സിനിമാ സംവിധായകനും തിരക്കഥാകൃത്തുമായ ഹരികുമാർ(70) അന്തരിച്ചു

Share

തിരുവനന്തപുരം: പ്രശസ്ത സിനിമാ സംവിധായകനും തിരക്കഥാകൃത്തുമായ ഹരികുമാർ അന്തരിച്ചു. 70 വയസായിരുന്നു. അർബുദബാധിതനായി ചികിത്സയിലിരിക്കെ തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. സുകൃതം, ഉദ്യാനപാലകൻ, സ്വയംവരപ്പന്തൽ, എഴുന്നള്ളത്ത് ഉൾപ്പെടെ ശ്രദ്ധേയമായ 18 സിനിമകൾ സംവിധാനം ചെയ്തു.

2005 ലും 2008 ലും ദേശീയ ചലച്ചിത്ര അവാർഡ് ജൂറിയിൽ അദ്ദേഹം അംഗമായിരുന്നു. 1981ൽ പുറത്തിറങ്ങിയ ആമ്പൽ പൂവായിരുന്നു ആദ്യ സിനിമ. പിന്നീട് സ്നേഹപൂർവം മീര, ഒരു സ്വകാര്യം, പുലി വരുന്നേ പുലി, ‌അയനം, ജാലകം, കാറ്റും മഴയും, ഊഴം, എഴുന്നള്ളത്ത്, സുകൃതം, ഉദ്യാനപാലകൻ, സ്വയംവര പന്തൽ, പുലർവെട്ടം, പറഞ്ഞു തീരാത്ത വിശേഷങ്ങൾ, സദ്ഗമയ, ക്ലിന്റ് തുടങ്ങിയ സിനിമകൾ സംവിധാനം ചെയ്തു. 2022ൽ പുറത്തിറങ്ങിയ ഓട്ടോറിക്ഷക്കാരന്റെ ഭാര്യയാണ് അവസാന ചിത്രം.

1994ല്‍ എം ടി വാസുദേവന്‍ നായരുടെ തിരക്കഥയില്‍ സംവിധാനം ചെയ്ത സുകൃതം പ്രേക്ഷകരുടെയും നിരൂപകരുടെയും പ്രശംസ നേടി. മമ്മൂട്ടിയും ഗൗതമിയും പ്രധാനകഥപാത്രങ്ങളെ അവതരിപ്പിച്ച സുകൃതം ഏറ്റവും നല്ല മലയാള സിനിമയ്ക്കുള്ള ദേശീയ പൂരസ്‌കാരം നേടുകയും ചെയ്തു.

Back to Top