ കാലാവധിയുള്ള സിംഗിള്‍ എന്‍ട്രി, ഒന്നിലേറെ തവണ യുഎഇയിലേക്ക് യാത്ര ചെയ്യാവുന്ന മള്‍ട്ടിപ്പിള്‍ എന്‍ട്രി വിസ എന്നിവയില്‍ ഒന്നു തിരഞ്ഞെടുക്കാം. വിസ ലഭിച്ചാല്‍ 60 ദിവസത്തിനകം യുഎഇയില്‍ പ്രവേശിച്ചാല്‍ മതിയാകും. ഐസിപി വെബ്‌സൈറ്റിലോ മൊബൈല്‍ ആപ്പിലോ ഡിജിറ്റല്‍ ഐഡി (യുഎഇ പാസ്) ഉപയോഗിച്ച് ലോഗിന്‍ ചെയ്ത ശേഷം വിസ ഓപ്ഷനില്‍ ക്ലിക്ക് ചെയ്തശേഷം സിംഗിള്‍ എന്‍ട്രിയോ മള്‍ട്ടിപ്പിള്‍ എന്‍ട്രിയോ സെലക്ട് ചെയ്യണം. പിന്നീട് വിസിറ്റ് എ റിലേറ്റീവ് ഓര്‍ ഫ്രണ്ട് എന്ന ഓപ്ഷനില്‍ ആവശ്യമുള്ള കാലാവധിയനുസരിച്ച് സെലക്ട് ചെയ്തത് വ്യക്തിഗത വിവരങ്ങള്‍ നല്‍കി ഫീസടച്ചാല്‍ തത്സമയം ഡിജിറ്റലായി തന്നെ വിസ ലഭിക്കും. വ്യക്തിയുടെ പേരും വിലാസവും തെറ്റുകൂടാതെ രേഖപ്പെടുത്തിയെന്ന് ഉറപ്പാക്കിയ ശേഷമേ അപേക്ഷ നല്‍കാവൂ. അപേക്ഷക്കുന്ന വ്യക്തിക്ക് 6 മാസ കാലാവധിയുള്ള പാസ്‌പോര്‍ട്ട്, മടക്കയാത്രാ ടിക്കറ്റ്, ആരോഗ്യ ഇന്‍ഷുറന്‍സ് എന്നിവ ഉണ്ടായിരിക്കണം. വിസ ഉടമ യുഎഇ പൗരന്റെയോ യുഎഇ വിസക്കാരന്റെയോ സുഹൃത്തോ ബന്ധുവോ ആയിരിക്കണെമന്ന നിബന്ധനയുണ്ട്. ഐസിപി നിര്‍ദേശിക്കുന്ന ഒന്ന്, രണ്ട് വിഭാഗത്തില്‍ ജോലി ചെയ്യുന്ന വിദേശികള്‍ക്കു മാത്രമേ സ്വന്തം സ്‌പോണ്‍സര്‍ഷിപ്പില്‍ ബന്ധുക്കള്‍ക്കും സുഹൃത്തുക്കള്‍ക്കും വിസ നല്‍കാനാവൂ. ബിരുദം അടിസ്ഥാന യോഗ്യത ആവശ്യമുള്ള തസ്തികയില്‍ തൊഴില്‍ ചെയ്യുന്നവരെയാണ് ഒന്ന്. ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും സമാഗമത്തിലൂടെ സന്തോഷവും സമാധാനവും വര്‍ധിപ്പിക്കുന്നതിനാണ് പുതിയ വിസ സൗകര്യം ഏര്‍പ്പെടുത്തിയതെന്ന അധികൃതര്‍ വ്യക്തമാക്കി. യുഎയിലെ പ്രവാസികള്‍ക്ക് കുടുംബാംഗങ്ങളെ സ്പോൺസർ ചെയ്യാൻ ഇനി 8000 ദിർഹം ശമ്പളം വേണം. കുറഞ്ഞ ശമ്പള പരിധി ഇരട്ടിയാക്കിയതാണ് പ്രവാസികൾക്ക് തിരിച്ചടിയായത്. ഇതോടെ വ്യക്തിഗത സ്പോൺസർഷിപ്പിൽ കുടുംബാംഗങ്ങളെ വിസിറ്റിംഗ് വിസയിൽ യുഎഇയിൽ കൊണ്ടുവരാനാണ് ഇനി മുതൽ 8,000 ദിർഹം മാസ ശമ്പളം വേണ്ടിയത്. 4,000 ദിർഹം ആയിരുന്നതാണ് ഇരട്ടിയാക്കി ഉയർത്തിയത്. മാസ ശമ്പളത്തിന് പുറമെ സ്വന്തം പേരിൽ താമസ സൗകര്യവും ഉള്ളവർക്കേ കുടുംബാംഗങ്ങളെ സ്വന്തം സ്പോൺസർഷിപ്പിൽ കൊണ്ടുവരാനാകൂ. അതേസമയം, 10,000 ദിർഹം ശമ്പളം ഉണ്ടെങ്കിൽ മാത്രമേ ഇനി മുതൽ പേരകുട്ടികളെ കൊണ്ടുവരാൻ സാധിക്കൂ. ദുബായ് താമസ–കുടിയേറ്റ വകുപ്പ് അധികൃതരാണ് ഇക്കാര്യം വ്യക്തമാക്കിയത്. എന്നാൽ, റസിഡൻസ് വിസയിൽ ഭാര്യയെയും മക്കളെയും കൊണ്ടുവരുന്നതിനുള്ള ശമ്പള പരിധി 4000 ദിർഹമായി തുടരും. അല്ലെങ്കിൽ 3000 ദിർഹം ശമ്പളവും സ്വന്തം പേരിൽ താമസ സൗകര്യവും ഉണ്ടായിരിക്കണം. 10,000 ദിർഹം ശമ്പളം ഉണ്ടെങ്കിൽ മാതാപിതാക്കളെ സ്പോൺസർ ചെയ്യാം. ഭാര്യയെയും മക്കളെയും കൊണ്ടുവരുന്നതിനു ശമ്പളത്തോടൊപ്പം 2 ബെഡ് റൂം ഫ്ലാറ്റും വേണമെന്നും വ്യവസ്ഥയുണ്ട്. സന്ദർശക വിസയിലുള്ള കുടുംബാംഗങ്ങളെ റസിഡൻസ് വിസയിലേക്കു മാറ്റാനും അനുമതിയുണ്ട്.