മർച്ചന്റ് നേവിയിൽ ജോലി : ഏജൻസികളിലൂടെ നിരവധി പേർ കബളിപ്പിക്കപ്പെടുന്നു 

Share

കരുതൽ നിർദേശവുമായി മുംബൈ ഡി.ജി.യുടെ സർക്കുലർ

മർച്ചന്റ് നേവിയിൽ ജോലി തേടിപ്പോകുന്നവരുടെ എണ്ണം വർധിച്ചു വരുന്ന സാഹചര്യത്തിൽ കള്ളനാണയങ്ങളെ തിരിച്ചറിയാനുള്ള ഒട്ടേറെ നിർദ്ദേശളുമായി കേന്ദ്ര ഷിപ്പിങ് മന്ത്രാലയത്തിന്റെ കീഴിൽ പ്രവർത്തിക്കുന്ന മുംബൈയിലെ ഡയറക്ടർ ജനറൽ ഓഫ് ഷിപ്പിങ് (ഡി.ജി. ഷിപ്പിങ്) ജീവനക്കാരുടെ അറിവിലേക്കായി പ്രത്യേക സർക്കുലർ പുറപ്പെടുവിച്ചു.ആദ്യമായാണ് ഡി.ജി ഓഫീസിൽ നിന്ന് ഈവിധം ഒരു പൊതു സർക്കുലർ പുറപ്പെടുവിക്കുന്നത്. ഏജൻസികൾക്ക് ലക്ഷങ്ങൾ നൽകി ജോലി തേടി വഞ്ചിക്കപ്പെട്ടവർ, അവരുടെ കുടുംബാംഗങ്ങൾ,കപ്പലോട്ട തൊഴിലാളി സംഘടനകൾ എന്നിവരുടെ പരാതികളുടെയും ഐ.ടി.എഫ്. ന്റെ (ഇന്റർനാഷണൽ ട്രാൻസ്‌പോർട് വർക്കേഴ്സ് ഫെഡറേഷൻ) റിപ്പോർട്ടിന്റെയും വെളിച്ചത്തിലാണ് ഉപദേശ രൂപത്തിൽ അനുബന്ധ കൂട്ടിചേർക്കൽ അടക്കം 36 പേജുള്ള അസാധാരണമായ സർക്കുലർ ഡി. ജി. ഓഫീസിൽ നിന്ന് പുറപ്പെടുവിച്ചത്.

വാണിജ്യ കപ്പലുകളിൽ ജി.പി. റേറ്റിംഗ്, സലൂൺ റേറ്റിംഗ്, ഡെക്ക്, എഞ്ചിൻ ഓഫീസർന്മാർ, എലക്ട്രിഷ്യൻ വിഭാഗങ്ങളിൽ ജോലി നേടാനുള്ള അംഗീകൃത പരിശീലന കേന്ദ്രങ്ങളുടെയും കപ്പലുകളിൽ ജോലിക്കാരെ റിക്രൂട്ട് ചെയ്യാനുള്ള അംഗീകൃത ഏജൻസികളുടെയും പേരുവിവര പട്ടിക സർക്കുലറിൽ ചേർത്തിട്ടുണ്ട്.

നിർദിഷ്ട പരിശീലനത്തിന് ശേഷം കപ്പലിൽ ജോലി നേടാനുള്ള ആധികാരിക പ്രമാണമായ സി.ഡി.സി.യും അനുബന്ധ രേഖകളുമായി ജോലിക്കായി സമീപിക്കേണ്ടത് ഇന്ത്യൻ രജിസ്റ്റർഡ് ആർ.പി.എസ്. (റിക്രൂട്ട്മെന്റ് ആൻഡ് പ്ലയ്സ്‌മെന്റ് ഓഫ് സീഫെയറെഴ്സ്) ഏജൻസികളെയാണ്. ആർ.പി.എസ്. അംഗീകാരമില്ലാത്ത ഏജൻസികളിലൂടെ ജോലി തേടി പോകുന്നവർ പല വിധത്തിൽ ചതിയിൽ പെട്ടുപോകുന്ന സാഹചര്യത്തിലാണ് ഡി.ജി.ഷിപ്പിങ് പ്രത്യേക മുൻകരുതൽ നിർദേശങ്ങൾ പുറപ്പെടുവിച്ചത്.

ചില അംഗീകൃത ആർ.പി.എസ്. ഏജൻസികളും ഇത്തരം തട്ടിപ്പുകൾ നടത്തുന്നതും ഡി.ജി. യുടെ ശ്രദ്ധയിൽ പെട്ടിട്ടുണ്ട്. ഇത് ഏറെ ഗൗരവമാണെന്നും ഇവരുടെ ചതിയിൽ പെട്ട നിരവധി പേരുടെ മോചനത്തിനായി പലപ്പോഴായി ഇടപെടേണ്ടി വന്ന സതാംപ്ട്ടൻ ആസ്ഥാനമായി പ്രവർത്തിക്കുന്ന സൈലേഴ്‌സ് സൊസൈറ്റിയുടെ ഇന്ത്യയിലെ കമ്മ്യുണിറ്റി ഡെവലപ്പ്മെന്റ് മാനേജർ മലയാളിയായ വി. മനോജ്‌ ജോയ് (ചെന്നൈ) പറയുന്നു.

തട്ടിപ്പിന്റെ വഴികൾ

ജോലി തേടി ഏജൻസി ഓഫീസുകളിലെത്തുന്നവർക്ക്‌ ആർ.പി.എസ്. രജിസ്റ്റർ ചെയ്യപ്പെട്ട ഏതെങ്കിലും കപ്പലിന്റെ പേരിൽ ജോലി വാഗ്ദാനം നൽകി കരാർ പേപ്പർ നൽകുന്നു. എല്ലാ രേഖകളും കൃത്യമായുള്ള കപ്പലായിരിക്കും അത്. ആ പ്രത്യേക കപ്പലിൽ കയറാൻ എയർപോർട്ട്‌ ഇ-മൈഗ്രേറ്റ് സിസ്റ്റത്തിലെ പരിശോധന എളുപ്പം പൂർത്തിയാക്കാനാകും എന്ന പഴുത് ഉപയോഗിച്ച് വിദേശത്തേക്ക് (പലപ്പോഴും ഗൾഫ് രാജ്യങ്ങൾ, തുർക്കി ) കയറ്റിവിടും. കരാർ അനുസരിച്ചുള്ള കപ്പലിലാണെന്ന ധാരണയിൽ അവിടെ എത്തുന്നവരെ ജോലിക്ക് കയറ്റുന്നത് ബ്ലാക്ക്ലിസ്റ്റിൽ പെട്ട മറ്റേതെങ്കിലും തല്ലിപ്പൊളി കപ്പലിലായിരിക്കും. നേരാം വണ്ണം ഭക്ഷണമോ വേതനമോ ലഭിക്കാതെ മാസങ്ങൾ പിന്നിടുമ്പോഴാണ് ലക്ഷങ്ങൾ നൽകി തട്ടിപ്പിനിരയായ കാര്യം ഇവർ അറിയുന്നത്. ജോലിചെയ്യാനുള്ള സുരക്ഷ മാനദണ്ഡങ്ങളില്ലാതെ ജോലിക്കാർക്ക് വെള്ളവും ഭക്ഷണവും വേതനവും നൽകാനാവാത്ത അവസ്ഥയിൽ ഉടമ തന്നെ കപ്പൽ കൈയ്യൊഴിയുമ്പോൾ അതിൽ തുടരാനോ നാട്ടിലേക്ക് തിരിച്ചു പോകാനോ വയ്യാത്ത അവസ്ഥയിൽ ജീവനക്കാർ കഷ്ടപ്പെടുന്ന നിരവധി സംഭവങ്ങൾ ഏറെ ഗൗരവത്തോടെയാണ് ഡി. ജി. വിലയിരുത്തുന്നത്. കപ്പലോട്ടക്കാർ ഈ വിധം ചതിക്കപ്പെട്ടുപോകുന്ന സന്ദർഭങ്ങളിൽ അവരുടെ മോചനത്തിനായി സൈലേഴ്സ് സൊസൈറ്റി പലപ്പോഴായി ഇടപെടേണ്ടിവരുന്ന സാഹചര്യമുണ്ടാകാറുണ്ടെന്നും മലയാളികളടക്കം നിരവധിപേരെ ഇന്ത്യൻ നയതന്ത്രകാര്യാലയത്തിന്റെ സഹായത്തോടെ മോചിപ്പിക്കാനും നഷ്ട പരിഹാരം വാങ്ങി കൊടുക്കാനും സാധിച്ചിട്ടുണ്ടെന്നും മനോജ്‌ ജോയ് പറയുന്നു. ഇത്തരം കപ്പലുകളിൽ നിന്ന് മയക്കുമരുന്നുകൾ പോലും പിടിക്കപ്പെടുമ്പോൾ പൊലിസിന്റെ പിടിയിലാകുന്നത് ഈ ജീവനക്കാർ ആയിരിക്കും. അത്തരം ഒത്തിരി അനുഭവ കഥകൾ അദ്ദേഹത്തിന്റെ കേസ് ഡയറിയിൽ ഉണ്ട്.

ശ്രദ്ധിക്കേണ്ടവ

അംഗീകാര്യമില്ലാത്ത മാറീടൈം ഇൻസ്റ്റിറ്റ്യൂട്ടുകളിൽ പരീശീലനം നേടരുത്, ആർ പിഎസ് അംഗീകാരം ഉണ്ടെന്ന് ഉറപ്പ് വരുത്തുക, പരിശീലനം തേടുമ്പോൾ ആ സ്ഥാപനത്തെ പറ്റി വിവരങ്ങൾ ശേഖരിക്കുക,

ജോലി ഉറപ്പ് നൽകാതെ അതിനായി ഭീമയായ തുക ആവശ്യപ്പെടുന്നവരുടെ കുരുക്കിൽ പെടാതെ നോക്കുക തുടങ്ങി ഒട്ടേറെ കാര്യങ്ങളിൽ ശ്രദ്ധിക്കണം. ആദ്യമായി കപ്പൽ ജോലി തേടുന്നവരാണ് ഏജന്റുമാരുടെ വലയിൽ കുടുങ്ങുന്നവരിൽ ഏറെയും. അവരാണ് ഏറെ ശ്രദ്ധിക്കേണ്ടത്. ഏജന്റ്മാരെ ഒഴിവാക്കി വെബ്സൈറ്റ് വഴി സർച്ച്‌ ചെയ്ത് ഒഴിവുകൾ കണ്ടെത്തുക തുടങ്ങിയ ഒട്ടേറെ നിർദേശങ്ങളും ഉപദേശങ്ങളും സർക്കുലറിൽ അനുബന്ധമായി ചേർത്തിട്ടുണ്ട്.

ബന്ധപ്പെടാൻ

അത്യാവശ്യ സന്ദർഭങ്ങളിൽ ബന്ധപ്പെടേണ്ട മുംബൈ, കൊൽക്കത്ത, ചെന്നൈ എന്നിവിടങ്ങളിലെ വിവിധ ഓഫീസ് വിവരങ്ങളും നിയുക്ത ഓഫീസർന്മാരുടെ പേരുകളും ഫോൺ നമ്പറുകളും ഇ മെയിൽ ഐഡിയും സർക്കുലറിൽ ചേർത്തിട്ടുണ്ട്.

സർക്കുലർ കോട്ടിക്കുളം മർച്ചന്റ് നേവി ക്ലബ്ബിൽ പരിശോധനയ്ക്ക് ലഭിക്കുമെന്ന് പ്രസിഡന്റ് പാലക്കുന്നിൽ കുട്ടി അറിയിച്ചു. കപ്പൽ ജോലി തേടുന്നവവരുടെ എണ്ണം ഈയിടെയായി വർദ്ധിച്ചു വരികയാണെന്നും രണ്ടു ലക്ഷത്തോളം രൂപ ചെലവിട്ട് 6 മാസത്തെ പരിശീലനം പൂർത്തിയാക്കി ജോലിക്കായി കാത്തിരിക്കുന്നവരുടെ എണ്ണം കൂടുന്നതിന് ആനുപാതികമായി ജോലി സാധ്യത ഇല്ലാത്തതിനാലാണ് പലരും ലക്ഷങ്ങൾ നൽകി വഞ്ചിക്കപ്പെടുന്നതെന്ന് അദ്ദേഹം പറയുന്നു.ഓരോ കപ്പലിലും കൂടുതൽ ട്രൈനികൾക്ക് അവസരമൊരുക്കാൻ നടപടികൾ ഉണ്ടായാൽ ഈ രംഗത്തെ തട്ടിപ്പുകൾ ഒരു പരിധിവരെ നിയന്ത്രിക്കാം.നിലവിൽ ജോലി ചെയ്യുന്ന പരിചയസമ്പന്നരായ കപ്പലോട്ടക്കാർക്ക് അവധിയിൽ വന്നാൽ അധികം കാത്തിരിപ്പ് ഇല്ലാതെ തന്നെ ജോലിയിൽ കയറാൻ പറ്റുന്നുണ്ട്.

മർച്ചന്റ് നേവി ക്ലബ്‌ : 7994020011,

9447692439.

Back to Top