പാലക്കുന്ന് ഭരണി മഹോത്സവം : കൊടിയേറ്റം കാണാൻ ആയിരങ്ങൾ  

Share

പാലക്കുന്ന് : പാലക്കുന്ന് കഴകം ഭഗവതി ക്ഷേത്ര ഭരണി ഉത്സവത്തിന് ഭക്തിസാന്ദ്രമായ തുടക്കം.

അർധരാത്രിക്ക് ശേഷമാണ് കൊടിയേറ്റ ചടങ്ങുകൾ പൂർത്തിയായതെങ്കിലും വലിയൊരു പുരുഷാരമാണ് ഇത് കാണാൻ ക്ഷേത്രത്തിലെത്തിയത്. പള്ളിപ്പുറം-കൂവത്തൊട്ടി-അരമങ്ങാനം തിരുമുൽകാഴ്ചയുടെ ഭാഗമായുള്ള 101 വർണ മുത്തുക്കുടകളും രണ്ട് സത്യക്കുടകളും ഭണ്ഡാര വീട്ടിൽ കൊടിയേറ്റ നാളിൽ സമർപ്പിച്ചു. ക്ഷേത്രത്തിലെ അനുഷ്ഠാന ആചാര ചടങ്ങുകളും ഐതീഹ്യങ്ങളും കോർത്തിണക്കി സംഘം ഷാഫി എന്ന കരിപ്പോടി മുഹമ്മദ്‌ ഷാഫി സംവിധാനം ചെയ്ത ‘പാലക്കുന്നമ്മ’ എന്ന ഹ്രസ്വ ചിത്രത്തിന്റെ പ്രകാശനവും അതിന്റെ പ്രദർശനവും ക്ഷേത്രത്തിൽ നടന്നു. ഷാഫിയെയും പിന്നിൽ പ്രവർത്തിച്ചവരെയും തിരു സന്നിധിയിൽ ആദരിച്ചു.

8ന്( ഇന്ന്) പകൽ അച്ചേരി മഹാവിഷ്ണു ക്ഷേത്ര മാതൃസമിതിയുടെയും ഉദയമംഗലം കൃഷ്ണമുരാരി വനിതാ സംഘത്തിന്റെയും ലളിതാ സഹസ്രനാമ പാരായണവും രാത്രി പൂരക്കളിയും ഉണ്ടായിരുന്നു.

നീർവേട്ട സമുദായക്കാരുടെ ഭൂതബലിപ്പാട്ട് ദേവലോകത്ത് നിന്ന് ദേവി ഇറങ്ങിവരുന്ന കഥകൾ പാടി കേൾപ്പിച്ചു. പുലർച്ചെ ഭൂതബലി ഉത്സവം നടന്നു.

9ന് (ശനി) താലപ്പൊലി ഉത്സവമാണ്. ഉച്ചയ്ക്ക് 12ന് കാസർകോട് കല്ലങ്കയ് ഹരിജാൽ മഹാവിഷ്ണു മഹിളാ സംഘവും 2ന് പെരിയ പതിക്കാൽ ദേവി സമിതിയും ഭജന നടത്തും.4ന് ക്ഷേത്ര സംഘത്തിന്റെ ലളിതാ സഹസ്ര നാമ പാരായണം നടക്കും. രാത്രി 8ന് പൂരക്കളി.11ന് കേന്ദ്രമാതൃസമിതിയുടെ നേതൃത്വത്തിൽ വിവിധ പ്രാദേശിക സമിതികളുടെ നൃത്തനിശയിൽ തിരുവാതിരകളി, നാടോടി നൃത്തം, പെൺകുട്ടികളുടെ പൂരക്കളി എന്നിവ ഉണ്ടായിരിക്കും. പുലർച്ചെയാണ്‌ താലപ്പൊലി ഉത്സവം.

Back to Top