സമുദ്ര നിരപ്പിൽ നിന്നും ആയിരത്തി എഴുന്നൂറ്സി മീറ്റർ ഉയരത്തിലുള്ള സിക്കിംമിലെ ‘ഖേചിയോപൽരി ‘തടാകം

പ്രകൃതിദത്തമായ ഒട്ടേറെ മനോഹരതടാകങ്ങള്‍ നിറഞ്ഞ നാടാണ് സിക്കിം. അക്കൂട്ടത്തില്‍ അല്‍പം വ്യത്യസ്തമായതും പവിത്രമായി കരുതപ്പെടുന്നതാണ് സമുദ്രനിരപ്പിൽനിന്ന് ഏകദേശം ആയിരത്തി എഴുനൂറ് മീറ്റർ ഉയരത്തിലുള്ള ഖേചിയോപൽരി തടാകം . ഹിന്ദുക്കൾക്കും ബുദ്ധമതക്കാർക്കും ഒരുപോലെ പ്രധാനപ്പെട്ട ഈ തടാകം, സിക്കിമിലെ വളരെ പ്രധാനപ്പെട്ട തീര്‍ഥാടനകേന്ദ്രം കൂടിയാണ്.
യുക്‌സോമിലെ ദുബ്ദി മൊണാസ്ട്രി പെമയാങ്‌റ്റ്‌സെ മൊണാസ്ട്രി, റാബ്‌ഡെന്റ്‌സെ, സംഗ ചോലിങ് മൊണാസ്ട്രി, താഷിഡങ് മൊണാസ്ട്രി എന്നിവ ഉൾപ്പെടുന്ന ബുദ്ധമത തീർഥാടന സർക്യൂട്ടിന്‍റെ ഭാഗമാണ് ഖേചിയോപൽരി തടാകം. ബുദ്ധ ഗുരുവായിരുന്ന പത്മസംഭവ ഇവിടെ അറുപത്തിനാല് യോഗിനിമാരോട് പ്രസംഗിച്ചു എന്നുപറയപ്പെടുന്നു. മാത്രമല്ല, ബുദ്ധന്‍റെ പാദത്തിന്‍റെ ആകൃതിയാണ് തടാകത്തിന് എന്നും അവര്‍ വിശ്വസിക്കുന്നു. ചുറ്റുമുള്ള കുന്നുകള്‍ക്കു മുകളില്‍നിന്നു നോക്കിയാല്‍ ഈ രൂപം വ്യക്തമായി കാണാനാവും.
എല്ലാവര്‍ഷവും മാർച്ച്, ഏപ്രിൽ മാസങ്ങളിൽ തടാകതീരത്ത് സിക്കിമിലെ ഏറ്റവും വലിയ ഉത്സവങ്ങളിലൊന്നായ ചോമ്പ ചോപ്പ അരങ്ങേറുന്നു. ഈ ഉത്സവത്തില്‍ പങ്കെടുക്കാനായി നേപ്പാളിൽനിന്നും ഭൂട്ടാനിൽനിന്നുമെല്ലാം ബുദ്ധമതവിശ്വാസികള്‍ ഇവിടേയ്ക്ക് എത്തുന്നു.
ശിവനുമായി ബന്ധപ്പെട്ടതാണ് മറ്റൊരു ഐതിഹ്യം. തടാകത്തിനു മുകളിൽ സ്ഥിതി ചെയ്യുന്ന ഡ്യൂപുക്‌നി ഗുഹയിൽ ശിവന്‍ ധ്യാനമിരുന്നിരുന്നത്രേ. ഇതിന്‍റെ ഓര്‍മയ്ക്കായി നാഗപഞ്ചമി ദിവസം ഇവിടെ പ്രത്യേക ഉത്സവങ്ങളും ആഘോഷങ്ങളും നടത്തിവരുന്നു.
ഖേചിയോപൽരി തടാകത്തിലെ ജലത്തിന് ആഗ്രഹങ്ങള്‍ നിറവേറ്റാനുള്ള കഴിവുണ്ടെന്ന് ആളുകള്‍ വിശ്വസിക്കുന്നു. ഉത്സവസമയത്ത് ആളുകള്‍ ഇവിടെയെത്തി തടാകത്തിലെ ജലം പ്രസാദമായി കൊണ്ടുപോകാറുണ്ട്. തടാകത്തിലെ ജലം ആചാരങ്ങൾക്കും അനുഷ്ഠാനങ്ങൾക്കും മാത്രമേ ഉപയോഗിക്കാനാവൂ. ഈ വെള്ളത്തില്‍ ഇറങ്ങാനോ കാലുകള്‍ വയ്ക്കാനോ സന്ദര്‍ശകര്‍ക്ക് അനുവാദമില്ല. മാത്രമല്ല, തടാകത്തിനടുത്ത് പോകുന്നവര്‍ ഷൂസ് ധരിക്കാനും പാടില്ല. തടാകത്തിനടുത്തുള്ള പര്‍വതശിഖരത്തിലേക്ക് സഞ്ചാരികള്‍ക്ക് ട്രെക്കിങ് നടത്താം. ഏകദേശം ഇരുപതു മിനിറ്റെടുക്കും ഏറ്റവും മുകളിലെത്താന്‍. ഇവിടെനിന്ന് നോക്കിയാല്‍ തടാകക്കാഴ്ച വളരെ മനോഹരമാണ്. ട്രെക്കിങ് കഴിഞ്ഞു വരുന്നവര്‍ക്ക് നല്ല ചൂടു പറക്കുന്ന കാപ്പി വിളമ്പുന്ന ഒരു കഫേയും പ്രദേശത്തുണ്ട്.
ഖേചിയോപൽരി തടാകത്തില്‍ ഒട്ടേറെ മത്സ്യങ്ങളുണ്ട്. സന്ദര്‍ശകര്‍ക്ക് ഇവയ്ക്ക് ഭക്ഷണം കൊടുക്കാം. ഇവയ്ക്കുള്ള തീറ്റ എറിഞ്ഞുകൊടുക്കുന്ന ആളുകള്‍ ഇവിടുത്തെ സ്ഥിരം കാഴ്ചയാണ്. തടാകയാത്രയുടെ ഓര്‍മയ്ക്കായി സൂക്ഷിക്കാവുന്ന വിവിധ വസ്തുക്കള്‍ വില്‍ക്കുന്ന ധാരാളം കടകളും ഇവിടെയുണ്ട്. തടാകത്തിനടുത്ത് പഴയൊരു ബുദ്ധമത ആശ്രമമുണ്ട്. ബഹളങ്ങളില്‍ നിന്നെല്ലാം മാറി അല്‍പ സമയം ചെലവഴിക്കാനും ധ്യാനിക്കാനും ഇവിടേക്ക് വരാം.
ഖേചിയോപൽരി തടാകത്തിന് ചുറ്റുമായി സ്ഥിതിചെയ്യുന്ന ഒരു കൊച്ചുഗ്രാമമുണ്ട്. ഖേചിയോപൽരി എന്നുതന്നെയാണ് ഇതിന്‍റെ പേര്. തടാകം സന്ദര്‍ശിക്കുന്ന ആളുകള്‍ തങ്ങുന്ന സ്ഥലമാണിത്. ഗ്രാമവാസികള്‍ സഞ്ചാരികളെ വളരെ ഊഷ്മളതയോടെ സ്വീകരിക്കുന്നു. ഇവിടെ ഭക്ഷണം കഴിക്കാനായി എത്തുന്നവരും കുറവല്ല.
തടാകത്തിൽനിന്ന് പതിനേഴു കിലോമീറ്റർ അകലെയാണ് കാഞ്ചൻജംഗ വെള്ളച്ചാട്ടം. നിബിഡ വനങ്ങളാലും പച്ചക്കുന്നുകളാലും ചുറ്റപ്പെട്ട മനോഹരമായ വെള്ളച്ചാട്ടത്തിലേക്ക് എത്താന്‍ ഖേചിയോപൽരിയിൽനിന്ന് നാല്‍പതു മിനിറ്റ് ഡ്രൈവ് ചെയ്യണം. കാഞ്ചൻജംഗ പർവതത്തിലെ ഹിമാനികളില്‍നിന്ന് ഒഴുകിയെത്തുന്ന ശുദ്ധജലമാണ് ഇവിടെയുള്ളത്. പെല്ലങ് മേഖലയിലെ ഏറ്റവും ഉയരമുള്ള വെള്ളച്ചാട്ടമാണിത്.
പെല്ലിങ് ടൗണിൽനിന്ന് ഏകദേശം മുപ്പത് കിലോമീറ്റർ അകലെയാണ് ഖേചിയോപൽരി തടാകം. തടാകത്തിന് ഏറ്റവും അടുത്തുള്ള പ്രധാന പട്ടണമാണിത്. ഇവിടെനിന്ന് ഒരു മണിക്കൂറിലേറെ യാത്ര ചെയ്തുവേണം തടാകത്തില്‍ എത്താന്‍. സംസ്ഥാന തലസ്ഥാനമായ ഗാങ്‌ടോക്കിൽ നിന്ന് ഏകദേശം 112 കിലോമീറ്റർ അകലെയാണ് പെല്ലങ്. ഇവിടെനിന്നു തടാകത്തിലേക്ക് പോകാനായി ക്യാബുകളും ജീപ്പുകളും ലഭ്യമാണ്. പെല്ലിങ്ങിൽനിന്ന് തടാകത്തിലേക്ക് ദിവസത്തിൽ ഒരിക്കൽ സര്‍വീസ് നടത്തുന്ന സംസ്ഥാന ബസുകളുമുണ്ട്.
ഏകദേശം 140 കിലോമീറ്റർ അകലെയുള്ള സിലിഗുരിയിലെ ബാഗ്‌ഡോഗ്രയാണ് ഏറ്റവും അടുത്തുള്ള വിമാനത്താവളം. ഏറ്റവും അടുത്തുള്ള റെയിൽവേ സ്റ്റേഷൻ സിലിഗുരി – ന്യൂ ജൽപായ്ഗുരി റെയിൽവേ സ്റ്റേഷനാണ്.
ഒക്ടോബർ മുതൽ ഫെബ്രുവരി വരെയുള്ള ശൈത്യകാലമാണ് ഖേചിയോപൽരി തടാകം സന്ദർശിക്കാൻ ഏറ്റവും അനുയോജ്യമായ സമയം. തടാകവും പരിസരപ്രദേശങ്ങളും അതിമനോഹരമായി അണിഞ്ഞൊരുങ്ങുന്ന സമയമാണിത്. മേയ്മാസത്തിന് ശേഷം ഈ പ്രദേശത്ത് കനത്ത മഴ തുടങ്ങും. അതിനാൽ സഞ്ചാരികൾ മഴക്കാലം ഒഴിവാക്കുന്നു. രാവിലെ ആറു മുതല്‍ വൈകിട്ട് ആറു വരെയാണ് സന്ദര്‍ശകര്‍ക്ക് അനുവദിക്കപ്പെട്ട സമയം.