ബിആർഡിസി’യുടെ കുടിവെള്ളം മുടങ്ങി, പമ്പ് കേടായിട്ട് ദിവസങ്ങളായി ജലഅതോറിട്ടിയുടെ അനാസ്ഥയെന്ന് ഉപയോക്താക്കൾ 

Share

കിട്ടാത്ത വെള്ളത്തിന് ഒരു വർഷമായി പണം അടക്കുന്ന പാലക്കുന്നുകാരുടെ പരാതി വേറെയും

പാലക്കുന്ന് : ജല അതോറിട്ടിയുടെ കീഴിൽ ‘ബിആർഡിസി വെള്ളം’ എന്ന ഓമനപ്പേരിട്ടു വിളിക്കുന്ന പദ്ധതി മുഖേന ഉദുമ, പള്ളിക്കര, അജാനൂർ പഞ്ചായത്ത് പരിധിയിലെ കുടിവെള്ള വിതരണം മുടങ്ങിട്ട് ദിവസങ്ങൾ ഏറെയായി. സാങ്കേതിക കാരണം ചൂണ്ടിക്കാട്ടി ബന്ധപ്പെട്ടവർ കൈയൊഴിയുന്നുവെന്ന് നാട്ടുകാർ.

ഈ പദ്ധതി മുഖേന കുടിവെള്ളമെത്തിക്കാൻ വിവിധ ഇടങ്ങളിലായി 12 പടുകൂറ്റൻ ടാങ്കുകളാണ് നിലവിലുള്ളത്.

കരിച്ചേരി പുഴയിൽ നിന്ന് ബെങ്ങാട്ടെ ശുദ്ധീകരണ പ്ലാന്റിലേക്ക് വെള്ളമെത്തിക്കാൻ അതിതീവ്ര ശക്തിയുള്ള മൂന്ന് പമ്പുകൾ ഉണ്ടായിരുന്നതിൽ ഒരെണ്ണം കേടായിട്ട് വർഷങ്ങളായത്രേ . നിലവിലെ രണ്ടെണ്ണത്തിൽ ഒരു പമ്പ്കൂടി ഈയിടെ കേടായതാണ് ഇവിടങ്ങളിൽ ഇപ്പോൾ കുടിവെള്ള വിതരണം താറുമാറാകാൻ കാരണമെന്നറിയുന്നു. വേനൽ ചൂടിൽ വീട്ടുപറമ്പുകളിലെ ജല സ്രോതസ് വറ്റി വെള്ളം കിട്ടാതെ ജനങ്ങൾ പൊറുതിമുട്ടുമ്പോഴാണ് ജല അതോറിട്ടിയുടെ വക മറ്റൊരു പ്രഹരം .

ജലഅതോറിട്ടിയുടെ ‘ബിആർഡിസി വെള്ളം’ പാലക്കുന്ന് ഭാഗത്തെ ഒട്ടേറെ വീടുകളിലെ കുഴലിലൂടെ ഒഴുക്ക് നിലച്ചിട്ട് ഒരു വർഷത്തിലേറെയായെന്നാണ് അവരുടെ പരാതി. കാഞ്ഞങ്ങാട് ഓഫീസിൽ പലപ്പോഴായി പരാതിപെട്ടിട്ടും കിട്ടാത്ത വെള്ളത്തിന് പണം അടച്ചുകൊണ്ടിരിക്കുന്നതാണ്

മാസത്തിൽ ഒന്നോ രണ്ടോ ദിവസം വെള്ളം ‘കിട്ടിയാൽ കിട്ടി’ എന്നതാണ് അവസ്ഥ. ദ്വൈമാസ മീറ്റർ റീഡിങ് മുറക്ക് നടക്കുന്നുണ്ട്. വെള്ളം ഉപയോഗിച്ചാലും ഇല്ലെങ്കിലും മിനിമം വെള്ളക്കരം അടച്ചല്ലേ പറ്റൂ. ഉപയോഗിക്കാൻ ഒരിറ്റ് കിട്ടിയില്ലെങ്കിലും മിനിമം ചാർജിലും അധിക തുക അടക്കാനുള്ള ബില്ലും ഇവിടെ പലർക്കും കിട്ടാറുണ്ട്. വെള്ളത്തിന്റെ ഒഴുക്ക് പ്രതീക്ഷിച്ച് ടാപ്പ് തുറന്നുവെക്കുന്നതാണ് പലരുടെയും രീതി . വെള്ളത്തിന് പകരം കാറ്റ് മാത്രം പുറത്തേക്ക് വിടുമ്പോൾ മീറ്റർ പ്രവർത്തിക്കുന്നതാണ് റീഡിങ് കൂടാൻ കാരണം. ബിൽ തുക അടച്ചില്ലെങ്കിൽ കണക്ഷൻ വിഛേദിക്കാൻ കാരണം അത് മതിയല്ലോ. മീറ്റർ റീഡിങ്ങിനായി എത്തുന്ന ജീവനക്കാരനോട് പരാതിപെട്ടാൽ അയാൾ നിസ്സഹായകനാകും.

ഈ വേനൽ കാലത്ത് കുടിവെള്ളം മുടങ്ങിയത് ബന്ധപ്പെട്ടവരുടെ അനാസ്ഥയാണെന്നാണ് നാട്ടുകാരുടെ പരാതി. സാങ്കേതിക കാരണമെന്നാണ് അധികൃതരുടെ ഭാഷ്യം. പമ്പ് റിപ്പയർ ചെയ്ത് ജലവിതരണം ഉടൻ ലഭ്യമാക്കണമെന്നാണ് ഉപയോക്താക്കളുടെ ആവശ്യം. അതേ സമയം കുടിവെള്ള ദുരുപയോഗം തടയാൻ ജലഅതോറിട്ടിയുടെ മിന്നൽ പരിശോധനയും ഉണ്ടാകണം.

Back to Top