ജൂൺ 8 ലോക സമുദ്രദിനം: കടൽ സംരക്ഷിക്കാൻ സാധിച്ചാൽ മാത്രമേ അത്‌ അനുഭവിക്കാനാവൂ 

Share

🖊️പാലക്കുന്നിൽ കുട്ടി

സമുദ്രത്തിനുമുണ്ട് ഒരാചരണ ദിനം .

ഭൂമിയുടെ മൊത്തം വിസ്തൃതിയുടെ ഏകദേശം മുക്കാൽ ഭാഗവും സ്വന്തമായുള്ള കടലിനാണല്ലോ അങ്ങിനെയൊരു ദിവസം വേണ്ടതും. സമുദ്രസംരക്ഷണമെന്ന സന്ദേശവുമായി സമുദ്രദിനം ആചരിക്കണമെന്ന ആശയം ഉണ്ടായത് 1992ൽ ബ്രസീലിലെ തുറമുഖ പട്ടണമായ റിയോഡിജനിറോയിൽ നടന്ന രാജ്യാന്തര ഭൗമ ഉച്ചകോടിയിലാണ്. ജൂൺ 8 ലോക സമുദ്രദിനമായി അന്ന് അംഗീകരിച്ചു. കാനഡയാണ് ആദ്യം ഇത് ആചാരിച്ചത്.യു. എൻ.ന്റെ സവിശേഷ ദിനാചാരണ പട്ടികയിൽ സമുദ്രദിനം ഇടം പിടിക്കാൻ പിന്നെയും ഒന്നര പതിറ്റാണ്ട് കാത്തിരിക്കേണ്ടി വന്നു. കടലിന്റെ സൗന്ദര്യവും വിലമതിക്കാനാവാത്ത സമ്പത്തും സംരക്ഷിക്കണമെന്ന ലക്ഷ്യം കൂടി ഇതിന് പിന്നിലുണ്ടായിരുന്നു. സമുദ്ര മലിനീകരണം വൻതോതിൽ വർധിച്ചു വരുന്ന ഇക്കാലത്ത് സമുദ്രദിനാചരണത്തിന് പ്രാധാന്യവും പ്രസക്തിയും ഏറെയാണ് .

കപ്പൽ അപകടങ്ങളിലൂടെ 

ചരിത്രത്തിലേക്ക് എത്തിനോക്കിയാൽ കടലിനും പരിസര തീരങ്ങൾക്കും ഏറെ നാശനഷ്ടങ്ങൾ വരുത്തിയത് കപ്പലുകളായിരുന്നുവെന്നത് സത്യമാണ് . നൂറു വർഷം മുൻപ് പടുകൂറ്റൻ ആഡംബരയാത്ര കപ്പലായ ‘ടൈറ്റാനിക്’ അതിന്റെ കന്നിയാത്രയിൽ തന്നെ കടലിൽ അടിഞ്ഞമർന്നുപോയത് 1500 ലേറെ ജീവനുകളോടെയാണ് . ‘എക്സ്ൺ വാൽഡിസ്’ എന്ന എണ്ണ കപ്പൽ 53 മില്യൺ ഗാലൻ ക്രൂഡ് ഓയിലുമായി കാലിഫോർണിയയിലേക്കുള്ള യാത്രമദ്ധ്യേ 1989 മാർച്ച്‌ 24 ന് അർധരാത്രി അലാസ്കയിലെ പ്രിൻസ് വില്യം സൗണ്ട് പാറക്കുട്ടത്തിൽ കൊണ്ടിടിച്ചതിനെ തുടർന്ന് 11 മില്യൺ ഗ്യാലൻ ക്രൂഡ് ഓയിൽ കടലിലും തീരത്തും ഒലിച്ചുപോയി. തുടർന്നുണ്ടായ പാരിസ്ഥിതിക അത്യാഹിതം, അമേരിക്കൻ തീരത്ത് ഉണ്ടാക്കിയ വിപത്ത് അവർക്കൊരിക്കലും മറക്കാനാവാത്ത നൊമ്പരങ്ങളാണ് ചരിത്രത്തിൽ എഴുതി ചേർത്തിട്ടുള്ളത്. കപ്പലുകൾ നിമിത്തം കടലിലും തീരങ്ങളിലും ഉണ്ടായ ദുരന്തങ്ങളുടെ പട്ടിക ഏറെ വലുതാണ്. അതൊക്ക എഴുതിപ്പിടിപ്പിക്കാൻ ഒരു മഹാഗ്രന്ഥം

തന്നെ വേണ്ടിവരും. നിലവിൽ കപ്പലുകളിൽ നിന്ന് മാലിന്യങ്ങൾ കടലിലേക്ക് വലിച്ചെറിയുന്ന സമ്പ്രദായം തീരേയില്ല. കപ്പലുകൾ അപകടങ്ങളിലോ മറ്റോ പെട്ടാൽ ഉണ്ടായേക്കാവുന്ന സമുദ്ര മലിനീകരണം അറിഞ്ഞുകൊണ്ട് സംഭവിക്കുന്നതല്ലല്ലോ.കടൽ ഇല്ലെങ്കിൽ കപ്പലുകൾ ഉണ്ടാവില്ല. കപ്പൽ ഇല്ലെങ്കിൽ കപ്പലോട്ടക്കാരും വേണ്ടല്ലോ. കടലിന്റെ രൗദ്ര ഭാവവും ശാന്ത ഭാവവും ഒരേ അർത്ഥത്തിൽ നെഞ്ചിലേറ്റാൻ കപ്പലോട്ടക്കാർക്ക് സാധ്യമാകുന്നതും അതുകൊണ്ട് തന്നെയാണ്. ‘അക്ഷയ നിധി’യായ കടലിനെ സംരക്ഷിക്കാൻ മനുഷ്യനായി പിറന്ന ഓരോർത്തക്കും ബാധ്യതയുണ്ടെന്ന് ആരും മറന്നുപോകരുത്.

കടൽ എന്ന മഹാത്ഭുതം

പ്രകൃതി നമുക്ക് നൽകിയ വരദാനമാണ് സമുദ്രങ്ങൾ. മഹാത്ഭുതങ്ങളുടെ മഹാകലവറയാണവ. ഭൂമിയുടെ 71 ശതമാനവും സമുദ്രങ്ങളാണെന്ന് കണക്കുകൾ പറയുന്നു. കടൽ നമുക്ക് ഭക്ഷണമൊരുക്കാനുള്ള മത്സ്യം തരുന്നുവെന്ന സങ്കല്പത്തിനപ്പുറത്തേക്കുകൂടി നാം വളരണം, ചിന്തിക്കണം. ദൈവം അനുഗ്രഹിച്ചു നൽകിയ ജൈവ വൈവിധ്യങ്ങളുടെയും ധാതു വിഭവങ്ങളുടെയും കലവറയാണത്. നമ്മുടെ കാലാവസ്ഥയെപ്പോലും കടൽ കുറച്ചൊന്നുമല്ല സ്വാധീനിക്കുന്നത്. ആർക്കും ഇന്നേവരെ പ്രവചിക്കാൻ പറ്റാത്ത മഹാത്ഭുതങ്ങൾ പോലും മഹാ സമുദ്രങ്ങളിൽ സംഭവിച്ചിട്ടുണ്ട്. ‘ബർമുഡ ട്രയാങ്കി’ളിൽ അനേകം കപ്പലുകളും വിമാനങ്ങളും ദുരുഹ സാഹചര്യത്തിൽ കാണാതായിട്ടുണ്ട്. 1945ൽ ഫ്ലോറിഡയിൽ നിന്ന് പരിശീലനപറക്കലിനിടെ അഞ്ച് യു. എസ്. യുദ്ധവിമാനങ്ങൾ അതിലെ മുഴുവൻ സേനാംഗങ്ങളോടൊപ്പം അന്ന് ആ അപകട സോണിൽ നിന്ന് അദൃശ്യമായി. ഇവരെ അന്വേഷിച്ചു പോയ ആറാമത്തെ ബോംബർ വിമാനം പോയവഴിയും ഇന്നേവരെ ആർക്കും കണ്ടെത്താനായില്ല. കേരള ഷിപ്പിങ് കോർപറേഷന്റെ ആദ്യ കപ്പലായ കൈരളി ജബൂത്തിയിൽ കാണാമറയത്ത് കാണാതായിട്ട് പതിറ്റാണ്ടുകളായി.ഭൂരിഭാഗം ജീവനക്കാരും മലയാളികളായിരുന്ന, നമ്മുടെ സംസ്ഥാന സർക്കാരിന്റെ ആദ്യത്തെ കപ്പലിന് എന്ത് സംഭവിച്ചുവെന്നതിന്റെ രഹസ്യം കണ്ടെത്താനും ആർക്കും ഇന്നേവരെ സാധിച്ചില്ല! ഇത് പോലുള്ള പല അജ്ഞാത രഹസ്യങ്ങളുടെ പിടികിട്ടാത്ത സമസ്യക്ക് മുൻപിൽ ലോകം ഇന്നും പകച്ചു നിൽക്കുകയാണ് . വലിയൊരു ശതമാനം ജനങ്ങൾ ആശ്രയിച്ചു കഴിയുന്ന കടലിന്റെ ആരോഗ്യം നാൾക്കുനാൾ ക്ഷയിച്ചു കൊണ്ടിരിക്കുകയാണെന്ന സത്യം നാം മനസ്സിലാക്കണം. കടൽ വഴി ജീവിതം മുന്നോട്ടു നയിക്കുന്നവരും കടലോര വാസികളും കടലിന്റെ സൗന്ദര്യം കാണാനെത്തുന്നവരും ഒന്നോർത്തുവെക്കണം, കടലമ്മയോടുള്ള നന്ദികേടുതന്നെയാണ് കടലിന്റെ ഇന്നത്തെ ഈ ദുരവസ്ഥയ്ക്ക് കാരണമെന്ന് .

കടലും സമുദ്രവും ഒന്നല്ല

കടലും സമുദ്രവും പര്യായ പദങ്ങളാണെന്ന് ധരിച്ചുപോയവരാണ് പലരും. രണ്ടും രണ്ടാണ് . തീരത്തോട് ബന്ധപ്പെട്ട് കിടക്കുന്നവയാണ് കടലുകൾ. ഉദാഹരണങ്ങൾ: അറബിക്കടൽ (Arabian Sea) മധ്യധരണ്യാഴികടൽ (Mediterranean Sea) ചാവുകടൽ (Dead Sea) ചെങ്കടൽ (Red Sea), കരിങ്കടൽ(Black Sea) തുടങ്ങിയവ. കടലിനെ അപേക്ഷിച്ച് ആഴവും വിസ്തൃതിയും ഏറെയുള്ളവയാണ് സമുദ്രങ്ങൾ. തെക്ക്, വടക്ക് ശാന്ത സമുദ്രങ്ങൾ (Pacific Oceans), അറ്റ്ലാന്റിക് സമുദ്രം(Atlantic Ocean), ഇന്ത്യൻ മഹാസമുദ്രം (Indian Ocean ), തെക്ക്, വടക്ക് അന്റാർട്ടിക് സമുദ്രങ്ങൾ (Antarctic Oceans), ആർട്ടിക് സമുദ്രം(Arctic Ocean ) എന്നിവ സമുദ്രഗണത്തിൽ പെടുന്നു. അതേ സമയം ഇവ രണ്ടും പരസ്പരം ബന്ധപ്പെട്ടാണ് കിടപ്പും.

സപ്ത സാഗരങ്ങൾ (Seven Seas) എന്ന് ആലങ്കാരികമായി നമ്മൾ പൊതുവെ പറയുന്നത് ഏഴ് സമുദ്രങ്ങളെ ഉദ്ദേശിച്ചാവണം. ഇവ കൂടാതെ കനാലുകൾ വേറെയുമുണ്ട് . അറ്റ്ലാന്റിക്കിനെയും പസഫിക്കിനെയും യോജിപ്പിക്കുന്ന

പാനമ കനാലിനും , റെഡ് സീയേയും മെഡിറ്ററേനിയനേയും ബന്ധിപ്പിക്കുന്ന സൂയസ് കനാലിനും വാണിജ്യ കപ്പലിലൂടെയുള്ള ചരക്ക് ഗതാഗതത്തിൽ നിർണായക പങ്കാണുള്ളത്. ആ രാഷ്ട്രങ്ങളുടെ സാമ്പത്തിക ഉയർച്ചയ്ക്കും കാരണം ഈ കനാലിലൂടെ പോകുന്ന കപ്പലുകൾ നൽകേണ്ടുന്ന പ്രതിഫല തുകയാണ്.

മാലിന്യം വലിച്ചെറിയാൻ കടൽ

മറ്റെവിടെയും വലിച്ചെറിയാൻ പറ്റാത്ത എന്തും എളുപ്പം തള്ളാനുള്ള ഇടമാണ് കടൽ എന്നാണ് പലരും ധരിച്ചു വെച്ചിരിക്കുന്നത്. മർച്ചന്റ് നേവിയിൽ മൂന്നര പതിറ്റാണ്ട് കാലം ജോലി ചെയ്തവനാണ് ഈ ലേഖകൻ. 1980 വരെ കപ്പലിൽ നിന്ന് എന്തും കടലിലേക്ക് വലിച്ചെറിഞ്ഞാലും നടപടി കൈകൊള്ളാൻ സംവിധാനങ്ങൾ അത്ര ഗൗരവമായിരുന്നില്ല . ഈ അവസ്ഥയ്ക്ക് പ്രകടമായ മാറ്റം വന്നുതുടങ്ങിയത് ഇന്റർനാഷണൽ മരിടൈം ഓർഗനൈസേഷന്റെ (I.M.O) സജീവമായ ഇടപെടലിന് ശേഷമായിരുന്നു .കടലിനെ രക്ഷിക്കാൻ പല മരിടൈം ഏജൻസികളും മുന്നോട്ടു വന്നു.

ഇപ്പോൾ സ്ഥിതിയാകെ മാറി. കപ്പലിൽ യഥേഷ്ടം കുമിഞ്ഞുകൂടുന്ന മാലിന്യങ്ങളിൽ പ്ലാസ്റ്റിക്കുകൾ തരം തിരിച്ച് അടുത്ത പോർട്ടിൽ സ്വീകരിക്കാൻ സംവിധാനങ്ങൾ നിലവിലുണ്ട്. എണ്ണമയമുള്ളതടക്കം അവശിഷ്ടങ്ങൾ പ്രത്യേക സംവിധാന (Incinerator) ത്തിലൂടെ ചാമ്പലാക്കി മാലിന്യ മുക്തമാക്കുന്നത് ഇപ്പോൾ അതാത് കപ്പലുകളിൽ തന്നെയാണ്. കടലിൽ മാലിന്യങ്ങൾ വലിച്ചെറിയുന്നത് പിടിക്കപ്പെട്ടാൽ ശിക്ഷയ്ക്കു പുറമെ ജോലിയും നഷ്ടപ്പെട്ടുപോകുന്ന നിയമമാണ് ഇപ്പോഴുള്ളത്. ഭക്ഷണ അവശിഷ്ടങ്ങൾ വലിച്ചെറിയുന്നതു പോലും കർശനമായ നിബന്ധനകൾക്കു വിധേയമായിട്ടാണ്.അത് ലോഗ് ബുക്കിൽ രേഖപ്പെടുത്തുകയും വേണം.

കരയിൽ നിന്ന് ഭീഷണി

അപ്രതീക്ഷിതമായ യാദൃശ്ചിക സംഭവങ്ങളിലൂടെ മാത്രമേ കപ്പലുകൾ ഇപ്പോൾ കടലിന് ഭീഷണിയാകാറുള്ളൂ. കപ്പലുകളിൽ നിന്ന് മാലിന്യം വലിച്ചെറിയുന്നത് പൂർണമായും ഇപ്പോൾ നിയന്ത്രണ വിധേയമായിട്ടുണ്ടെങ്കിലും കരയിൽ നിന്ന് എന്തും കടലിലേക്ക് വലിച്ചെറിയാവുന്ന സ്ഥിതിയാണിപ്പോഴും. അത് നിയന്ത്രിക്കാനും കണ്ടെത്താനും ഇവിടെ സംവിധാനം ഒരുക്കേണ്ടിയിരിക്കുന്നു. കടൽ ഉപജീവനമാർഗമാക്കിയവർക്കുമാത്രം കടലമ്മയും മറ്റുള്ളവർക്ക് കടൽ കേവലം അത്ഭുതകാഴ്ചാക്കായുള്ള വിനോദോപാധി മാത്രമാണെന്ന ബാലിശമായ ധാരണ മാറ്റണം. കടലിൽ തള്ളുന്നതിന്റെ ‘സാമ്പിളുകൾ’ തിരയോടൊപ്പം തീരത്ത് വന്നടിയുന്നത് പരിസ്ഥിതിപ്രേമികൾ എന്നും ആശങ്കയോടെയാണ് കാണുന്നത്.ഒരു പരിധിവരെയെങ്കിലും ഇതിനെ നിയന്ത്രിക്കാനാവണമെങ്കിൽ കടലിനെ പറ്റി അറിയാനും സ്നേഹിക്കാനുമുള്ള മനസ്സുണ്ടാകണം. ബോധവൽക്കരണത്തിലൂടെ പ്രകൃതി സംരക്ഷണം എന്നത് വെറും പാഴ് വാക്ക് മാത്രമാണെന്നാണ് നാളിതുവരെയുള്ള അനുഭവം. കടലെന്ന വിസ്മയത്തെ പറ്റി അറിയാനും സ്നേഹിക്കാനുമുള്ള മനസ്സിനായി അതിനായുള്ള ഓർമപുതുക്കലാവട്ടെ മഹാമാരികാലത്തെ ഈ സമുദ്രദിനം.

( കരയേയും കടലിനെയും ബന്ധിപ്പിച്ച് പരിസ്ഥിതി സംരക്ഷണം കൂടുതൽ കാര്യക്ഷമമാക്കാനുള്ള നിർദേശങ്ങൾക്കായി ആഗോളതലത്തിൽ അമേരിക്കയിലെ മോബിൾ ഓയിൽ കമ്പനി 1998ൽ നടത്തിയ മത്സരത്തിൽ ഒന്നാം സ്ഥാന ജേതാവായ പാലക്കുന്നിൽ കുട്ടി കോട്ടിക്കുളം മർച്ചന്റ് നേവി ക്ലബ്ബിന്റെ പ്രസിഡന്റാണ്)

 

Back to Top