പൂക്കോട് വെറ്റിനറി കോളജിലെ വിദ്യാർത്ഥിയായ സിദ്ധാർത്ഥ് ജീവനൊടുക്കിയ സംഭവത്തില്‍ എസ്എഫ്ഐ യൂണിറ്റ് സെക്രട്ടറിയടക്കം മൂന്ന് പേർ പോലീസിന് മുൻപിൽ കീഴടങ്ങി.

Share

വയനാട്: പൂക്കോട് വെറ്റിനറി കോളജിലെ വിദ്യാർത്ഥിയായ സിദ്ധാർത്ഥ് ജീവനൊടുക്കിയ സംഭവത്തില്‍ ആരോപണ വിധേയരായ എസ്എഫ്ഐ യൂണിറ്റ് സെക്രട്ടറിയടക്കം മൂന്ന് പേർ പോലീസിന് മുൻപിൽ കീഴടങ്ങി. എസ്എഫ്ഐ യൂണിറ്റ് സെക്രട്ടറി അമൽ ഇഹ്സാനാണ് കീഴടങ്ങിയത്. കോളേജ് യൂണിയൻ ചെയർമാൻ അരുണും കീഴടങ്ങിയവരിൽ ഉൾപ്പെടുന്നു. ഇയാൾ മാനന്തവാടി സ്വദേശിയാണ്.കൽപറ്റയിലെ ഡിവൈഎസ്‌പി ഓഫീസിലെത്തിയാണ് ഇവർ കീഴടങ്ങിയത്. പോലീസ് ഇവരെ ചോദ്യം ചെയ്യുകയാണ്. ഇന്ന് ഇവരുടെ അറസ്‌റ്റ് രേഖപ്പെടുത്തും. മിനിഞ്ഞാന്ന് രാത്രി കസ്‌റ്റഡിയിലെടുത്ത അഖിലിന്റെ അറസ്‌റ്റും രേഖപ്പെടുത്തിയതോടെ, ആകെയുള്ള 18 പ്രതികളിലെ 10 പേരും പോലീസ് പിടിയിലായി. ഇനി 8 പേരെയാണ് പിടികൂടാനുള്ളത്.

വയനാട് പൂക്കോട് വെറ്ററിനറി സർവ്വകലാശാലയിലെ വിദ്യാർത്ഥി സിദ്ധാർത്ഥിന്റെ മരണത്തിൽ പ്രത്യേക അന്വേഷണസംഘം രൂപീകരിക്കാൻ മുഖ്യമന്ത്രി പിണറായി വിജയൻ സംസ്ഥാന പോലീസ് മേധാവിക്ക് നിർദ്ദേശം നൽകിയിരിന്നു.

ബിവിഎസ്സി രണ്ടാംവര്‍ഷ വിദ്യാര്‍ഥിയായ തിരുവനന്തപുരം നെടുമങ്ങാട് സ്വദേശി സിദ്ധാര്‍ഥ(21)നെ ഫെബ്രുവരി 18നാണ് ഹോസ്റ്റലിലെ കുളിമുറിയില്‍ മരിച്ചനിലയില്‍ കണ്ടെത്തിയത്. വാലെന്റൈന്‍സ് ഡേ ദിനാചരണവുമായി ബന്ധപ്പെട്ട് കോളേജിലുണ്ടായ തര്‍ക്കത്തെത്തുടര്‍ന്ന് കോളേജിൽവച്ച് സിദ്ധാര്‍ഥന് ക്രൂരമര്‍ദനവും ആള്‍ക്കൂട്ട വിചാരണയും നേരിടേണ്ടിവന്നുവെന്നാണ് പരാതി. മൂന്നുദിവസം ഭക്ഷണംപോലും നല്‍കാതെ തുടര്‍ച്ചയായി മര്‍ദിച്ചെന്നും ആരോപണമുണ്ടായിരുന്നു. കഴിഞ്ഞദിവസം പുറത്തുവന്ന പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടിലെ വിവരങ്ങള്‍ ഈ ആരോപണങ്ങള്‍ സാധൂകരിക്കുന്നതായിരുന്നു.

Back to Top