ആദ്യ മത്സരത്തിനിറങ്ങിയ പാക്കിസ്ഥാനെ യുഎസ്എ വിറപ്പിച്ചു, തോൽപിച്ചു ട്വന്റി 20 ക്രിക്കറ്റ്‌ ലോകകപ്പിലെ ആദ്യ അട്ടിമറി

Share

ആദ്യ മത്സരത്തിനിറങ്ങിയ പാക്കിസ്ഥാനെ യുഎസ്എ വിറപ്പിച്ചു, തോൽപിച്ചു. സൂപ്പർ ഓവറിലേക്കു നീണ്ട നാട‌കീയ മത്സരത്തിൽ മുൻ ചാംപ്യൻമാരായ പാക്കിസ്ഥാനെ വീഴ്ത്തിയ നവാഗതരായ യുഎസ് എ ട്വന്റി 20 ലോകകപ്പിലെ ആദ്യ അട്ടിമറി വിജയം സ്വന്തമാക്കി.

ആതിഥേയരായ യുഎസ് സൂപ്പർ ഓവർ വരെ നീണ്ട പോരാട്ടത്തിനൊടുവിലാണു പാക്കിസ്ഥാനെ അട്ടിമറിച്ചത്. ട്വന്റി20 ലോകകപ്പിനു തൊട്ടുമുന്‍പ് ബംഗ്ലദേശിനെതിരെ ട്വന്റി20 പരമ്പര ജയിച്ചുകൊണ്ടാണ് യുഎസ് ആദ്യം ക്രിക്കറ്റ് ലോകത്തെ ഞെട്ടിച്ചത്. ‍വീണ്ടുമൊരു അട്ടിമറിയിലൂടെ യുഎസ് ലോകകപ്പിലേക്കു വരവറിയിച്ചു.

ഡാലസിലെ ഗ്രാൻഡ് പ്രെയ്റി സ്റ്റേഡിയത്തില്‍ ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റു ചെയ്ത പാക്കിസ്ഥാൻ ഏഴു വിക്കറ്റ് നഷ്ടത്തിൽ 159 റൺസാണു നേടിയത്. യുഎസിനായി നൊസ്തുഷ് കെൻജിഗെ മൂന്നും സൗരഭ് നേത്രാവൽക്കർ രണ്ടും വിക്കറ്റുകളും വീഴ്ത്തി. മറുപടി ബാറ്റിങ്ങിൽ യുഎസ് മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ ഇന്നിങ്സിലെ അവസാന പന്തിൽ 159 റൺസിലെത്തി. ഇതോടെ മത്സരം സൂപ്പർ ഓവറിലേക്കു നീളുകയായിരുന്നു. ക്യാപ്റ്റൻ മോനക് പട്ടേൽ യുഎസിനായി അർധ സെഞ്ചറി തികച്ചു. 38 പന്തുകൾ നേരിട്ട പട്ടേൽ 50 റൺസാണു നേടിയത്. ആന്‍ഡ്രീസ് ഗൗസ് (26 പന്തിൽ 35), ആരോൺ ജോൺസ് (26 പന്തിൽ 36) എന്നിവരും തിളങ്ങിയതോടെ യുഎസ് കളി സൂപ്പര്‍ ഓവറിലേക്കു കൊണ്ടുപോയി.

സൂപ്പർ ഓവറിൽ ആദ്യം ബാറ്റു ചെയ്ത യുഎസ് 18 റൺസ് നേടിയപ്പോൾ മറുപടി ബാറ്റിങ്ങിൽ പാക്കിസ്ഥാന് നേടാനായത് 13 റൺസ്. ഇന്ത്യൻ വംശജനായ പേസ് ബോളർ സൗരഭ് നേത്രാവൽക്കർ യുഎസിനായി സൂപ്പർ ഓവറിൽ തിളങ്ങിയപ്പോൾ 3 വൈഡ് അടക്കം 7 എക്സ്ട്രാ റൺ വഴങ്ങിയ ബോളർ മുഹമ്മദ് ആമിറിന്റെ ബോളിങ് പാക്കിസ്ഥാന് തിരിച്ചടിയായി.

Back to Top