ലക്ഷ്യം നേടാൻ അരയും തലയും മുറുക്കി എയിംസ് കൂട്ടായ്മ. പ്രധാന മന്ത്രിയെയും സുപ്രീം കോടതിയേയും സമീപിക്കും

Share

ലക്ഷ്യം നേടാൻ അരയും തലയും മുറുക്കി എയിംസ് കൂട്ടായ്മ. പ്രധാന മന്ത്രിയെയും സുപ്രീം കോടതിയേയും സമീപിക്കും

കാഞ്ഞങ്ങാട് : എയിംസ് പ്രൊപോസലിൽ കാസറഗോഡ് ജില്ലയുടെ പേരിടില്ലെന്ന പിടിവാശി ഉപേക്ഷിക്കാത്ത സംസ്ഥാന സർക്കാർ ജില്ലയോട് കാട്ടുന്ന നിരന്തര അവഗണന തുടരുമ്പോൾ, ഉയരണം എയിംസ് കാസറഗോഡിന്റെ മണ്ണിൽ എന്ന ആവശ്യവുമായി ജില്ലയിൽ എയിംസ് എന്ന ലക്ഷ്യത്തിന് വേണ്ടി നിരന്തര പോരാട്ടം നടത്തുന്ന എയിംസ് കാസറഗോഡ് ജനകീയ കൂട്ടായ്മ മുഷ്ട്ടി മടക്കാതെ ഇനി രാജ്യ തലസ്ഥാനത്തേക്കും. ഡൽഹിയിൽ ഈ മാസം തന്നെ സന്ദർശന അനുമതി പ്രതീക്ഷിച്ച്കൊണ്ട് കാത്തിരിക്കുകയാണ് കൂട്ടായ്മ ഭാരവാഹികൾ. ഇന്ത്യൻ പ്രധാന മന്ത്രിയെയും കേന്ദ്ര ആരോഗ്യ കുടുംബ ക്ഷേമ വകുപ്പ് മന്ത്രിയെയും കാണാനാണ് നാലംഗ ടീം പുറപ്പെടുന്നത്. കേന്ദ്ര ഭരണ പാർട്ടിയുടെ കാസറഗോഡ് ജില്ലാ കമ്മിറ്റിയുടെ പിന്തുണ പ്രതീക്ഷിക്കുന്നുണ്ട്.എയിംസിന് വേണ്ടിയുള്ള ഡൽഹി യാത്രയിൽ ആവശ്യമായ സഹായങ്ങൾ കാസറഗോഡ് എം.പി.യും വാഗ്ദാനം ചെയ്തിട്ടുണ്ട്.

ഡൽഹി യാത്രയുടെ മുന്നോടിയായി എയിംസ് കാസറഗോഡ് ജനകീയ കൂട്ടായ്മയുടെ ആഭിമുഖ്യത്തിൽ മാന്തോപ്പ് മൈതാനിയിൽ നടക്കുന്ന അനിശ്ചിതകാല നിരാഹാര സമരത്തിന്റെ 313- ആം ദിനത്തിൽ ഒരാഴ്ച നീളുന്ന ഒരു ലക്ഷം പോസ്റ്റ്‌ കാർഡ് ക്യാമ്പയിൻ 2022 നവംബർ 21 മുതൽ 28 വരെ നടത്തും. വിവിധ സ്കൂൾ, പ്രഫഷണൽ കോളേജുകൾ കേന്ദ്രീകരിച്ചാണ് ക്യാമ്പയിൻ നടത്തുക. ക്യാമ്പയിന്റെ ഉൽഘാടനം നവംബർ 21-ന് കാഞ്ഞങ്ങാട് ഹെഡ് പോസ്റ്റ്‌ ഓഫീസ് പരിസരത്ത് നടക്കും. കേന്ദ്ര ഹജ്ജ് കമ്മിറ്റി ചെയർമാനും കേന്ദ്ര ഭരണ പാർട്ടിയായ ബിജെപി-യുടെ ദേശീയ വൈസ് പ്രസിഡന്റുമായ മുൻ കണ്ണൂർ എംപി എ.പി. അബ്ദുല്ലക്കുട്ടിയാണ് പ്രധാന മന്ത്രിക്ക് പോസ്റ്റ്‌ കാർഡ്, അയക്കൽ ക്യാമ്പയിന്റെ ഉൽഘാടനം നിർവ്വഹിക്കാനെത്തുന്നത്. ചടങ്ങിൽ വിവിധ രാഷ്ട്രീയ, സാമൂഹ്യ, സാംസ്കാരിക, ജാതി-മത സംഘടനാ നേതാക്കളും, വിദ്യാർത്ഥി യുവജന മഹിളാ തൊഴിലാളി പ്രസ്ഥാന നേതാക്കളും പ്രവർത്തകരും എയിംസ് കൂട്ടായ്മ പ്രവർത്തകരും അഭ്യുദേയ കാംക്ഷികളും സംബന്ധിക്കും.

ഡൽഹിയിലേക്ക് പോവുന്ന ടീം സുപ്രീം കോടതിയിൽ നിലവിലുള്ള എൻഡോസൾഫാൻ കേസിൽ സൂപ്പർ സ്പെഷ്യാലിറ്റി ആശുപത്രിക്ക് വേണ്ടിയുള്ള കേസിന്റെ ഭാഗമാവുന്നതിന് വേണ്ടി പുതിയ റിട്ടും സമർപ്പിക്കും. ഇതിന് ആവശ്യമായ വക്കാലത്ത് ഒപ്പിടുന്നതിന് അഭിഭാഷകരുമായി കൂടിക്കാഴ്ച നടത്തും.

Back to Top