ആശാൻ വരാനിരിക്കുന്ന കാലത്തിന് വേണ്ടി എഴുതിയ കവി:രാജേന്ദ്രൻ എടത്തുംകര

Share

പെരിയ:വരാനിരിക്കുന്ന കാലത്തിനു വേണ്ടി എഴുതിയ കവിയായിരുന്നതിനാലാണ് കുമാരനാശാൻ ഇക്കാലത്തും പ്രസക്തനാവുന്നതെന്ന് എഴുത്തുകാരനും പ്രഭാഷകനുമായ ഡോ. രാജേന്ദ്രൻ എടത്തുംകര അഭിപ്രായപ്പെട്ടു. ജീവിച്ചിരുന്ന കാലത്തെ അപേക്ഷിച്ച് പിൽക്കാലത്ത് ഏറെ തിരിച്ചറിയപ്പെട്ട കവിയാണ് ആശാൻ. എഴുത്തച്ഛനു ശേഷം വിരൽ മടക്കി എണ്ണാവുന്ന കവികളിൽ എന്തുകൊണ്ടും മുമ്പനാണ് ആശാനെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

കേന്ദ്ര സർവകലാശാല മലയാളം വകുപ്പും നാട്യരത്‌നം കണ്ണൻ പാട്ടാളി സ്മാരക കഥകളി ട്രസ്റ്റും കണ്ണൂർ സർവകലാശാല ബഹുഭാഷാ പഠന കേന്ദ്രത്തിന്റെ സഹകരണത്തോടെ നടത്തുന്ന രണ്ടു ദിവസത്തെ ആശാൻ ചരമശതാബ്ദി സെമിനാറിൽ അനുസ്മരണ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.

സെമിനാർ കേന്ദ്ര സർവകലാശാല വൈസ് ചാൻസലർ പ്രൊഫ. കെ.സി. ബൈജു ഉദ്ഘാടനം ചെയ്തു. കേരളത്തിന്റെ ആധുനികതയിലേയ്ക്കുള്ള പ്രയാണത്തിൽ ആശാൻ കവിതകൾക്കുള്ള സംഭാവന വളരെ വലുതാണെന്ന് അദ്ദേഹം പറഞ്ഞു. ഡോ.എ.എം. ശ്രീധരൻ അധ്യക്ഷത വഹിച്ചു. ഡോ.ആർ. ചന്ദ്രബോസ് സ്വാഗതവും കെ. ദേവി നന്ദിയും പറഞ്ഞു.

വായന – എഴുത്ത് – പുനരെഴുത്ത് എന്ന വിഷയത്തിൽ ഡോ. സി.ജെ.ജോർജും മുണ്ടശ്ശേരിയുടെ ആശാൻ എന്ന വിഷയത്തിൽ ഡോ.പി. പ്രജിതയും പ്രബന്ധങ്ങൾ അവതരിപ്പിച്ചു. പ്രൊഫ. വി.രാജീവ്, ഡോ.കെ.ഹരിദാസ് എന്നിവർ മോഡറേറ്റർമാരായി. ഉച്ചയ്ക്കുശേഷം

കലാമണ്ഡലം ആദിത്യനും സംഘവും അവതരിപ്പിച്ച കരുണാ കാവ്യത്തിന്റെ കഥകളി ആവിഷ്ക്കാരം ഏറെ ശ്രദ്ധേയമായി. തുടർന്ന് ഗവേഷകരായ ഡോ. ശരൺ ചന്ദ്രൻ എൻ.പി. പ്രിയലത, ആയിഷത്ത് ഹസൂറ ബി.എ., അരുൺ രാജ് എം.കെ. എന്നിവരും പ്രബന്ധങ്ങൾ അവതരിപ്പിച്ചു. സെമിനാർ ഇന്ന് വൈകിട്ട് സമാപിക്കും.

 

Back to Top