വിൽപന ചോദ്യം ചെയ്തു; ലഹരി മാഫിയ സംഘത്തിന്റെ കുത്തേറ്റ് ബന്ധുക്കളായ രണ്ടുപേർ മരിച്ചു

Share

വിൽപന ചോദ്യം ചെയ്തു; ലഹരി മാഫിയ സംഘത്തിന്റെ കുത്തേറ്റ് ബന്ധുക്കളായ രണ്ടുപേർ മരിച്ചു

തലശ്ശേരി: ലഹരി മാഫിയയുമായി ബന്ധപ്പെട്ട തർക്കത്തെത്തുടർന്ന് സി.പി.എം പ്രവർത്തകരായ രണ്ടുപേർ കുത്തേറ്റ് മരിച്ചു. ഒരാൾ ആശുപത്രിയിൽ. തലശ്ശേരി നെട്ടൂർ ഇല്ലിക്കുന്ന്‌ ത്രിവർണ ഹൗസിൽ കെ. ഖാലിദ് (52), സഹോദരി ഭർത്താവും സി.പി.എം നെട്ടൂർ ബ്രാഞ്ചംഗവുമായ ത്രിവർണ ഹൗസിൽ പൂവനാഴി ഷമീർ (40) എന്നിവരാണ് മരിച്ചത്. സുഹൃത്ത്‌ നെട്ടൂർ സാറാസിൽ ഷാനിബിനെ (29) തലശ്ശേരി സഹകരണ ആശുപത്രിയിൽ പ്രവേശിപ്പിച്ചു._

_ബുധനാഴ്‌ച വൈകീട്ട്‌ നാലോടെ സഹകരണ ആശുപത്രിക്കടുത്താണ്‌ ആക്രമണം. ആശുപത്രിയിൽനിന്ന്‌ വിളിച്ചിറക്കിയാണ് ഖാലിദിനെ കുത്തിക്കൊന്നത്. നാലംഗ സംഘമാണ് ആക്രമണത്തിന് പിന്നിലെന്ന് പൊലീസ് പറഞ്ഞു._
നേർരേഖ വാർത്താ കൂട്ടായ്മ
_ലഹരി വിൽപനയെ ചോദ്യംചെയ്‌ത ഷമീറിന്റെ മകൻ ഷബീലിനെ (20) ബുധനാഴ്‌ച ഉച്ചക്ക്‌ ഇല്ലിക്കുന്ന് ചിറക്കക്കാവിനടുത്ത ജാക്‌സൺ മർദിച്ചിരുന്നു. സഹകരണ ആശുപത്രിയിൽ പ്രവേശിപ്പിച്ചതറിഞ്ഞ്‌ അനുരഞ്ജനത്തിനെന്ന വ്യാജേനയാണ്‌ സംഘം ഖാലിദ്‌ അടക്കമുള്ളവരെ റോഡിലേക്ക്‌ വിളിച്ചിറക്കിയത്‌._

_സംസാരത്തിനിടയിൽ കത്തികൊണ്ട് ഖാലിദിന്റെ കഴുത്തിന്‌ വെട്ടുകയായിരുന്നു. തടയാൻ ശ്രമിച്ച ഷമീറിന്റെ പുറത്തും ശരീരത്തിന്റെ മറ്റുഭാഗങ്ങളിലും കുത്തേറ്റു. ഷമീർ ആശുപത്രിയിലെത്തിക്കുന്നതിനിടെയാണ് മരിച്ചത്._

_പരേതരായ മുഹമ്മദ്‌ -നബീസ ദമ്പതികളുടെ മകനാണ്‌ കൊല്ലപ്പെട്ട ഖാലിദ്‌. മത്സ്യത്തൊഴിലാളിയാണ്‌. ഭാര്യ: സീനത്ത്‌. മക്കൾ: പർവീന, ഫർസീൻ. മരുമകൻ: റമീസ്‌ (പുന്നോൽ). സഹോദരങ്ങൾ: അസ്‌ലം ഗുരുക്കൾ, സഹദ്‌, അക്‌ബർ (ഇരുവരും ടൈലർ), ഫാബിത, ഷംസീന. മൃതദേഹം ജനറൽ ആശുപത്രി മോർച്ചറിയിൽ. കണ്ണൂർ ഗവ. മെഡിക്കൽ കോളജ്‌ ആശുപത്രിയിൽ പോസ്‌റ്റ്‌മോർട്ടത്തിനുശേഷം ആമുക്കപള്ളി ഖബർസ്ഥാനിൽ വ്യാഴാഴ്‌ച ഖബറടക്കും._

_പരേതരായ ഹംസ-ആയിഷ ദമ്പതികളുടെ മകനാണ്‌ കൊല്ലപ്പെട്ട ഷമീർ. തലശ്ശേരി പഴയ ബസ് സ്റ്റാൻഡിനു സമീപം ഫ്രൂട്ട്സ് ചുമട്ടു തൊഴിലാളിയാണ്. ഭാര്യ: ഷംസീന. മക്കൾ: മുഹമ്മദ്‌ ഷബിൽ, ഫാത്തിമത്തുൽ ഹിബ ഷഹൽ. സഹോദരങ്ങൾ: നൗഷാദ്‌, റസിയ, ഹയറുന്നീസ._

Back to Top