ജപ്പാന് മുൻപിൽ ജർമൻ പട വീണു

Share

ദോഹ : രണ്ടാം പകുതിയിൽ പുറത്തെടുത്ത ഉജ്വല പോരാട്ട വീര്യത്തിൽ ജർമനി ഖലീഫ സ്റ്റേഡിയത്തിൽ കാലിടറി വീണു . ആദ്യപകുതിയിൽ തീർത്തും ദയനീയ പ്രകടനവുമായി നിരാശപ്പെടുത്തിയ ജപ്പാന്, രണ്ടാം പകുതിയിലെ വിസ്മയ പ്രകടനത്തോടെ ഖത്തർ ലോകകപ്പിൽ അട്ടിമറി ജയം. കഴിഞ്ഞ ലോകകപ്പിലെ മോശം പ്രകടനത്തിനു പകരം വീട്ടാനെത്തിയ ജർമനയെ, ഒന്നിനെതിരെ രണ്ടു ഗോളുകൾക്കാണ് ജപ്പാൻ അട്ടിമറിച്ചത്. ഖത്തർ ലോകകപ്പിൽ സൗദി അറേബ്യ അർജന്റീനയെ വീഴ്ത്തിയതിനു പിന്നാലെ, വീണ്ടും മറ്റൊരു വമ്പൻ അട്ടിമറി.

പകരക്കാരായി ഇറങ്ങിയ റിറ്റ്സു ഡൊവാൻ (75), ടകൂമ അസാനോ (83) എന്നിവരാണ് ജപ്പാനായി ഗോൾ നേടിയത്. ജർമനിയുടെ ഗോൾ ആദ്യ പകുതിയുടെ 33–ാം മിനിറ്റിൽ പെനൽറ്റിയിൽനിന്ന് ഇകായ് ഗുണ്ടോകൻ നേടി.ബോക്സിലേക്ക് ജർമനി നടത്തിയ അലകടലായുള്ള ആക്രമണങ്ങളുടെ തുടർച്ചയായിരുന്നു പെനൽറ്റി. ജപ്പാൻ താരം സകായിയെ കാഴ്ചക്കാരനാക്കി ജോഷ്വ കിമ്മിച്ചിന്റെ പന്ത് ബോക്സിനുള്ളിൽ ഡേവിഡ് റൗവുമിലേക്ക്. പന്തുമായി മുന്നോട്ടുകയറിയ റൗവുമിനെ തടയാൻ ജപ്പാൻ ഗോൾകീപ്പർ മുന്നോട്ട്. ഇതിനിടെ പന്തുമായി വെട്ടിത്തിരിച്ച താരത്തെ ജപ്പാൻ ഗോൾകീപ്പർ വീഴ്ത്തി. ഒരു നിമിഷം പോലും പാഴാക്കാതെ റഫറി പെനൽറ്റി സ്പോട്ടിലേക്ക് വിരൽ ചൂണ്ടി. കിക്കെടുത്ത ഗുണ്ടോഗൻ അനായാസം ലക്ഷ്യം കണ്ടു. സ്കോർ 1–0.

പകരകാരായി എത്തിയ മൂന്നു താരങ്ങളുടെ അപാര കോംബിനേഷനിലാണ് ജപ്പാന്റെ സമനില ഗോൾ പിറന്നത്. ഇടതുവിങ്ങിലൂടെ കവോരു മിട്ടോമ നടത്തിയ മുന്നേറ്റത്തിൽ നിന്നാണ് ജപ്പാൻ കാത്തിരുന്ന ആദ്യ ഗോളെത്തിയത്. മിട്ടോമയുടെ മുന്നേറ്റത്തിനൊടുവിൽ പന്ത് ബോക്സിനുള്ളിൽ ടകൂമി മിനാമിനോയിലേക്ക്. പോസ്റ്റിന് ഏറെക്കുറെ നേർരേഖയിൽനിന്ന് മിനാമനോ തൊടുത്ത ഷോട്ട് ജർമൻ‌ ഗോൾകീപ്പർ മാനുവൽ ന്യൂയർ തടുത്തിട്ടു. റീബൗണ്ടിൽ പന്തു ലഭിച്ച റിറ്റ്സു ഡൊവാന്റെ തകർപ്പൻ വോളി ജർമൻ വല തുളച്ചു.  സമനില ഗോൾ നേടിയതോടെ ജപ്പാൻ ഒന്നുകൂടി ശക്തരാകുന്ന കാഴ്ചയായിരുന്നു ഖലീഫ സ്റ്റേഡിയത്തിൽ. എട്ടു മിനിറ്റിനുള്ളിൽ അവർക്ക് അതിന്റെ പ്രതിഫലവും ലഭിച്ചു. ഇത്തവണയും ജപ്പാനായി ലക്ഷ്യം കണ്ടത് മറ്റൊര പകരക്കാരൻ; 18–ാം നമ്പർ താരം ടകൂമോ അസാനോ. ജപ്പാന് അനുകൂലമായി ലഭിച്ച ഫ്രീകിക്കിൽ നിന്നായിരുന്നു ഗോളിലേക്ക് എത്തിയ നീക്കത്തിന്റെ തുടക്കം. സ്വന്തം പകുതിയിൽനിന്ന് ഇട്ടകുരയെടുത്ത ഫ്രീകിക്ക് അസാനോയിലേക്ക്. ജർമൻ ബോക്സ് ലക്ഷ്യമാക്കി കുതിച്ചുപാഞ്ഞ അസാനോ, പ്രതിരോധിക്കാനെത്തിയ ജർമൻ താരം ഷലോട്ടർബെക്കിനെ മനോഹരമായി കബളിപ്പിച്ച് ബോക്സിനുള്ളിൽ. ഏറെക്കുറെ അസാധ്യമെന്നു തോന്നുന്ന ആംഗിളിൽനിന്ന് അസാനോ പായിച്ച ഷോട്ട് ന്യൂയർക്ക് യാതൊരു അവസരവും നൽകാതെ വലയിൽ സ്കോർ 2–1.

Back to Top