ഇന്ന് മഹാശിവരാത്രി; ഭ​ഗവാനെ ഭജിച്ച് ഭക്തർ‌

Share

കുഭ മാസത്തിലെ കൃഷ്ണ ചതുർദശിയിലാണ് മഹാശിവരാത്രി ആഘോഷിക്കുന്നത്. ഭ​ഗവാൻ ശിവനെ പ്രീതിപ്പെടുത്താനുള്ള എട്ട് വ്രതങ്ങളിൽ‌ പ്രധാനപ്പെട്ട ഒന്നാണ് ശിവരാത്രി. ശിവരാത്രി വ്രതമെടുക്കുന്നത് ജീവിതത്തിൽ ചെയ്ത പാപങ്ങളിൽ നിന്ന് മുക്തി ലഭിക്കുമെന്നാണ് വിശ്വാസം. ഇന്നേ ദിവസത്തിൽ തന്നെ പിതൃക്കൾക്ക് ബലിയർപ്പിക്കുകയും ചെയ്യുന്നു.

ദേവന്മാരും അസുരന്മാരും ചേർന്ന് പാലാഴി കടയുമ്പോൾ‌ ഭൂമിയെ നശിപ്പിക്കാൻ കഴിയുന്ന കാളകൂട വിഷം പുറത്തുവന്നു. വിഷം ഭൂമിയിൽ സ്പർശിച്ച് ജീവജാലങ്ങൾക്ക് നാശം ഉണ്ടാകാതിരിക്കാനായി, ലോകരക്ഷയ്‌ക്കായി ശിവഭ​ഗവാൻ ആ വിഷം പാനം ചെയ്തു. ഈ വിഷം ഉള്ളിൽ ചെന്ന് ഹാനികരമാകാതിരിക്കാനായി പാർവതി ദേവീ മഹാദേവന്റെ കണ്ഠത്തിൽ മുറുകെ പിടിച്ചു. എന്നാൽ വായിൽ നിന്ന് പുറത്ത് പോകാതിരിക്കാനായി മഹാ വിഷ്ണു, ശിവന്റെ വായ പൊത്തിപ്പിടിച്ചു. വിഷം മഹാദേവന്റെ കണ്ഠത്തിൽ ഉറഞ്ഞു, കഴുത്തിൽ നീല നിറമാവുകയും ചെയ്തു. അങ്ങനെയാണ് ശിവന് നീലകണ്ഠൻ എന്ന പേര് വന്നത്. ദേവന് ആപത്ത് വരാതിരിക്കാനായി പാർവ്വതി ദേവീ ഉറക്കമഴിച്ച് പ്രാർത്ഥിച്ച ദിവസമാണ് ശിവരാത്രിയായി ആഘോഷിക്കുന്നത്.

വ്രതമെടുക്കുന്നതും ശിവ ക്ഷേത്രത്തിൽ ദർശനം നടത്തുന്നതുമാണ് ഇന്നേ ദിവസത്തിന്റെ പ്രത്യേകത. സകല പാപങ്ങളെയും ഇല്ലാതാക്കുന്നതാണ് മഹാവ്രതം എന്നറിയപ്പെടുന്ന ശിവരാത്രി വ്രതം. കുടുംബത്തിൽ ഐശ്വര്യവും അഭിവൃദ്ധിയും ഉണ്ടാകുന്നതിനും ​ദീർഘായുസിനും ഉത്തമമാണ്. ഇന്നേ ദിവസം ഭ​ഗവാന് സമർപ്പിക്കുന്ന വഴിപാടുകളും അതീവ ഫലദായകമാണ്. കൂവളത്തില സമർപ്പണമാണ് ഇതിൽ പ്രധാനം. പിൻവിളക്ക്, ജലധാര എന്നിവയും സമർപ്പിക്കാവുന്നതാണ്.

Back to Top