ഇരട്ടഗോളുകളുടെ മികവിൽ ബ്രസീലിനു വിജയത്തുടക്കം 2-0

ഇരട്ടഗോളുകളുടെ മികവിൽ ബ്രസീലിനു വിജയത്തുടക്കം. 62, 73 മിനിറ്റുകളിലായിരുന്നു ഗോളുകൾ. ആദ്യപകുതിയിലും ഇടവേളയ്ക്കു ശേഷം കാൽമണിക്കൂറോളവും സെർബിയ ബ്രസീൽ മുന്നേറ്റങ്ങളെ പ്രതിരോധിച്ചുനിന്നു. ഈ പൂട്ടു പൊളിക്കാൻ നിരന്തരം ആക്രമണം അഴിച്ചുവിട്ടതിനു പിന്നാലെയാണ് ഈ ലോകകപ്പിൽ ബ്രസീലിന്റെ കന്നിഗോൾ പിറന്നത്.
നെയ്മാറിന്റെ പാസ് സ്വീകരിച്ച് ബോക്സിന്റെ ഇടതുവശത്തുനിന്ന് വിനീസ്യൂസ് ജൂനിയർ തൊടുത്ത ഷോട്ട് സെർബിയൻ ഗോൾകീപ്പർ വാന്യ മിലിങ്കോവിച്ച്–സാവിച്ച് തട്ടിയകറ്റിയപ്പോൾ ബോക്സിനകത്തുണ്ടായിരുന്ന റിച്ചാലിസണ് ലഭിച്ചത് . ഉജ്വലമായ വലംകാൽ ഷോട്ട് വലയിൽ(1–0). 11 മിനിറ്റിനകം വീണ്ടും വിനീസ്യൂസ്– റിച്ചാലിസൺ കൂട്ടുകെട്ട്. ബോക്സിനകത്തേക്ക് വിനീസ്യൂസിന്റെ മനോഹരമായ ക്രോസ് ഇടംകാലിൽ സ്വീകരിച്ച്, അഭ്യാസിയെപ്പോലെ വായുവിൽ വെട്ടിത്തിരിഞ്ഞ് വലംകാൽ കൊണ്ട് റിച്ചാലിസണിന്റെ ബൈസിക്കിൾ കിക്ക് വലയ്ക്കകത്തേക്ക്. ഈ ലോകകപ്പിൽ ഇതുവരെ പിറന്നതിൽ ഏറ്റവും സുന്ദരമായ ഗോൾ (2–0).
നിശ്ചയദാർഢ്യത്തോടെ പൊരുതിയ സെർബിയൻ പ്രതിരോധനിര ആദ്യപകുതിയിൽ ബ്രസീലിന് അവസരങ്ങൾ നൽകിയതേയില്ല. 35–ാം മിനിറ്റിൽ ഗോൾകീപ്പർ വാന്യ മിലിങ്കോവിച്ച്–സ്ലാവിച്ച് മാത്രം മുന്നിൽ നിൽക്കെ ലഭിച്ച റാഫിഞ്ഞയുടെ ദുർബലമായ ഷോട്ടിനൊടുവിൽ പന്ത് ഗോൾകീപ്പറുടെ കൈകളിൽ വിശ്രമിച്ചു. പിന്നീട് രണ്ടാംപകതിയുടെ തുടക്കത്തിലും റാഫിഞ്ഞ സമാന അവസരം തുലച്ചു. പരുക്കൻ അടവുകളിലൂടെ ബ്രസീലിയൻ ആക്രമണങ്ങളുടെ മുനയൊടിക്കാൻ മടിക്കാതിരുന്ന സെർബിയൻ താരങ്ങൾ നെയ്മാറിനെ തിരഞ്ഞുപിടിച്ചെന്ന പോലെ ടാക്കിൾ ചെയ്തു വീഴ്ത്തി. ഉയരം കൂടിയ സെർബിയൻ താരങ്ങൾ ആകാശപ്പോരാട്ടത്തിലും നെയ്മാറിനും സംഘത്തിനും കനത്ത വെല്ലുവിളി ഉയർത്തി.