പാലക്കുന്ന് ഭരണി: ഭൂതബലി, താലപ്പൊലി ഉത്സവങ്ങൾ സമാപിച്ചു: ഐതീഹ്യ പെരുമ നിറഞ്ഞ കളംകയ്യേൽക്കൽ ചടങ്ങിന് തുടക്കം കുറിച്ചു. ഇന്ന് (ഞായർ) ആയിരത്തിരി ഉത്സവം

Share

പാലക്കുന്ന് : പാലക്കുന്ന് കഴകം ഭഗവതി ക്ഷേത്രത്തിൽ ഭരണി ഉത്സവത്തിന്റെ ഭാഗമായ ഭൂതബലി, താലപ്പൊലി ഉത്സവങ്ങൾ സമാപിച്ചു. ദണ്ഡൻ ദേവന്റെ ഉത്സവമാണ് ഭൂതബലി. പുലർച്ചെ നടന്ന ചടങ്ങിൽ കളംമായ്ക്കലും കലശവും താലപ്പൊലിയുമായി എഴുന്നള്ളത്തും ഉണ്ടായിരുന്നു.

സർപ്പ കാവുകളും നാഗദേവാലയങ്ങളും നാഗത്തറകളും വടക്കൻ മണ്ണിൽ ഏറെയുണ്ടെങ്കിലും പാലക്കുന്ന് ക്ഷേത്രത്തിലേതു പോലെ കളമെഴുത്തിലൂടെ ഭീമാകാരമായ നാഗരൂപങ്ങളെ സൃഷ്ടിച്ച് അനുഷ്ഠാന വിധികളോടെ കളം കയ്യേൽക്കലും ചുവട് മായ്ക്കലും നടത്തുന്ന ചടങ്ങ് മറ്റെങ്ങുമില്ലാത്തതാണ് . ഭൂതബലി ദിവസം കളത്തിൽ ഒരു തലയുള്ളതും താലപ്പൊലി ദിവസം രണ്ട് തലയുള്ള തും ആയിരത്തിരി ദിവസം മൂന്ന് തലയുമുള്ള സർപ്പരൂപങ്ങളെയാണ്‌ വരയ്ക്കുക. ദുർഗയും ദാരികാസുരനും തമ്മിൽ നടന്ന ഘോര യുദ്ധമാണ് പ്രമേയം. സർപ്പരൂപം പൂണ്ട് ദേവിയുടെ ദൃഷ്ടിയിൽ നിന്ന് ഒളിഞ്ഞു നിൽക്കുന്ന ദാരികനെ നിഗ്രഹിക്കുന്ന രംഗമാണ് മൂന്ന് ദിവസങ്ങളിലായി കളമെഴുത്തിലൂടെ പുനഃസൃഷ്ടിക്കുന്നത്. കുങ്കുമം , പച്ച, മഞ്ഞൾ, കരി, അരി എന്നിവ നേർമയോടെ പൊടിച്ച പഞ്ചവർണ പ്പൊടികൾ കൊണ്ടാണ് കലാഭംഗിയുള്ള രൂപങ്ങൾ ക്ഷേത്ര കർമി രവീന്ദ്രൻ കളക്കാരനും സഹായികളും ചേർന്ന് ക്ഷേത്ര തിരുമുറ്റത്ത് ഒരുക്കുന്നത്. തുടർന്ന് സർവാലങ്കാര വിഭൂഷിതരായി അരങ്ങിലെത്തുന്ന ദേവി ദേവന്മാരുടെ പ്രതിപുരുഷന്മാരായ സ്ഥാനികരുടെ സമക്ഷം കളക്കാരൻ സ്തുതികൾ ചൊല്ലി ദേവിദേവന്മാരെ സംപ്രീതരാക്കുന്നതോടെ കളം കയ്യേൽക്കൽ ആരംഭിക്കും. ചെണ്ട മേളത്തിന്റെ അകമ്പടിയിൽ നർത്തകന്മാർ നാല് ദിക്കൊപ്പിച്ചു ചുവട് മായ്ക്കലും നടക്കും. നർത്തകർ കളമൊഴിയുന്നതോടെ പൊടി നെറ്റിയിൽ വയ്‌ക്കാനും ശേഖരിച്ച് വീട്ടിലെത്തിക്കാനും ഭക്തർ തിരക്കുകൂട്ടും. ഏറെ വിശേഷപ്പെട്ടതും ഔഷധഗുണമുള്ളതുമായ പ്രസാദമാണിതെന്നും പ്രേതബാധകൾ അകറ്റിനിർത്താനാണിതെന്നുമാണ് വിശ്വാസം. മൂത്തഭഗവതിയുടെയും ഇളയഭാഗവതിയുടെയും തിരുമുൻപിൽ കഴിഞ്ഞ ദിവസങ്ങളിൽ ഈ ചടങ്ങ് നടന്നു . ഞായറാഴ്ച ആയിരത്തിരി നാളിൽ മൂത്തഭഗവതിയുടെ മുൻപിൽ മൂന്ന് തലയുള്ള സർപ്പരൂപം വരച്ചാണ് ചടങ്ങ് പൂർത്തിയാക്കുന്നത്. വിവിധ പ്രദേശങ്ങളിൽ നിന്നുള്ള തിരുമുൽ കാഴ്ചാ സമർപ്പണങ്ങൾക്ക് ശേഷമാണ് ആയിരത്തിരി ശ്രീബലി തുടങ്ങുക. കെട്ടിചുറ്റിയ നർത്തകന്മാർ ഭണ്ഡാരവീട്ടിൽ കലശം കയ്യേൽക്കൽ നടത്തി ഭരണികുഞ്ഞിന്റെ സാന്നിധ്യത്തിൽ തിരിച്ചെഴുന്നള്ളിയ ശേഷമാണ് മറ്റ് ചടങ്ങുകൾ ആരംഭിക്കുക. നോറ്റിരുന്ന കുഞ്ഞുങ്ങൾ അടക്കം ആയിരത്തിരി എഴുന്നള്ളത്ത്‌ 11 വട്ടം പ്രദക്ഷിണം വെച്ച് കലശം കയ്യേൽക്കും. ദാരിക നിഗ്രഹത്തിന്റെ വിജയാഘോഷമാണ് ആയിരത്തിരി ഉത്സവമെന്ന് സങ്കല്പം.

തിങ്കളാഴ്ച്ച രാവിലെ 6.30ന് ഉത്സവം കൊടിയിറങ്ങും

ഞായറാഴ്ച പരിപാടികൾ

രാവിലെ 10 ന് കളനാട് തെക്കേക്കര മാതൃസമിതിയുടെ ലളിതാ സഹസ്രനാമ പാരായണം. 2ന് ക്ഷേത്ര ഭജന സമിതിയുടെ ഭജന. 4ന് വിദുഷി ലതാശശിധരന്റെ ശിഷ്യ മഞ്ചേശ്വരം കൃഷ്ണാസുനിൽ സംഘത്തിന്റെ ഭാരതനാട്യം. രാത്രി 8ന് പൂരക്കളി.

11ന് ഉദുമ പടിഞ്ഞാർക്കര , 11.45ന് അരവത്ത്‌ -കുതിരക്കോട് -മുതിയക്കാൽ, 12.30ന് ഉദുമ കൊക്കാൽ, 1.15ന് പള്ളിക്കര തണ്ണീർപുഴ, 2ന് അരമങ്ങാനം-കൂവത്തൊട്ടി-പള്ളിപ്പു റം പ്രദേശങ്ങളിൽ നിന്നുള്ള തിരുമുൽകാഴ്ച സമർപ്പണങ്ങൾ.

Back to Top