ആയിരത്തിരി കാണാൻ ആയിരങ്ങളെത്തി; ഭരണി ഉത്സവം ഇന്ന് കൊടിയിറങ്ങും

Share

പാലക്കുന്ന് : ഭക്തജന സഹസ്രങ്ങളിൽ അനുഗ്രഹവർഷമേകി കളംകയ്യേൽക്കലും ചുവട്മായ്ക്കലും കലശം കയ്യേൽക്കലും ശ്രീബലിയും പൂരക്കളിയും കണ്ട ധന്യതയിൽ പാലക്കുന്ന് കഴകം ഭഗവതി ക്ഷേത്ര ഭരണി ഉത്സവ ആയിരത്തിരി കണ്ട് പുരുഷാരം മടങ്ങി.

ഉദുമ പടിഞ്ഞാർക്കര പ്രദേശത്തു നിന്നുള്ള തിരുമുൽകാഴ്ചയാണ്‌ ക്ഷേത്രത്തിൽ ആദ്യമെത്തിയത്. തുടർന്ന് അരവത്ത്-കുതിരക്കോട് -മുതിയക്കാൽ, ഉദുമ കൊക്കാൽ, പള്ളിക്കര തണ്ണീർപുഴ, അരമങ്ങാനം-കൂവത്തൊട്ടി, പള്ളിപ്പുറം പ്രദേശങ്ങളിൽ നിന്നും കാഴ്ചകളെത്തി സമർപ്പണം പൂർത്തിയാക്കി. തുടർന്നാണ് അനുഷ്ഠാന ചടങ്ങുകൾ തുടങ്ങിയത്.

വൈദ്യുത പ്രഭാവലിയും നിശ്ചചല, ചലന ദൃശ്യങ്ങളുമായുള്ള ഘോഷയാത്രയിൽ വർണരാജി വിരിയുന്ന മുത്തുക്കുടകൾക്ക് കീഴിൽ നിറദീപം തെളിയിച്ചു ബാലികമാരുടെ താലപ്പൊലിയും വിവിധ കലാ-കായിക പ്രകടനങ്ങളും നൃത്തങ്ങളും വർണപൊലിമയേകി. പകൽ സമയങ്ങളിൽ കളനാട് തെക്കേക്കര പ്രാദേശിക മാതൃസമിതിയുടെ ലളിതാ സഹസ്ര നാമ പാരായണവും ക്ഷേത്ര ഭജന സമിതിയുടെ ഭജനയും, മഞ്ചേശ്വരം കൃഷ്ണാസുനിൽ സംഘത്തിന്റെ ഭരതനാട്യവുമുണ്ടായിരുന്നു. തിങ്കൾ രാവിലെ ഉത്സവത്തിന് കൊടിയിറങ്ങും. ഉച്ചയോടെ എഴുന്നള്ളത്ത്‌ ഭണ്ഡാര വീട്ടിലേക്ക് മടങ്ങും.

Back to Top