ആതിഥേയരായ ഖത്തറിനെ തോൽപ്പിച്ച് ഇക്വഡോറിന് ലോകകപ്പിലെ ആദ്യ മത്സരത്തിൽ തകർപ്പൻ വിജയം.

Share

ദോഹ :വർണാഭമായ ഉദ്ഘാടനച്ചടങ്ങിന്റെ ആവേശം കെടും മുൻപേ ഗാലറി നിറച്ചെത്തിയ ആരാധകർക്കു നടുവിൽ ഉദ്ഘാടന മത്സരത്തിനിറങ്ങിയ ഖത്തറിനെ ഇക്വഡോർ തോൽപിച്ചു.  ഖത്തർ ലോകകപ്പിലെ ആദ്യ മത്സരത്തിൽ ഇരട്ടഗോളുകളുമായി മുന്നിൽ നിന്നു നയിച്ച ക്യാപ്റ്റൻ എന്നർ വലൻസിയയുടെ മികവിൽ ആതിഥേയർക്കെതിരെ ഇക്വഡോറിന് തകർപ്പൻ വിജയം. ഏകപക്ഷീയമായ രണ്ടു ഗോളുകൾക്കാണ് ഇക്വഡോർ ഖത്തറിനെ വീഴ്ത്തിയത്. ലോകകപ്പിന്റെ ഉദ്ഘാടന മത്സരത്തിൽ ആതിഥേയർ പരാജയപ്പെടുന്നത് ഇതാദ്യമായാണ്.

മത്സരത്തിന്റെ ആദ്യ പകുതിയിലാണ് രണ്ടു ഗോളുകളും പിറന്നത്. 16, 31 മിനിറ്റുകളിലായിരുന്നു വലൻസിയയുടെ ഗോളുകൾ. മത്സരത്തിന്റെ മൂന്നാം മിനിറ്റിൽത്തന്നെ വിവാദപരമായ തീരുമാനത്തിലൂടെ റഫറി നിഷേധിച്ച ഗോൾ കൂടിയുണ്ടായിരുന്നെങ്കിൽ ഇക്വഡോർ നായകന് ആദ്യ പകുതിയിൽത്തന്നെ ഹാട്രിക് തികയ്ക്കാനും അവസരമുണ്ടായിരുന്നു. വിജയത്തോടെ ഗ്രൂപ്പ് എയിൽ ഇക്വഡോറിന് മൂന്നു പോയിന്റായി.

ഫിഫ റാങ്കിങ്ങിൽ 50-ാം സ്ഥാനത്താണ് ആതിഥേയരായ ഖത്തർ ഫുട്ബോൾ ടീം. ഇക്വഡോർ 44-ാം സ്ഥാനത്തും. ഇനി വെള്ളിയാഴ്ച സെനഗലിനെതിരെയാണ് ഖത്തറിന്റെ അടുത്ത മത്സരം. അന്നു തന്നെ ഇക്വഡോർ നെതർലൻഡ്സിനെയും നേരിടും.
ആദ്യപകുതിയിലെ ചിതറിയ കളിയെ അപേക്ഷിച്ച് രണ്ടാം പകുതിയിൽ ആതിഥേയർ കുറച്ചുകൂടി ഒത്തിണക്കം കാട്ടിയെങ്കിലും, ഗോൾസ്പർശമുള്ള നീക്കങ്ങളൊന്നും സൃഷ്ടിക്കാനാകാതെ പോയതോടെ ആദ്യപകുതിയിൽ വഴങ്ങിയ രണ്ടു ഗോളുകൾ മത്സരഫലം നിർണയിച്ചു. ആവേശഭരിതമായ മത്സരത്തിൽ പന്തടക്കത്തിലും പാസിങ്ങിലുമെല്ലാം ആധിപത്യം സ്ഥാപിച്ചാണ് ഇക്വഡോർ വിജയം പിടിച്ചത്.
ജെഗ്സൻ മെൻഡസിന്റെ പാസ് സ്വീകരിച്ച് ബോക്സിലേക്ക് കടന്ന ഇക്വഡോർ ക്യാപ്റ്റൻ വലൻസിയയെ ഖത്തർ ഗോൾകീപ്പർ സാദ് അൽ ഷീബ് ബോക്സിനുള്ളിൽ വീഴ്ത്തിയതിനാണ് 16–ാം മിനിറ്റിൽ റഫറി ഇക്വഡോറിന് പെനൽറ്റി അനുവദിച്ചത്. പെനൽറ്റി എടുക്കാനെത്തിയ വലൻസിയ, അൽ ഷീബിനെ വീഴ്ത്തി അനായാസം ലക്ഷ്യം കണ്ടു. സ്കോർ 1–0.
ഇക്വഡോർ രണ്ടാം ഗോൾ: തുടർന്നും കളം അടക്കിഭരിച്ച ഇക്വഡോറിനായി 31–ാം മിനിറ്റിൽ വലൻസിയ തന്നെ വീണ്ടും ലക്ഷ്യം കണ്ടു. ഇത്തവണ വലതുവിങ്ങിൽനിന്ന് എയ്ഞ്ചലോ പ്രസിയാഡോ ഉയർത്തി നൽകിയ പന്തിൽ വലൻസിയ തൊടുത്ത കിടിലൻ ഹെഡർ ഖത്തർ ഗോൾകീപ്പർ അൽ ഷീബിനെ കീഴടക്കി പോസ്റ്റിന്റെ ഇടതുമൂലയിലൂടെ വലയിൽ കയറി. സ്കോർ 2–0.

Back to Top