മാവുങ്കാലിൽ വൈദ്യുതി വാഹനങ്ങൾക്കായി ചാർജിങ് സ്റ്റേഷൻ ഒരുങ്ങി

Share

കാഞ്ഞങ്ങാട്: കെഎസ്ഇബി വൈദ്യുതി വാഹനങ്ങൾക്കായി ജില്ലയിൽ ചാർജിങ് സ്റ്റേഷൻ ഒരുക്കി. മാവുങ്കാല്‍ സബ് സ്റ്റേഷനോട് ചേര്‍ന്നു നിര്‍മിച്ച കെഎസ്ഇബി ഇലക്ട്രോണിക് വെഹിക്കിൾ ചാർജിങ് സ്റ്റേഷൻ ഡിസംബർ 1ന് മന്ത്രി കെ.കൃഷ്ണൻ കുട്ടി ഓൺലൈൻ വഴി ഉദ്ഘാടനം ചെയ്യും.മന്ത്രി ആന്റണി രാജു പങ്കെടുക്കും.ഇ.ചന്ദ്രശേഖരൻ എംഎൽഎ അധ്യക്ഷത വഹിക്കും.

രാജ്മോഹൻ ഉണ്ണിത്താൻ എംപി മുഖ്യാതിഥിയാവും. പരിസ്ഥിതി മലിനീകരണം ലഘൂകരിക്കുക, ഊർജ സുരക്ഷ ഉറപ്പാക്കുക, പെട്രോൾ വില വർധന മൂലമുള്ള പ്രയാസം ഗണ്യമായി കുറയ്ക്കുക തുടങ്ങിയ ലക്ഷ്യങ്ങളോടെ കേരള സർക്കാർ പ്രഖ്യാപിച്ച ഇലക്ട്രോണിക് വെഹിക്കിൾ പോളിസിയുടെ ഭാഗമായാണ് കെഎസ്ഇബിയുടെ നേതൃത്വത്തിൽ ഫാസ്റ്റ് ചാർജിങ് സ്റ്റേഷൻ ഒരുക്കിയത്.ജില്ലയിൽ കെഎസ്ഇബിയുടെ ആദ്യത്തെ ചാർജ് സ്റ്റേഷനാണിത്.വൈദ്യുതി വകുപ്പ് സംസ്ഥാനത്ത് പൂർത്തിയായ 56 ഫാസ്റ്റ് ചാർജിങ് സ്റ്റേഷനുകളിൽ ഒന്നാണിത്. ഒപ്പം ഓട്ടോകൾക്കും ഇരുചക്ര വാഹനങ്ങൾക്കും ചാർജ് ചെയ്യാൻ കഴിയുന്ന തരത്തിൽ സംസ്ഥാനത്ത് 1165 പോൾ മൗണ്ടഡ് ചാർജിങ് സെന്ററുകളുടെ നിർമാണം പുരോഗമിക്കുകയാണ്.

പദ്ധതിയുടെ ഭാഗമായി ജില്ലയിൽ 37 പോൾ മൗണ്ടഡ് ചാർജിങ് കേന്ദ്രങ്ങൾ സ്ഥാപിക്കും. ജില്ലയിൽ 38 ഇടങ്ങളിലായുള്ള ചാർജിങ് ശൃംഖലയാണ് കെഎസ്ഇബി ഒരുക്കുക. കാഞ്ഞങ്ങാട്-പാണത്തൂർ സംസ്ഥാന പാതയിൽ മാവുങ്കാൽ കെഎസ്ഇബി സബ് സ്റ്റേഷനോട് ചേർന്നാണ് ചാർജിങ് സ്റ്റേഷൻ നിർമിച്ചത്.

ഇവിടെ നിന്നു 4 വാഹനങ്ങൾക്ക് ഒരേ സമയം ചാർജ് ചെയ്യാം. ഇവയെല്ലാം ഫാസ്റ്റ് ചാർജിങ് പോയിന്റുകളാണ്. ഒരു മണിക്കൂറിൽ താഴെ മതി ഒരു വാഹനം ചാർജ് ചെയ്യാൻ. പ്രധാന റോഡുകളിൽ ഓരോ 20 കിലോമീറ്ററിനും ഇത്തരത്തിലുള്ള ചാർജിൽ പോയിന്റുകൾ ഒരുക്കുകയാണ് അധികൃതരുടെ ലക്ഷ്യം. മാവുങ്കാലിന് പുറമേ പടന്നക്കാട് തോട്ടം ഗേറ്റിന് സമീപം അനർട്ടിന്റെ ചാർജിങ് പോയിന്റ് ഉണ്ട്.

Back to Top