മഞ്ചേശ്വരം ഉപ്പളയിൽ ആക്സിസ് ബാങ്കിന്റെ എ.ടി.എമ്മിൽ നിറയ്ക്കാനെത്തിച്ച 50 ലക്ഷം രൂപ കൊള്ളയടിച്ചു

Share

കാസർകോട്: മഞ്ചേശ്വരം ഉപ്പളയിൽ സ്വകാര്യബാങ്കിന്റെ എ.ടി.എമ്മിൽ നിറയ്ക്കാനെത്തിച്ച 50 ലക്ഷം രൂപ കൊള്ളയടിച്ചു. ബുധനാഴ്ച ഉച്ചയോടെയായിരുന്നു സംഭവം. ആക്സിസ് ബാങ്കിന്റെ എ.ടി.എമ്മിലേക്ക് പണവുമായി വന്ന വാഹനത്തിൽനിന്നാണ് 50 ലക്ഷം രൂപ കവർന്നത്. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു.

ചുവന്ന ടീഷർട്ട് ധരിച്ചെത്തിയ ആളാണ് വാഹനത്തിൽനിന്ന് പണം കൊള്ളയടിച്ചതെന്നാണ് സൂചന. സംഭവത്തിന് ശേഷം ഇയാൾ ഉപ്പള ബസ് സ്റ്റാൻഡ് ഭാഗത്തേക്ക് പോയതായും പറയുന്നു. സംഭവത്തിൽ പ്രതിക്കായി പോലീസ് വ്യാപകമായ തിരച്ചിൽ നടത്തിവരികയാണ്

ഉപ്പള ബസ് സ്റ്റാന്‍ഡിന്റെ മുന്‍വശത്തുള്ള എ.ടി.എമ്മില്‍ നിറയ്ക്കാനായാണ് സ്വകാര്യഏജന്‍സിയുടെ വാഹനത്തില്‍ പണമെത്തിച്ചിരുന്നത്. വാഹനത്തിന്റെ ഏറ്റവും പിറകിലെ അറയിലാണ് പണം സൂക്ഷിച്ചിരുന്നത്. വാഹനം ഉപ്പളയിലെത്തിയപ്പോള്‍ ഇവിടെ നിറയ്ക്കാനുള്ള 50 ലക്ഷം രൂപയുടെ രണ്ട് കെട്ടുകള്‍ ജീവനക്കാര്‍ ഇതില്‍നിന്ന് വാഹനത്തിന്റെ മധ്യഭാഗത്തെ സീറ്റിലെടുത്തുവെച്ചു.  തുടര്‍ന്ന് ആദ്യത്തെ 50 ലക്ഷം എ.ടി.എമ്മില്‍ നിറയ്ക്കാനായി ജീവനക്കാര്‍ വാഹനം ലോക്ക് ചെയ്ത് എ.ടി.എം കൗണ്ടറിലേക്ക് പോയി. ഈസമയം വാഹനത്തിലെ സീറ്റില്‍വെച്ചിരുന്ന 50 ലക്ഷം രൂപയാണ് വാഹനത്തിന്‍റെ ചില്ല് തകര്‍ത്ത് മോഷ്ടാവ് കവര്‍ന്നത്.

Back to Top