എം എ. മുംതാസിൻ്റ ” ഗുൽമോഹറിൻ ചാരെ” എന്ന പുസ്തകം പ്രകാശനത്തിന് ഒരുങ്ങുന്നു

Share

കാസര്‍കോട് : എം.എ. മുംതാസിൻ്റെ “ഗുൽമോഹറിൻ ചാരെ ” എന്ന പുതിയ പുസ്തകം പ്രകാശനത്തിനൊരുങ്ങുന്നു. കാസര്‍കോട് തൻബീഹുൽ ഇസ്ലാം ഹയർ സെക്കൻ്ററി സ്കൂളിലെ ചരിത്ര വിഭാഗം അധ്യാപികയും, എഴുത്തുകാരിയുമായ എം.എ മുംതാസിൻ്റെ നാലാമത്തെ പുസ്തകമാണിത്.

തൻ്റെ കുട്ടിക്കാലത്തെ ഓർമ്മകളിലൂടെ എഴുത്തുകാരി സഞ്ചരിക്കുമ്പോൾ അത് പെരിങ്ങോം എന്ന ഗ്രാമത്തിൻ്റെ കഥ കൂടിയായി മാറുന്നു. ഗ്രാമത്തിൻ്റെ വിശുദ്ധിയും, നാട്ടു നന്മയുമൊക്കെ എഴുത്തിലൂടെ അനാവരണം ചെയ്യപ്പെടുന്നു . തൻ്റെ ജീവിതാനുഭവങ്ങൾ വളരെ ലളിതമായ ഭാഷയിലാണ് എഴുത്തുകാരി വിവരിച്ചിരിക്കുന്നത്

പ്രസിദ്ധ സാഹിത്യകാരന്‍ ജേക്കബ്ബ് ഏബ്രഹമാണ് പുസ്തകത്തിന് അവതാരിക എഴുതിയിരിക്കുന്നത്.

നിഷ്കളങ്കമായ ബാല്യ- കൗമാരങ്ങളുടെ ഓർമ്മകളാണ് മനുഷ്യ മനസ്സിൽ നിറഞ്ഞുനിൽക്കുന്നത്.

കുട്ടിക്കാലത്തിൻ്റെ ആദ്യ ശബ്ദങ്ങൾ, കാഴ്ച്ചകൾ, നറു രുചികൾ, മണങ്ങൾ എല്ലാം നാം ഓർത്തു വെക്കുന്നു, അത്ഭുതത്തോടെ കണ്ണുമിഴിച്ച് നാം ലോകത്തെ കാണുന്നു.

മുതോസ് ടീച്ചറിൻ്റെ ഈ ഓർമ്മപ്പുസ്തകത്തിലൂടെ നാം നടന്നു പോവുമ്പോൾ പെരിങ്ങോം എന്ന ഗ്രാമവും ഒട്ടനവധി മനുഷ്യരും സംഭവങ്ങളും നമ്മുടെ കൺമുമ്പിൽ മിഴിവോടെ ഉയർന്നു വരുന്നു. ചൂട്ടുകറ്റകളുടെ മിന്നാട്ടം പോലെ ഓർമ്മകൾ തെളിയുന്നു

ഗ്രാമത്തിൻ്റെ മതേതര മനസ്സിനെ തൊടുന്ന എഴുത്തുകാരി അമ്പലങ്ങളിലും കാവുകളിലും പള്ളിയിലും തൻ്റെ ആത്മീയത ഒരു പോലെ തിരയുന്നു. കേരളത്തിൽ പടർന്നുപിടിക്കുന്ന വർഗ്ഗീയതയെ ചെറുക്കുന്ന സാമൂഹിക ബോധം ഈ ഓർമ്മകളിൽ കാണാമെന്ന് ജേക്കബ് ഏബ്രഹാം പറയുന്നു.

സത്യസന്ധമായ ഓർമ്മകളുടെ ഈ ആൽബത്തിലെ ചിത്രങ്ങൾ കാണാൻ നിങ്ങളെയും ക്ഷണിക്കുന്നു

പുസ്തകത്തിന്റെ കവര്‍ ഡിസൈന്‍ ചെയ്തത് രമേശ് ജീവൻ ആണ്. ലിപിപബ്ലിക്കേഷന്‍സ് കോഴിക്കോട് ആണ് പുസ്തകത്തിന്റെ പ്രസാധകര്‍.

ഓർമ്മയുടെ തീരങ്ങളിൽ, മിഴി എന്നീ കവിതാ സമാഹാരങ്ങളും, കാശ്മീരിനെ കുറിച്ചുള്ള യാത്രാവിവരണ പുസ്തകമായ “ടുലിപ്പ് പൂക്കൾ വിരിയും കാശ്മീർ താഴ്‌വരയിലൂടെ ” എന്നിവ എം.എ മുംതാസിൻ്റെ മറ്റ് പുസ്തകങ്ങളാണ്. ഭാരത് സേവക് സമാജിൻ്റെ ദേശീയ പുരസ്ക്കാര ജേതാവായ ഇവരുടെ മറ്റ് രണ്ട് പുസ്തകങ്ങൾ കഴിഞ്ഞ വർഷങ്ങളിലെ ഷാർജാ ഇൻ്റർനാഷണൽ പുസ്തകമേളയിൽ വെച്ചാണ് പ്രകാശനം നടത്തിയിരുന്നത്. ഈ പുസ്തകങ്ങളൊക്കെ കേരളത്തിൽ ഏറെ ചർച്ച ചെയ്യപ്പെട്ടിരുന്നു.

Back to Top