എൽഡിഎഫ് സംഘടിപ്പിച്ച ജനകീയ പ്രതിഷേധ കൂട്ടായ്മ കാഞ്ഞങ്ങാട് പിണറായി വിജയൻ ഉത്ഘാടനം ചെയ്തു

Share

മോദി നടപ്പാക്കുന്നത് ഹിറ്റ്ലറുടെ മാതൃക: പിണറായി

കാഞ്ഞങ്ങാട് : മോദി രാജ്യത്ത് നടപ്പിലാക്കുന്നത് ഹിറ്റ്ലറുടെ കിരാതമായ മാതൃകയും മുസോളിനിയുടെ സംഘടനാ രീതിയുമാണെന്ന് പിണറായി വിജയൻ പറഞ്ഞു.

പൗരത്വ ഭേദഗതി നിയമം അറബിക്കടലിൽ എന്ന വിഷയത്തിൽ എൽഡിഎഫ് സംഘടിപ്പിച്ച ജനകീയ പ്രതിഷേധ കൂട്ടായ്മ കാഞ്ഞങ്ങാട് ആലാമിപള്ളിയിൽ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

രാജ്യം പ്രത്യേക കാലഘട്ടത്തിലൂടെയാണ് കടന്നു പോകുന്നത് നല്ലൊരു ഭാഗം ജനങ്ങൾ എന്താകും രാജ്യത്തിൻെറ ഭാവി എന്ന് ആലോചിച്ചു ഉത്കണ്ഠപ്പെടുന്ന കാലമാണിത്. ആർഎസ്എസ് നിയന്ത്രണത്തിലുള്ള ബിജെപി സർക്കാരാണ് അധികാരത്തിലുള്ളത്. അവർ ആർഎസ്എസ് അജണ്ട ഒരു ഭാഗത്ത് നടപ്പിലാക്കുന്നു.

മതനിരപേക്ഷ ചിന്താഗതികൾക്കെല്ലാം അവർ എതിരാണ് . മതനിരപേക്ഷതയെ അംഗീകരിക്കുന്നില്ല എന്നതാണ് ആർഎസ്എസ് നയം . നമ്മുടെ രാജ്യം മതനിരപേക്ഷ രാജ്യമാണെന്ന് അദ്ദേഹം പറഞ്ഞു.

മൂല്യങ്ങളുടെ ശക്തമായ ലംഘനമാണ് പൗരത്വ നിയമം നടപ്പിലാക്കുന്നതിലൂടെ രാജ്യത്ത് ഉണ്ടായിരിക്കുന്നത്.ഇതിനെ തള്ളിപ്പറയാൻ ഐക്യരാഷ്ട്രസഭ തയ്യാറായി. ആംനസ്റ്റി ഇന്റർനാഷണൽ കടുത്ത ഭാഷയിൽ ഇതിനോട് വിയോജിച്ചു.

അമേരിക്ക പോലും ഈ നിയമത്തിനെ അപലപിച്ചു. പൗരത്വത്തെ മതാടിസ്ഥാനത്തിൽ കാണാൻ ആർക്കും കഴിയില്ല. എന്നിട്ടും ഭരണാധികാരികൾ അവരുടെ വഴിയിൽ മുന്നോട്ടു പോകുന്നു.

1955ലാണ് പൗരത്വ നിയമം ആദ്യമായി പാസാക്കുന്നത് 198 ,92, 2003, 2015,2019 ഇങ്ങനെ ഒട്ടേറെ ഭേദഗതികൾ പിന്നീട് വന്നു. 2003ലെ സർക്കാരാണ് അനധികൃത കുടിയേറ്റക്കാർ എന്ന പുതിയ പദം ഈ നിയമത്തിൽ ഉൾപ്പെടുത്തുന്നത്. ആർഎസ്എസ് അജണ്ടയുടെ തുടക്കമായിരുന്നു അത്. മോദി സർക്കാർ 2019 ൽ മതാടിസ്ഥാനത്തിൽ ഇതുമായി ബന്ധപ്പെട്ട് നിയമം കൊണ്ടുവന്നു. ദേശീയ പൗരത്വ രജിസ്റ്ററും ഇവർ കൊണ്ടുവന്നു.

മതേതരത്വത്തിന് ശക്തമായ ലംഘനവും മൗലികാവകാശം ഹനിക്കുന്ന രീതിയിലും ഒരു സർക്കാറിനും ഒരു നിയമവും കൊണ്ടുവരാൻ കഴിയില്ല എന്ന് സുപ്രീംകോടതി പോലും നിരീക്ഷിച്ചിട്ടുണ്ട്.എന്നിട്ടും ഭരണഘടന മൂല്യങ്ങൾ ഇല്ലാതാക്കുന്ന തുല്യപരിരക്ഷ ഉറപ്പുവരുത്താത്ത ജനങ്ങളെ അവഗണിക്കുന്ന പൗരത്വ നിയമവുമായി മുന്നോട്ട് പോകുന്ന മോദി ഭരണത്തെ ഇടതുപക്ഷ ജനാധിപത്യമുന്നണിയും സർക്കാറും ശക്തമായി അവഗണിക്കുക തന്നെ ചെയ്യും എന്ന് പറഞ്ഞുകൊണ്ടാണ് അദ്ദേഹം പ്രസംഗം അവസാനിപ്പിച്ചത്. സി പി ഐ സംസ്ഥാന അസിസ്റ്റന്റ് സെക്രട്ടറി ഇ ചന്ദ്രശേഖരൻ എം എൽ എ അധ്യക്ഷത വഹിച്ചു.

Back to Top