ടാറ്റാ കൊവിഡ് ആശുപത്രി പൂട്ടാന്‍ നീക്കം.

Share

ടാറ്റാ കൊവിഡ് ആശുപത്രി പൂട്ടാന്‍ നീക്കം

കാസർഗോഡ് തെക്കിലിലെ ടാറ്റാ കൊവിഡ് ആശുപത്രി പൂട്ടാന്‍ നീക്കം. ആശുപത്രിയിലെ ജീവനക്കാരനെ ജില്ലയിലെ മറ്റ് ആരോഗ്യ കേന്ദ്രങ്ങളിലേക്ക് മാറ്റാനും ഉപകരണങ്ങളും മരുന്നുകളും തിരികെയെടുക്കാനും ആരോഗ്യവകുപ്പ് നീക്കം തുടങ്ങി. 2020 ഒക്ടോബര്‍ 26 നായിരുന്നു ടാറ്റ ആസ്പത്രിയില്‍ കോവിഡ് ചികിത്സ തുടങ്ങിയത്. കൊവിഡ് കേസുകള്‍ കുറഞ്ഞതോടെ ഇവിടെ എത്തുന്ന രോഗികള്‍ പകുതിയും കുറഞ്ഞു. കഴിഞ്ഞ കുറേ മാസങ്ങളായി മൂന്നില്‍ താഴെ രോഗികള്‍ വീതമാണ് ആസ്പത്രിയിലുണ്ടായിരുന്നത്.വിദേശത്തു നിന്നെത്തിയ മങ്കിപോക്‌സ് ലക്ഷണമുണ്ടായിരുന്ന ആളും കോവിഡ് ബാധിതനുമായിരുന്നത്രേ അവസാനമായി ആശുപത്രിയില്‍ ചികിത്സ തേടി എത്തിയത്. സ്‌പെഷ്യാലിറ്റി ഡോക്ടര്‍മാര്‍ ഉള്‍പ്പെടെ 191 പേരായിരുന്നു ഇവിടെ ഉണ്ടായിരുന്നത്. കൊവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തിലായിരുന്നു ഇത്രയും ആരോഗ്യപ്രവര്‍ത്തകരെ നിയമിച്ചത്. എന്നാല്‍ കേസുകള്‍ കുറഞ്ഞതോടെ ഇവരില്‍ 170 പേരെ മറ്റ് ആശുപത്രികളിലക്ക് മാറ്റിയിരുന്നു. കഴിഞ്ഞ ദിവസങ്ങളിലായി ഉപകരണങ്ങളും മാറ്റി തുടങ്ങി. ഒരുകോടിയിലേറെ വിലവരുന്ന ഉപകരണങ്ങള്‍ ജില്ലാ ആസ്പത്രി, കാസര്‍കോട് ജനറല്‍ ആസ്പത്രി, കാഞ്ഞങ്ങാട് അമ്മയും കുഞ്ഞും ആസ്പത്രി എന്നിവിടങ്ങളിലേക്കാണ് മാറ്റിയത്. ബാക്കി വരുന്ന ഉപകരണങ്ങള്‍ വൈകാതെ തന്നെ മാറ്റിയേക്കുമെന്നാണ് സൂചന. അതേസമയം ആശുപത്രിയെ മെഡിക്കല്‍ ആന്‍ഡ് അലൈഡ് സ്‌പെഷ്യാലിറ്റി ആസ്പത്രിയായി ഉയര്‍ത്താന്‍ നടപടി വേണമെന്ന് ജൂണില്‍ ചേര്‍ന്ന ജില്ലാതല യോഗത്തില്‍ ആവശ്യം ഉയര്‍ന്നിരുന്നു. ഇക്കാര്യം സര്‍ക്കാരില്‍ സമര്‍പ്പിക്കപ്പെട്ടെങ്കിലും നടപടികള്‍ ഒന്നും ആരംഭിച്ചിട്ടില്ല.

Back to Top