പാലക്കുന്ന് ക്ഷേത്രത്തിൽ നാളെ മുതൽ മറുത്തു കളിക്ക് തുടക്കം. 2018 ലാണ് അവസാനമായി ഇവിടെ മറുത്തു കളി നടന്നത്

Share

പാലക്കുന്ന് : അഞ്ചു വർഷത്തിന് ശേഷം പാലക്കുന്ന് കഴകം ഭഗവതി ക്ഷേത്ര തിരുമുറ്റം പൂരോത്സവത്തിന്റെ ഭാഗമായി മറുത്തുകളിക്ക് വേദിയാകുന്നു. രാത്രിനാളിലെ പൂരക്കളിയുടെ തുടർച്ചയായി പകൽകളി ദിവസമായ 21 മുതൽ 23 വരെയാണ്‌ പ്രത്യേക പണിക്കന്മാരെ വെച്ച് മറുത്തു കളി അരങ്ങേറുന്നത്. കഴകത്തിലെ മൂന്ന് തറകൾ കേന്ദ്രീകരിച്ചുള്ള മറുത്തുകളിയും തുടർന്നുള്ള പന്തൽക്കളിയും കരിപ്പോടിയിലെ പെരുമുടിത്തറയിൽ 16നും കളിങ്ങോത്തെ മേൽത്തറയിൽ 20നും അവസാനിച്ചു. കീഴൂരിലെ കീഴ്ത്തറയിൽ 21ന് പൂർത്തിയാകും.

പാലക്കുന്ന് ക്ഷേത്ര തിരുമുറ്റത്ത് 21ന് പെരുമുടിത്തറയിലെ രാജീവൻ കൊയങ്കര പണിക്കരും മേൽത്തറയിലെ രാജേഷ് അണ്ടോൾ പണിക്കരും 22ന് പെരുമുടിത്തറ പണിക്കരും കീഴ്ത്തറയിലെ ബാബു അരയി പണിക്കറും മറത്തുകളി നടത്തും. 23ന് ഇവർ മൂവരും തമ്മിലുള്ള ഒത്തുകളിയും നടക്കും.ക്ഷേത്ര പണിക്കർ കുഞ്ഞിക്കോരനും ഒപ്പമുണ്ടാകും. തൃപ്പൂണിത്തറ ഗവ. സംസ്കൃത കോളേജ് ജ്യോതിഷ വിഭാഗം തലവൻ ഡോ.ഇ.എൻ . ഈശ്വരൻ നമ്പൂതിരി അധ്യക്ഷനായി മറുത്തുകളി നിയന്ത്രിക്കും.

മുൻ കാലങ്ങളിൽ ഒന്നിടവിട്ട വർഷങ്ങളിൽ പാലക്കുന്ന് ക്ഷേത്രത്തിൽ മറുത്തു കളി നടത്തിയിരുന്നു. നിലവിൽ

പതിവ് ഉത്സവ ക്രമമനുസരിച്ച് ഇവിടെ പൂരോത്സവത്തിന് മറുത്തു കളി നടത്തുന്ന രീതിയില്ല. ക്ഷേത്ര കലണ്ടറിൽ പോലും മറുത്തുകളി ഉത്സവത്തിന്റെ ഭാഗമായി ചിട്ടപ്പെടുത്താറില്ല. വടക്കേ മലബാറിലെ മറ്റു തീയ കഴകങ്ങളിൽ പൂരോത്സവത്തിന് പൂരക്കളിയും മറുത്തുകളിയും പരസ്പര പൂരകങ്ങളാണ്. പക്ഷേ പാലക്കുന്നിൽ മറുത്തുകളി പൂരോത്സവത്തിന്റെ സ്ഥിരം ഭാഗമല്ല.ഇനി അടുത്ത മറുത്തുകളി എന്നാണെന്നു മുൻകൂട്ടി പറയാനും വയ്യ.

മറത്തു കളി

മറുത്തുകളിയിലെ പ്രമേയങ്ങളെല്ലാം സംസ്കൃത സാഹിത്യത്തിലെ ശബ്ദാർഥ അസാധാരണത്വത്തിൽ അതിഷ്ഠതമാണ് . അത് മലയാളത്തിൽ വ്യാഖ്യാനിച്ച് തങ്ങളുടെ അറിവിന്റെ മികവ് പൊതുസമക്ഷം അവതരിപ്പിച്ച്

പണിക്കന്മാർ മിടുക്ക് കാട്ടും . ഇരു പക്ഷവും തർക്കം മൂത്ത് വിഷയത്തിൽ നിന്ന് അകന്ന് പോകുമ്പോൾ അധ്യക്ഷൻ ഇടപെട്ട് തീർപ്പ് കല്പ്പിച്ച് അടുത്ത വിഷയത്തിലേക്ക് കടക്കും. ഇത് കണ്ടു പഠിക്കാനും രസിക്കാനും നിരവധി പേർ ഈ ദിവസങ്ങളിൽ ക്ഷേത്രത്തിലെത്തും. ഒന്നാം പൂരനാളായ 23ന് പൂവിടലിന് ശേഷം പെരുമുടിത്തറ പണിക്കരും സംഘവും കളിക്ക് തുടക്കം കുറിക്കും. തുടർന്ന് മറ്റു പണിക്കന്മാരും സംഘവും കളിയിൽ അണി ചേരും. ഒന്നാം നിറം മുതൽ 18നിറം വരെയും രാമായണവും ചീന്തും കളിച്ച് സന്ധ്യക്ക് ശേഷം വന്ദന, നാട്യം, നാടകം, യോഗി എന്നിവ പൂർത്തിയാക്കി മൂന്ന് പണിക്കന്മാരും കുളികഴിഞ്ഞ് കച്ചയും ചുറ്റി ‘ആണ്ടും പള്ളും’ പാടി പൊലിപ്പിച്ച്

വിളക്കെടുക്കുന്നതോടെ പൂരക്കളി സമാപിക്കും. തുടർന്ന് രാത്രി പൂരോത്സവത്തിന്റെ വിശേഷാൽ ചടങ്ങായ പൂരംകുളി നടക്കും. അഞ്ചു വർഷത്തിന് ശേഷം നടക്കുന്ന

മറുത്ത്കളിക്ക് വേണ്ട ഒരുക്കങ്ങൾ പൂർത്തിയായിട്ടുണ്ടെന്ന് ക്ഷേത്ര ഭരണ സമിതി പ്രസിഡന്റ്‌ അഡ്വ. കെ. ബാലകൃഷ്ണൻ അറിയിച്ചു. ഈ ദിവസങ്ങളിൽ രാവിലെ ഭക്തർക്ക് തുലാഭാര സമർപ്പണം നടത്താവുന്നതാണ്.

Back to Top