പാലക്കുന്ന് ക്ഷേത്രത്തിൽ മൂന്ന് പണിക്കന്മാർ ഇന്ന് ഒത്തുകളിക്കും

Share

രാത്രിയിൽ പൂരംകുളിയും 24ന് ഉത്രവിളക്കും

പാലക്കുന്ന് : പൂരോത്സവത്തിന്റെ ഭാഗമായി മറുത്തു കളി നടക്കുന്ന ഒരിടത്തും നടക്കാറില്ലാത്ത മൂന്ന് പണിക്കന്മാർ ഒരുമിച്ചുള്ള ‘ഒത്തുകളി’ക്ക് ഇന്ന് (23) പാലക്കുന്ന് കഴകം ഭഗവതി ക്ഷേത്രം വേദിയാകും. കഴകത്തിലെ മൂന്ന് തറകളിലെ പണിക്കന്മാർ തമ്മിലുള്ള വാദ പ്രതിവാദ സംവാദങ്ങൾ ഇന്നലെ(22) രാത്രിയോടെ പൂർത്തിയായി. ഇന്ന് പൂവിടലിന് ശേഷം പൂരക്കളിക്ക് വിളക്ക് വെച്ചാൽ മൂന്ന് പണിക്കന്മാർ ഒരുമിച്ച് കളി തുടങ്ങും. പെരുമുടിപണിക്കരും സംഘവുമാണ് മുൻകളി തുടങ്ങുക. തുടർന്ന് മേൽത്തറ, കീഴ്ത്തറ സംഘങ്ങൾ കളിയിൽ അണിചേരും. 18 നിറങ്ങളും രാമായണവും ചീന്തും കളിച്ച് സന്ധ്യയ്ക്ക് ശേഷം വന്ദന, നാട്യങ്ങൾ,

നാടകം, യോഗിയും പൂർത്തിയാക്കി പണിക്കന്മാർ കുളി കഴിഞ്ഞ് തിരിച്ചു പന്തലിൽ പ്രവേശിക്കും. തുടർന്ന് പൂരക്കളിയുമായി ബന്ധപ്പെട്ട സവിശേഷ ചടങ്ങായ ‘ആണ്ടുംപള്ളും’ പാടി പൊലിപ്പിച്ച് വിളക്കെടുക്കുന്നതോടെ കളി അവസാനിക്കും. തുടർന്നാണ് അവസാന ചടങ്ങായ പൂരംകുളി നടക്കുക. തിടമ്പും തിരുവായുധങ്ങളും പൂരത്തറയിൽ വെച്ച് അത്തും താളിയും തേച്ച് കുളിപ്പിച്ച് ശുദ്ധിചെയ്ത് പീഠത്തിൽ വെക്കുന്നതാണ് പൂരംകുളി ചടങ്ങ്.

ക്ഷേത്രത്തിൽ എത്തുന്നവർക്ക് എല്ലാദിവസം മങ്ങണത്തിൽ മാങ്ങാഅച്ചാറ് ചേർത്ത പച്ചരി കഞ്ഞിയും വിളമ്പുന്നുണ്ട്.

 

Back to Top