പനമ്പിള്ളിനഗറിലെ വീട്ടിൽ മോഷണം, പ്രതിയെ കേരള പോലീസ് കണ്ടെത്തിയത് പതിനഞ്ചു മണിക്കൂറിനുള്ളിൽ

Share

എറണാകുളം നഗരത്തിൻ്റെ ഹൃദയഭാഗത്ത് സിനിമാ സംവിധായകൻ ജോഷിയുടെ വീട്ടിൽ മോഷണം നടത്തി കടന്നുകളഞ്ഞ പ്രതിയെ പതിനഞ്ചു മണിക്കൂറിനുള്ളിൽ കണ്ടെത്തി കേരള പോലീസിന്റെ അന്വേഷണ മികവ്. കൊച്ചി സിറ്റി പൊലീസാണ് കൃത്യം നടന്ന് മണിക്കൂറുകൾക്കകം പ്രതിയെ കണ്ടെത്തിയത്.

ശനിയാഴ്ച പുലർച്ചെ 1.30 നാണ് പനമ്പിള്ളിനഗറിലെ വീട്ടിൽ മോഷണം നടന്നത്. ഒരു കോടിയിൽ പരം രൂപയുടെ ആഭരണങ്ങൾ നഷ്ടമായി. രാവിലെ 8.30 ന് വിവരം ലഭിച്ചതോടെ പോലീസ് അന്വേഷണം തുടങ്ങി. കൊച്ചി സിറ്റി പോലീസ് കമ്മീഷണർ ശ്യാം സുന്ദറിന്റെ നിർദ്ദേശപ്രകാരം ഡെപ്യൂട്ടി പോലീസ് കമ്മീഷണർ കെ എസ് സുദർശന്റെ മേൽനോട്ടത്തിലായിരുന്നു പോലീസിൻ്റെ പിന്നീടുള്ള നീക്കം. എറണാകുളം എ.സി. പി പി രാജ് കുമാറിൻ്റെ നേതൃത്വത്തിൽ രൂപവത്കരിച്ച പ്രത്യേക അന്വേഷണസംഘം ഏതാനും മണിക്കൂറുകൾക്കുള്ളിൽ തന്നെ മോഷണസ്ഥലത്തിനു സമീപത്തുനിന്ന് തെളിവുകൾ കണ്ടെത്തി. നിരവധി മൊബൈൽ ഫോൺ നമ്പറുകൾ കേന്ദ്രീകരിച്ച് അന്വേഷണം നടന്നു. സംശയകരമായ സാഹചര്യത്തിൽ കണ്ടെത്തിയ മറുനാടൻ രജിസ്ട്രേഷൻ ഉള്ള കാറിനെ ചുറ്റിപ്പറ്റിയുള്ള അന്വേഷണമാണ് വഴിത്തിരിവായത്. വിവിധ സ്ഥലങ്ങളിലെ cctv ക്യാമറകൾ പരിശോധിച്ചതിൽ പ്രതിയുടെ യാത്ര എറണാകുളത്തു നിന്നു മംഗലാപുരം വഴി കർണ്ണാടകത്തിലേയ്ക്കാണെന്നും മനസ്സിലാക്കി.

ഉടൻ വിവരം കർണാടക പോലീസിന് കൈമാറി. ഉഡുപ്പിയിൽ കർണാടക പോലീസ് ഏറെ വൈകാതെ വാഹനം കണ്ടെത്തി. മോഷ്ടാവായ ബീഹാർ സ്വദേശിയും കുപ്രസിദ്ധ കുറ്റവാളിയുമായ മുഹമ്മദ് ഇർഫാനെ തടഞ്ഞുവെച്ചു. പിൻതുടർന്നെത്തിയ എറണാകുളം ടൗൺ സൗത്ത് സ്റ്റേഷൻ ഹൗസ് ഓഫീസറുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം പ്രതിയെ അറസ്റ്റ് ചെയ്യുകയായിരുന്നു.

ജില്ലാ പഞ്ചായത്ത് അധ്യക്ഷ എന്നു ബോർഡ് വെച്ച വാഹനത്തിലാണ് പ്രതി സഞ്ചരിച്ചിരുന്നത്. പ്രതിയിൽ നിന്ന് മോഷണമുതലുകളും സഞ്ചരിച്ച കാറും കൃത്യത്തിനുപയോഗിച്ച ആയുധങ്ങളും കണ്ടെടുത്തു.

ഇൻസ്‌പെക്ടർമാരായ പ്രേമാനന്ദകൃഷ്ണൻ, സജുകുമാർ.ജി.പി, റിച്ചാർഡ് വർഗീസ്, രമേശ് സി., സബ് ഇൻസ്‌പെക്ടർമാരായ ശരത്, വിഷ്ണു, രവി കുമാർ, ഹരിശങ്കർ, ലെബിമോൻ, ഗ്രേഡ് സബ് ഇൻസ്‌പെക്ടർമാരായ അനസ്.വി.എം, ജോസി.സി.എം, അനിൽകുമാർ.പി, സനീപ് കുമാർ.വി.കെ, സീനിയർ സിവിൽ പോലീസ് ഓഫീസർമാരായ മഹേഷ്.എം, പ്രശാന്ത് ബാബു, നിഖിൽ, ജിബിൻലാൽ എന്നിവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്ന മറ്റു പോലീസ് ഉദ്യോഗസ്ഥർ.

ഭാര്യ ബിഹാറിലെ സീതാമഡി ജില്ലാ പരിഷത് അംഗം ഗുൽഷൻ പർവീണിന്റെ ഔദ്യോഗിക പദവി രേഖപ്പെടുത്തിയ ചുവന്ന ബോർഡ് വച്ച കാറിലാണ് ഇർഫാൻ കൊച്ചിയിൽ നിന്നു മോഷണമുതലുമായി കടന്നത്. വഴിയിലെ പൊലീസ് പരിശോധന ഒഴിവാക്കാനുള്ള മുൻകരുതലായിരുന്നു ഇതെന്നു പ്രതി പൊലീസിനോടു സമ്മതിച്ചു

സംവിധായകൻ ജോഷിയുടെ വീട്ടിൽ മോഷണം നടത്തിയ ‘ബിഹാർ റോബിൻഹുഡ്’ എന്നറിയപ്പെടുന്ന മുഹമ്മദ് ഇർഫാൻ 2021ലെ വിഷുദിനത്തിൽ തിരുവനന്തപുരത്തു ഭീമ ജ്വല്ലറി ഉടമ ബി. ഗോവിന്ദന്റെ വീട്ടിലെ കവർച്ചയിലും പ്രതി. ഇർഫാനെ പിടികൂടിയതോടെ, കവടിയാറിൽ രാജ്ഭവനു സമീപത്തെ സുരക്ഷാമേഖലയിൽ 3 വളർത്തു നായ്ക്കളും സെക്യൂരിറ്റി ജീവനക്കാരുമുള്ള വീടിന്റെ വാതിലോ ജനലോ തകർക്കാതെ വജ്രാഭരണങ്ങളടക്കം കവർന്നതെങ്ങനെയെന്ന 3 വർഷം പ്രായമുള്ള ചോദ്യത്തിനും ഉത്തരമാകും.

ചോദ്യംചെയ്യലിൽ ജോഷിയുടെ വീട്ടിൽ മോഷണം നടത്തുന്നതിനു മുൻപു സമീപത്തെ 3 വീടുകളിൽ മോഷണശ്രമം നടത്തിയതായി ഇർഫാൻ സമ്മതിച്ചു. ഇതിൽ ആദ്യത്തേതു വ്യവസായി ജോർജ് അലക്സാണ്ടർ മുത്തൂറ്റിന്റെ വീടാണ്. പ്രതിയുടെ കുറ്റസമ്മത മൊഴി രേഖപ്പെടുത്തിയ ശേഷം വൈകിട്ട് അഞ്ചരയോടെ പൊലീസ് പ്രതിയുമായി ജോഷിയുടെ വീട്ടിലുൾപ്പെടെ തെളിവെടുപ്പു നടത്തി

Back to Top