ഉത്തര മലബാറിലെ വളർന്നുവരുന്ന എഴുത്തുകാരൻ രവീന്ദ്രൻ കൈപ്രത്ത് എഴുതുന്നു ‘ ഊഷര ചിന്തകൾ’ കവിതകളുടെ സമാഹാരം

Share

കണ്ണൂർ ജില്ലയിലെ പയ്യന്നൂർ- കുഞ്ഞിമംഗലം കൈപ്രത്ത് തെക്കേ വീട്ടിൽ ജനനം. അച്ഛൻ: പരേതനായ എ. കുഞ്ഞിക്കണ്ണൻ നായർ അമ്മ പരേതയായ കൈപ്രത്ത് ദേവകി അമ്മ.
വിദ്യാഭ്യാസം കണ്ടംകുളങ്ങര ജി.സി.യു.പി.സ്‌കൂൾ, കുഞ്ഞിമംഗലം ഹൈസ്കൂൾ, പയ്യന്നുർ കോളേജ്, കർണാടകയിലെ എഞ്ചിനീറിങ്ങ് കോളേജ് എന്നിവിടങ്ങളിൽ നിന്ന് പൂർത്തിയാക്കി. മുപ്പതു വർഷത്തോളമായി പ്രവാസ ജീവിതം നയിക്കുന്നു, ഗൾഫിലെ വിവിധ സംഘടനകളിൽ, നാടകം, ഗ്രാഫിക്സ്, സ്റ്റേജ് കോർഡിനേഷൻ, സാഹിത്യവിഭാഗം സെക്രട്ടറി എന്നീ നിലയിൽ പ്രവർത്തിച്ചിട്ടുണ്ട്. എഴുത്ത്, വായന ഫോട്ടോഗ്രാഫി, ഗ്രാഫിക്‌സ്, യാത്ര എന്നിവ ഹോബികൾ. പയ്യന്നൂരിനടുത്ത അന്നൂർ എന്ന സ്ഥലത്ത് ആണ് ഇപ്പോഴത്തെ സ്വഭവനം.
ഭാര്യ ഇന്ദിരാദേവി രവീന്ദ്രൻ മകൾ അശ്വിനി രവീന്ദ്രൻ
ജീവിതത്തിന്റെ വിവിധ സന്ദർഭങ്ങളിൽ എഴുതിതീർത്ത കവിതകളുടെ സമാഹാരമാണ് ഊഷര ചിന്തകൾ എന്ന പേരിൽ പ്രസിദ്ധികരിച്ചത്. ഉത്തര മലബാറിലെ വളർന്നു വരുന്ന എഴുത്തുകാരൻ
രവീന്ദ്രൻ കൈപ്രത്ത് എഴുതുന്നു…..

 

പിന്നിട്ട വഴികളിലൂടെ…… നന്ദിയോടെ…..
എഴുതി വെച്ചതും ഇതുവരെ പ്രസിദ്ധീകരിച്ചതുമായ സൃഷ്ടികൾ പുസ്തക രൂപത്തിൽ പ്രസിദ്ധീകരിക്കുക ഒരഭിലാഷമായിരുന്നു. മൂന്ന് പതിറ്റാണ്ട് ഓയിൽ ആൻഡ് ഗ്യാസ് ഡിവിഷനിൽ ജോലി ആയതിനാൽ ഒരുപാട് യാത്രകളും, തിരക്കേറിയ ജോലിയും മറ്റുമായതിനാൽ നീണ്ടു നീണ്ടു പോയി. വീണ്ടും ദുബായിൽ എത്തിയ ശേഷം ഷാർജ ബുക്ക് ഫെസ്റ്റിവലിന്റെ ആവേശം കണ്ടപ്പോൾ പുസ്തകമാക്കണമെന്ന ആഗ്രഹം അരക്കിട്ടുറപ്പിച്ചു. ഭാഷാ ബുക്‌സിൻറെ കൈത്താങ്ങ് .കൂടിയായപ്പോൾ ആ ലക്‌ഷ്യം സാക്ഷാത്കരിക്കപ്പെട്ടു..
ചെറുപ്പകാലംതൊട്ട് മലയാള പദ്യങ്ങളോട് താത്പര്യമായിരുന്നു. ചെറിയ ക്ലാസ്സുകളിൽ പദ്യം ഉച്ചത്തിൽ ചൊല്ലുന്ന പതിവ് ഉണ്ടായിരുന്നു. അന്നും ഗദ്യത്തിനെക്കാളും പദ്യത്തിനോടായിരുന്നു താത്പര്യം. അമ്മാവൻ ശ്രീ. കെ.ടി. നാരായണൻ മാസ്റ്റർ (കണ്ണൂർ ജില്ലയിലെ പയ്യന്നൂർ- കുഞ്ഞിമംഗലം ഹൈസ്‌കൂൾ അധ്യാപകനും കുഞ്ഞിമഗലം-പയ്യന്നൂർ ദേശത്തെ അറിയപ്പെടുന്ന ചിത്രകലാധ്യാപകൻ) ഒരു നല്ല വായനകാരൻ ആയിരുന്നു. അതിനാൽ വീട്ടിൽ ഒരുപാട് പുസ്തകശേഖരമുണ്ടായിരുന്നു. അങ്ങനെ എന്നിലും വായനാ ശീലം വളർന്നു. ആ കാലത്ത് കൂടുതലും വൈലോപ്പിള്ളി കവിതകളും , മുഹമ്മദ് ബഷിർ കഥകളും . സി. .എൽ. ജോസ്, എൻ.എൻ. പിള്ള എന്നിവരുടെ നാടക രചനകളും വളരെയേറെ പ്രിയപ്പെട്ടതായിരുന്നു. കുഞ്ഞിമംഗലം നായനാർ വായനശാലയും ഒരു പരിധി വരെ സ്വാധീനം ചെലുത്തിയിരുന്നു. ഹൈസ്കൂളിൽ പഠിക്കുമ്പോൾ യശ:ശരീരനായ രാഘവൻ മാസ്റ്റർ, പയ്യന്നൂർ കോളേജിൽ പഠിക്കുമ്പോൾ മലയാളം പ്രൊഫസ്സർ ശ്രീ. മേലത്ത് ചന്ദ്രശേഖരൻ നമ്പ്യാർ (ഇന്നത്തെ പ്രശസ്‌ത്ത സാഹിത്യകാരൻ) എന്നിവരുടെ മലയാളം ക്ലാസുകളും എന്നിൽ മലയാള ഭാഷയെ വളർത്തി.
അമ്മാവനിൽ നിന്നും പഠിച്ച ചിത്രകലയോടൊപ്പം തന്നെ. ഈ ഗുരുക്കൻമാരിലൂടെ സ്വായത്തമാക്കിയ മലയാള സ്നേഹം എന്തെങ്കിലും എഴുതണമെന്ന ആഗ്രഹവും എന്നിൽ ഉടലെടുക്കുമായിരുന്നു. അങ്ങിനെ പയ്യന്നൂർ കോളേജിൽ നിന്നും ആദ്യത്തെ കവിത “എഴിമല ” ഉടലെടുത്തു… എൺപതുകളിലെ കോളേജ് മാഗസിസിനു. കവിത കൊടുത്തുവെങ്കിലും വെളിച്ചം കണ്ടില്ല. പകരം എൻറെ സഹപാഠി മാധവൻ നമ്പൂതിരി_-യുടെ (ഇന്നത്തെ പ്രശസ്ത കവി ശ്രീ. മാധവൻ പുറച്ചേരി) കവിത ആയിരുന്നു തിരഞ്ഞെടുത്തത്. രണ്ടു വർഷങ്ങൾക്ക് ശേഷം ഒരു സുഹൃത്ത് വഴി, കാഞ്ഞങ്ങാടു നിന്നും പ്രസിദ്ധീകരിക്കുന്ന സായഹ്‌ന പത്രത്തിൻറെ വാരാന്ത്യ പതിപ്പിലേക്ക് .’സായം സന്ധ്യ”… എന്ന മിനിക്കഥ പത്രാധിപരുടെ കൈയ്യിൽ ഞാൻ തന്നെ കൊടുത്തു. പത്രാധിപർ എൻറെ കഥ വായിച്ചിട്ടു പറഞ്ഞു ‘കൊള്ളാം’.. പക്ഷെ സന്ധ്യയെ.. ‘സായം’ സന്ധ്യ എന്നു വിളിക്കാറില്ല.. കൊടുത്തതിനെക്കാളും തിരക്കിട്ട് തിരിച്ചു തന്നു. അന്തം വിട്ട് കുന്തം വിഴുങ്ങിയ പോലെ അന്ന് അയാളുടെ മുന്നിൽ നിന്നുവെങ്കിലും പരാജിതനാകാതെ എഴുത്ത് തുടർന്നു. ശേഷം ആയിരത്തി തൊള്ളായിരത്തി എൺപത്തിയാറിൽ “സായം സന്ധ്യ’ എന്ന പേരിൽ സിനിമ ഇറങ്ങിയത് ഈ സംഭവുമായി കൂട്ടിവായിക്കേണ്ടതിനാൽ ഇപ്പോഴും ഓർമയിൽ തങ്ങിനിൽക്കുന്നു. അന്ന് ആ പത്രാധിപർ പറഞ്ഞ ‘സായം സന്ധ്യ’ ഇന്നും പിടി കിട്ടാപുള്ളി ആയി.. എൻറെ മുന്നിൽ തുടരുന്നു!
എഴുത്തിൽ നിന്നും പിന്നോട്ട് പോകില്ല എന്ന ദൃഡനിച്ഛയം അപ്പോഴും തുടർന്നു. കേരളത്തിന് പുറത്തു പോയി എഞ്ചിനീയറിംഗിന് പഠിക്കുന്ന കാലത്ത്.. ആദ്യമായി ഇംഗ്ലീഷ് കവിത എഴുതി കോളേജ് മാഗസിനിൽ വരികയും നല്ല കവിതയ്ക്കു സമ്മാനം കിട്ടുകയും ചെയ്തു. “MAN THE NINCOMPOOP” എന്നായിരുന്നു കവിതയുടെ പേര്..
ജോലി കിട്ടി ഹൈദരാബാദിലും പിന്നീട് വിദേശ നാട്ടിൽ (അബുദാബി) എത്തിയപ്പോഴും എഴുത്ത് തുടർന്നു ഒപ്പം ഡയറിയുടെ പേജുകളും നിറഞ്ഞൂ കൊണ്ടേയിരുന്നു .മലയാളം തന്നെ ആയിരുന്നു ആവേശം. മലയാളക്കരയെ വിട്ട്, ഗൾഫിലെ ഓയിൽ ആൻഡ് ഗ്യാസ് കമ്പനിയിൽ ഓഫ്‌ഷോറിലും, ഷിപ്പിലുമായി ജീവിതം തള്ളി നീക്കുമ്പോൾ ചുറ്റിലും കടൽ മാത്രം കാണുന്ന അഗാധതയിലേക്കും ആകാശം കടലുമായി മുട്ടുന്ന വിദൂരതയിലേക്കും, സൂര്യാസ്തമയവും ഒരുപാട് നേരം നോക്കി നിൽക്കുക പതിവായിരുന്നു. മലയാള മണ്ണിൻറെ വിരഹം എവിടെ നിന്നോ വന്ന കാറ്റിനോപ്പം മനസ്സിനെ മുറിവേല്പിച്ചുകൊണ്ടിരുന്നു. അങ്ങിനെ പ്രകൃതിയെ കുറിച്ചുള്ള കവിതകൾ വിരിഞ്ഞു തുടങ്ങി.
ഇടവേളകളിൽ കരയിലെത്തിയപ്പോൾ പുതിയ പുതിയ ക്യാമറകൾ ഇറങ്ങുന്ന കാലം!. ഫോട്ടോഗ്രാഫി ഹരമായി. ഗൾഫിലെ പ്രധാന സ്ഥലങ്ങളും ഉത്സവങ്ങളും പകർത്തുകയും അതോടൊപ്പം ലേഖനങ്ങൾ എഴുതുകയും ചെയ്തു. അപ്പോഴായിരുന്നു ആദ്യമായി ഗൾഫ് മനോരമ എന്ന പേരിൽ ഗൾഫ് എഡിഷൻ എത്തിത്തുടങ്ങിയത്, ആഴ്ചയിലൊന്ന് മാത്രം. അബുദാബി നാഷണൽ പെട്രോളിയം കമ്പനിയിലെ എഞ്ചിനീയറിംഗ് സെക്‌ഷനലിലെ എൻറെ സഹപ്രവർത്തകൻ ശ്രീ. ഉതുപ്പിൻറെ ഫോട്ടോഗ്രാഫി പാത പിൻതുടർന്നു കൂടെ മലയാള മനോരമയുമായി ബന്ധം സ്ഥാപിച്ചു. 2001 – ൽ എൻറെ ആദ്യ ഫോട്ടോഗ്രാഫ് പ്രസ്‌ദ്ധീകരിച്ച് വന്നു. പിന്നീട് എൻറെ ചിത്രങ്ങളും ലേഖനങ്ങളും വരാൻ തുടങ്ങി. വർഷങ്ങൾക്കു ശേഷം യു. എ.യിൽ നടന്ന ഫോട്ടോഗ്രാഫി മത്സരത്തിൽ ഒരു അവാർഡും ലഭിക്കുകയുണ്ടായി. അങ്ങിനെ മനോരമയുമായിട്ടുള്ള ബന്ധത്തിൽ കവിതകളും പത്രങ്ങളിലൂടെ വെളിച്ചം കാണാൻ തുടങ്ങി.. തപാലിൽ വരുന്ന ഓരോ റിവ്യൂ കോപ്പിയുടെ കൂടെയും മനോരമ ചീഫ്‌ ന്യൂസ് എഡിറ്റർ ‘ശ്രീ. ജോസ് പനച്ചിപ്പുറ’-ത്തിൻറെ എഴുത്തും ഉണ്ടാകാറുണ്ട്. അത് കിട്ടുമ്പോഴുണ്ടാകുന്ന സന്തോഷം അതിരറ്റത്തായിരുന്നു. അതിനു ഈ അവസരത്തിൽ ‘ശ്രീ. ജോസ് പനച്ചിപ്പുറ’-ത്തിനു എത്ര നന്ദി പറഞ്ഞാലും മതിവരില്ല.
പിന്തുടർന്നുള്ള വർഷങ്ങളിൽ യു.എ.ഇ, ഖത്തർ എന്നിവിടങ്ങളിലെ മിക്കവാറും എല്ലാ പത്രങ്ങളുടെ വാരാന്ത പതിപ്പുകളിലും.. ഗൾഫു സംഘടനകളുടെ മാഗസിനുകളിലും എനിക്കൊരിടം കിട്ടികൊണ്ടേയിരുന്നു. പക്ഷെ ഞാനൊരിക്കലും ഒരു കവിയരങ്ങിനൊ.. കവിത സ്റ്റേജിൽ വായിക്കുകയോ ചെയ്തിട്ടില്ല.. ഖത്തർ പയ്യന്നൂർ സൗഹൃദ വേദി- എന്ന പ്രവാസ സംഘടനയുടെ ലിറ്റററി സെക്രട്ടറിയായി ഒരുപാട് കാലം ഉണ്ടായിരുന്നിട്ടും; അതുപോലെ എത്രയോ മറ്റു അവസരങ്ങൾ ഉണ്ടായിരുന്നിട്ടും! പഴ്സണൽ പബ്ലിസിറ്റി-യോടുള്ള താപര്യക്കുറവും എഴുത്തിലൂടെ മാത്രം അറിഞ്ഞാൽ മതിയെന്ന ദുർവാശിയും ഒരു കാരണമായി. ചില അംഗീകാരങ്ങളും അവാർഡുകളും വാങ്ങിക്കാൻ സ്റ്റേജിൽ പ്രത്യക്ഷപ്പെടാറുണ്ട്!. എങ്കിലും എഴുതിയതിൽ ചിലത് പുസ്തക രൂപത്തിലാക്കി വായനയിൽ താത്പര്യമുള്ളവരിലേക്ക് എത്തിക്കുക എന്ന ഉദ്യമം ഇതോടൊപ്പം നിറവേറ്റുന്നു.
എൻറെ ഏറ്റവും വലിയ ഉത്തവാദിത്വം എന്നെ ഇവിടെ വരെ എത്തിച്ചവർക്കുള്ള നന്ദിയാണ്. ആദ്യം നന്ദി പറയേണ്ടത് എൻറെ സഹധർമ്മിണിക്കു തന്നെയാണ്. കവിതകളോടുള്ള ഇഷ്ടവും വായനാശീലവും ഉള്ളത് കൊണ്ട്‌ ഞാനെഴുതിയ വരികൾ ആദ്യ നിരൂപണത്തിനു വിധേയമാക്കി വേണ്ട തിരുത്തലുകൾ ചൂണ്ടിക്കാണിച്ച് ഒപ്പം മലയാള ഡിജിറ്റൽ ലിപിയിലേക്ക് ടൈപ്പ് ചെയ്തുതരിക എന്ന ജോലി കൂടി നിർവഹിക്കും.
പിന്നെ ഞാനെടുത്ത ഫോട്ടോകളും ലേഖനങ്ങളും കവിതകളും മലയാള പത്രങ്ങളുടെ (മലയാള മനോരമ, മാതൃഭൂമി, കേരളശബ്ദം, വർത്തമാനം, 2പിഎം, മീഡിയസോൺ വീക്കിലി) വാരാന്ത പതിപ്പുകളിൽ പ്രസിദ്ധീകരിക്കാനിടം തന്ന മിഡിൽഈസ്റ്റ്-ലെ മാധ്യമ പ്രസ്ഥാനങ്ങൾക്കും അതിന്റെ ചുക്കാൻ പിടിക്കുന്ന ഗൾഫിലെ മാധ്യമ പ്രവർത്തർക്കുമാണ്. അതിൽ ഖത്തറിലെ അമൃത ടി. വി. റിപ്പോർട്ടറും മീഡിയ സോൺ വീക്കിലി പത്രാധിപരുമായ ശ്രീ. പ്രദീപ് മേനോൻ എനിക്ക് ഒരിക്കലും മറക്കാൻ പറ്റാത്ത വ്യക്തിത്വമാണ്.
ഈ എളിയ പുസ്തകത്തിനു വേണ്ടി സ്നേഹപൂർവം അവതാരികയും ആശംസകളും എഴുതിയും അല്ലാതെയും അറിയിച്ച മലയാള കലാ-സാഹിത്യത്തിലെ പ്രശസ്തരും പ്രമുഖരുമായ- പത്മശ്രീ ശ്രീ. കെ. ജി. ജയൻ (ജയ വിജയ), ശ്രീ വയലാർ ശരത് ചന്ദ്ര വർമ്മ, ശ്രീ മഞ്ചുനാഥ്‌ വിജയൻ (s/o. ശ്രീ. വിജയ (ജയവിജയ). പ്രശസ്ത കവിയും എൻറെ സഹപാഠിയുമായ ശ്രീ. മാധവൻ പുറച്ചേരി, ദുബായിലെ സാംസ്കാരിക രംഗത്തെ എൻറെ അനുജൻ രാജു പയ്യന്നൂർ, അതോടൊപ്പം ഗ്രാഫിക്സ് കവർ പേജ് നൽകിയ എൻറെ മകൾ അശ്വിനി രവീന്ദ്രൻ ഓരോ കവിതയ്ക്കും അനുയോജ്യമായ ചിത്രങ്ങൾ വരച്ചു തന്ന മകളുടെ സുഹൃത്തുക്കൾ, ഭാഷാ ബുക്ക്സ് ടീം അംഗങ്ങൾ, അങ്ങിനെ എല്ലാവരോടുമുള്ള നന്ദിയും സ്നേഹവും കടപ്പാടും ഈ പുസ്തകം നിങ്ങളിലെത്തിക്കാൻ സഹായിച്ചു.
നന്ദിയോടെ വിനയപൂർവ്വം
രവീന്ദ്രൻ കൈപ്രത്ത് (ദുബൈ )
അന്നൂർ, പയ്യന്നൂർ
കണ്ണൂർ ജില്ല.

Back to Top