മിന്നും ജയവുമായി ഫ്രാൻസ്

Share

ദോഹ∙ ലോകകപ്പ് ഫുട്ബോളിൽ ഓസ്ട്രേലിയെ തകര്‍ത്ത് ആദ്യ മത്സരം ഗംഭീരമാക്കി നിലവിലെ ചാംപ്യൻമാരായ ഫ്രാൻസ്. ഒന്നിനെതിരെ നാലു ഗോളുകൾക്കാണു ഫ്രാൻസിന്റെ വിജയം. ഫ്രാൻസിനായി അഡ്രിയൻ റാബിയറ്റ് (27), കിലിയൻ എംബപെ (68), ഒലിവർ ജിറൂദ് (32,71) എന്നിവർ വല കുലുക്കി. 9–ാം മിനിറ്റിൽ ക്രെയ്ഗ് ഗുഡ്‍വിനിലൂടെ മുന്നിലെത്തിയ ശേഷമാണ് ഓസ്ട്രേലിയ നാലു ഗോളുകൾ വഴങ്ങിയത്. ഇരട്ട ഗോൾ നേട്ടത്തോടെ ഫ്രാൻസിനായി കൂടുതൽ ഗോൾ നേടിയ താരമെന്ന റെക്കോർ‍ഡിൽ തിയറി ഹെൻറിക്കൊപ്പം ജിറൂദുമെത്തി. ഇരുവർക്കും 51 ഗോൾ വീതമുണ്ട്.

മത്സരത്തിൽ തുടക്കം മുതൽ ഫ്രാൻസ് മികച്ച ആക്രമണമാണു പുറത്തെടുത്തത്. രണ്ടാം മിനിറ്റിൽ ഒസ്മാന്‍ ഡെംബലെയുടെ ഷോട്ട് ബോക്സിന്റെ അറ്റത്തുനിന്നും ഓസ്ട്രേലിയൻ പ്രതിരോധം തട്ടിയകറ്റി. അഞ്ചാം മിനിറ്റിൽ കിലിയൻ എംബപെയുടെ മുന്നേറ്റവും ലക്ഷ്യം കണ്ടില്ല. പൊസഷൻ നിലനിർത്താനുള്ള ശ്രമത്തിനിടെ 9–ാം മിനിറ്റിലാണ് ഓസ്ട്രേലിയയുടെ ഗോളെത്തിയത്

ഗോൾ വീണതോടെ ആക്രമിച്ചു കളിച്ച ഫ്രാന്‍സ് 27–ാം മിനിറ്റിൽ അഡ്രിയൻ റാബിയറ്റിലൂടെയും 32–ാം മിനിറ്റില്‍ ഒലിവർ ജിറൂദിലൂടെയും ലക്ഷ്യം കണ്ടു. ഫ്രാൻസിനായി ജിറൂദിന്റെ 50–ാം ഗോളാണ് ഓസ്ട്രേലിയയ്ക്കെതിരെ 27–ാം മിനിറ്റിൽ നേടിയത്. ആദ്യപകുതി അവസാനിക്കുമ്പോൾ പന്തടക്കത്തിലും ഷോട്ട്, പാസുകളുടെ എണ്ണത്തിലും ഫ്രാൻസ് മുന്നിലെത്തി. 43-ാം മിനിറ്റിൽ കിലിയൻ എംബപെ ഗോളെന്നുറപ്പിച്ച അവസരം നഷ്ടപ്പെടുത്തിയത് ഫ്രഞ്ച് ആരാധകർക്കു നിരാശയായി.
രണ്ടാം പകുതിയുടെ തുടക്കം മുതൽ കളി പൂർണമായും ഫ്രാൻസ് നിയന്ത്രണത്തിലാക്കി. ഫ്രഞ്ച് സ്ട്രൈക്കർമാരും ഓസ്ട്രേലിയൻ പ്രതിരോധവും നിരന്തരം നേർക്കുനേര്‍വന്നു. രണ്ടാം പകുതിയിലും മികച്ച അവസരങ്ങൾ പലതു നഷ്ടമാക്കിയ കിലിയൻ എംബപെ 68–ാം മിനിറ്റിൽ ലക്ഷ്യം കണ്ടു. ഡെംബലെയുടെ അസിസ്റ്റിലാണ് ഫ്രാന്‍സ് മത്സരത്തിലെ മൂന്നാം ഗോൾ സ്വന്തമാക്കിയത്. 71–ാം മിനിറ്റിൽ ജിറൂദ് രണ്ടാം ഗോൾ ഉറപ്പിച്ചു.

Back to Top