ത്യാഗരാജ-പുരന്ദരദാസ സംഗീതാരാധന: ഉഞ്ഛവൃത്തിയും പഞ്ചരത്നകീർത്തനാലാപനവും നടന്നു

Share

കാഞ്ഞങ്ങാട്:സദ്ഗുരു സംഗീതസഭയുടെ നേതൃത്വത്തിൽ കാഞ്ഞങ്ങാട്ട് നടക്കുന്ന ശ്രീ ത്യാഗരാജ-പുരന്ദരദാസ സംഗീതാരാധയിൽ സുപ്രധാന ചടങ്ങായ ഉഞ്ചവൃത്തിയും പ്രശസ്ത സംഗീതജ്ഞർ പങ്കെടുത്ത പഞ്ചരത്ന കീർത്തനാലാപനവും നടന്നു.

ത്യാഗരാജ സ്വാമികൾ ഭിക്ഷ യാചിച്ച് ഉപജീവനം കഴിച്ചതിനെ അനുസ്മരിച്ചാണ് ഉഞ്ഛവൃത്തി നടത്തുന്നത്. അതത് ദിവസത്തേക്ക് ആവശ്യമുള്ള ഭക്ഷ്യധാന്യങ്ങൾക്കു വേണ്ടി മാത്രമാണ് ത്യാഗരാജ സ്വാമികൾ ഭിക്ഷ തേടിയിരുന്നത്. ബാക്കി വരുന്നത് ദാനം ചെയ്ത് പിറ്റേ ദിവസം വീണ്ടും ഭിക്ഷ തേടിയിറങ്ങും. രാജസ്തുതി പാടിയാൽ ശരീരഭാരത്തിനു തുല്യം സ്വർണം വാഗ്ദാനം ചെയ്തിട്ടും നിരസിക്കുകയായിരുന്നു സ്വാമികൾ ചെയ്തത്. ശ്രീരാമൻ മാത്രമാണ് തനിക്ക് വലുതെന്ന് പറഞ്ഞ് എല്ലാ പ്രലോഭനങ്ങളിൽ നിന്നും അദ്ദേഹം അകന്നു ജീവിച്ചു. ലളിതജീവിതത്തിൻ്റെ ഈ മഹത്തായ മാതൃക പുന:സൃഷ്ടിക്കുകയാണ് ഉഞ്ഛവൃത്തിയിലൂടെ ചെയ്യുന്നത്. കെ.രവി അഗ്ഗിത്തായയാണ് കാഞ്ഞങ്ങാട്ടെ ഉഞ്ഛവൃത്തിയിൽ ത്യാഗരാജ സ്വാമികളുടെ വേഷമണിയുന്നത്. സിദ്ധിവിനായക ക്ഷേത്ര സമീപമുള്ള വീടുകളിൽ നിലവിളക്കും പുഷ്പങ്ങളും ധാന്യവുമായി ഉഞ്ഛവൃത്തി സംഘത്തെ സ്വീകരിച്ചു. ഇങ്ങനെ ലഭിക്കുന്ന തേങ്ങയും അരിയും പായസം വിളമ്പുകയാണ് പതിവ്.

തുടർന്ന് പഞ്ചരത്ന കീർത്തനങ്ങൾ സംഘമായി ആലപിച്ചു. നാട്ട, ഗൗള, ആരഭി, വരാളി, ശ്രീരാഗം എന്നീ രാഗങ്ങളിൽ ചിട്ടപ്പെടുത്തിയ അഞ്ചു കീർത്തനങ്ങളാണ് പഞ്ചരത്നത്തിൻ്റെ ഭാഗമായി പാടുന്നത്. പ്രസിദ്ധമായ എന്തരോ മഹാനുഭാവലു പഞ്ചരത്നത്തിൻ്റെ ഭാഗമാണ്. സംഗീതജ്ഞൻ കാഞ്ഞങ്ങാട് ടി.പി. ശ്രീനിവാസൻ പഞ്ചരത്നത്തിന് നേതൃത്വം നൽകി.

ഇന്നലെ നടന്ന കച്ചേരിയിൽ ആർ അശ്വത്ഥ് നാരായണൻ പാടി. ആരഭി രാഗത്തിൽ നാദസുധാ എന്ന ത്യാഗരാജ കൃതിയോടെ കച്ചേരി ആരംഭിച്ചു. കാംബോജിയിൽ എവരിമാട്ട എന്ന കീർത്തനമാണ് പ്രധാനമായി വിസ്തരിച്ച് പാടിയത്. വയലിനിൽ ആർ കെ ശ്രീറാംകുമാർ, മൃദംഗത്തിൽ പാലക്കാട് കെ.എസ്. മഹേഷ് കുമാർ, ഘടത്തിൽ ട്രിച്ചി കൃഷ്ണസ്വാമി എന്നിവർ പക്കമേളം തീർത്തു.

Back to Top