കാട്ടാന ആക്രമണത്തിൽ വയോധിക കൊല്ലപ്പെട്ടതുമായി ബന്ധപ്പെട്ട് കോതമംഗലം ടൗണിൽ നടന്ന പ്രതിഷേധത്തിൽ അറസ്റ്റിലായ മാത്യു കുഴൽനാടൻ എംഎൽഎക്കും ഷിയാസിനും താത്കാലിക ജാമ്യം

Share

നേര്യമംഗലം കാഞ്ഞിരവേലിൽ കാട്ടാന ആക്രമണത്തിൽ വയോധിക കൊല്ലപ്പെട്ടതുമായി ബന്ധപ്പെട്ട് കോതമംഗലം ടൗണിൽ നടന്ന പ്രതിഷേധത്തിൽ അറസ്റ്റിലായ മാത്യു കുഴൽനാടൻ എംഎൽഎക്കും എറണാകുളം ഡിസിസി പ്രസിഡന്റ് മുഹമ്മദ് ഷിയാസിനും മണിക്കൂറുകൾക്കു ശേഷം പുലർച്ചെ രണ്ടരയോടെ ഇടക്കാല ജാമ്യം ലഭിച്ചു. കണ്ടാലറിയാവുന്ന 30 പേർക്കെതിരെയാണു പൊലീസ് കേസെടുത്തത്. ആശുപത്രിയിൽ ആക്രമണം, മൃതദേഹത്തോട് അനാദരവ് അടക്കം ജാമ്യമില്ലാ വകുപ്പുകൾ ചുമത്തിയാണ് കേസ്.

റോഡ് ഉപരോധത്തിനെതിരെ ഡീൻ കുര്യാക്കോസ് എം പി, മാത്യു കുഴൽനാടൻ എംഎൽഎ, ഷിബു തെക്കുംപുറം എന്നിവരെ പ്രതിചേർത്തു. മാത്യു കുഴൽനാടനാണ് ഒന്നാംപ്രതി. കാട്ടാന കൊലപ്പെടുത്തിയ ഇന്ദിര രാമകൃഷ്ണന്റെ (72) മൃതദേഹവുമായി കോതമംഗലം ടൗണിൽ നടത്തിയ പ്രതിഷേധത്തിനിടെയായിരുന്നു നാടകീയ രംഗങ്ങൾ.

മൃതദേഹം വിട്ടുതരില്ലെന്ന് പറഞ്ഞ് ഇന്ദിരയുടെ സഹോദരൻ ഉൾപ്പെടെയുള്ള ബന്ധുക്കൾ മൃതദേഹത്തിന് മേൽ കിടന്ന് പ്രതിഷേധിച്ചു. എന്നാൽ പൊലീസ് അവരെയെല്ലാം ബലമായി തട്ടിമാറ്റി. മൃതദേഹം കിടത്തിയ ഫ്രീസർ റോഡിലൂടെ വലിച്ച് ആംബുലൻസിൽ കയറ്റി. മൃതദേഹമടങ്ങിയ ഫ്രീസർ ആംബുലൻസിൽ കയറ്റിയ ശേഷം ഡോർ പോലും അടയ്ക്കാതെയാണ് വാഹനം മുന്നോട്ടു നീങ്ങിയത്.

Back to Top