കാസർകോട്, ഉദുമ, കാഞ്ഞങ്ങാട്, തൃക്കരിപ്പൂർ മണ്ഡലങ്ങളിൽ നവകേരള സദസ്സ് ഉദ്ഘാടനം ചെയ്ത് മുഖ്യമന്ത്രി

Share

സർക്കാരിന്റെ നേട്ടങ്ങൾ എടുത്തു പറഞ്ഞും പ്രതിപക്ഷത്തെയും കേന്ദ്രസർക്കാരിനെയും വിമർശിച്ചും മുഖ്യമന്ത്രി പിണറായി വിജയൻ. കാസർകോട്, ഉദുമ, കാഞ്ഞങ്ങാട്, തൃക്കരിപ്പൂർ മണ്ഡലങ്ങളിൽ നവകേരള സദസ്സ് ഉദ്ഘാടനം ചെയ്ത് മുഖ്യമന്ത്രി നടത്തിയ പ്രസംഗങ്ങൾ എൽഡിഎഫ് സർക്കാരിൻ്റെ ഭരണ നേട്ടങ്ങൾ അവതരിപ്പിച്ചു

പൗരത്വ ബില്ലുമായി ബന്ധപ്പെട്ട വിഷയത്തിൽ ന്യൂനപക്ഷങ്ങൾക്കൊപ്പംനിന്ന സർക്കാരാണിതെന്ന് അദ്ദേഹം വിവിധ സ്ഥലങ്ങളിൽ ആവർത്തിച്ചു. പലസ്തീൻ യുദ്ധക്കെടുതികൾ നേരിടുമ്പോഴും ഇന്ത്യ അമേരിക്കയെ പ്രീതിപ്പെടുത്താൻ ഇസ്രയേലിനു പിന്തുണ നൽകുകയാണെന്ന് അദ്ദേഹം ആരോപിച്ചു.

കേരളത്തോടും കേരളത്തിലെ ജനങ്ങളോടും കേന്ദ്രസർക്കാർ പകപോക്കുകയാണ്.

കേരളത്തോടും കേരളത്തിലെ ജനങ്ങളോടും കേന്ദ്രസർക്കാർ പകപോക്കുകയാണ്. സംസ്ഥാനത്തിനു സാമ്പത്തികമായി ഒട്ടേറെ പരിമിതികളുണ്ട്. ഭരിക്കുന്നത് ഇടതുപക്ഷം ആയതുകൊണ്ട് സംസ്ഥാനത്തിന്റെ വികസനത്തിനു തുരങ്കംവയ്ക്കാനാണ് അവർ ശ്രമിക്കുന്നത്. സാമ്പത്തികമായി ഞെരുക്കുന്നതിനെതിരെ കേന്ദ്ര ധനമന്ത്രിയെ കാണാൻ കേരളത്തിലെ എല്ലാ എംപിമാരും തീരുമാനിച്ചിരുന്നു. ലോക്സഭാ സമ്മേളനത്തിനു മുന്നോടിയായി വിളിച്ച സംസ്ഥാനത്തെ എംപിമാരുടെ യോഗത്തിൽ ഒറ്റക്കെട്ടായി തീരുമാനം എടുത്തിട്ടും നിവേദനത്തിൽ ഒപ്പുവയ്ക്കാൻ പോലും യുഡിഎഫ് എംപിമാർ തയാറായില്ല. ബിജെപിയുടെ മനസ്സിൽ തങ്ങളെക്കുറിച്ചു ചെറിയൊരു നീരസം പോലും ഉണ്ടാകരുതെന്ന നിർബന്ധബുദ്ധി കോൺഗ്രസിനും യുഡിഎഫിനും എന്തിനാണ്?

സംസ്ഥാനത്ത് ഒന്നും നടക്കില്ലെന്ന ചിന്തയാണ് 2016 നു മുൻപു പൊതുവേ ഉണ്ടായിരുന്നതെങ്കിൽ കഴിഞ്ഞ ഏഴര വർഷം കൊണ്ട് അതിൽ വലിയ മാറ്റമുണ്ടായി. സംസ്ഥാനത്തു നടക്കില്ലെന്നു കരുതിയിരുന്ന ഗെയ്ൽ പൈപ്പ്ലൈൻ, ദേശീയപാത വികസനം തുടങ്ങിയവ നടപ്പാക്കാൻ സാധിച്ചു. ആരോഗ്യ, വിദ്യാഭ്യാസ മേഖലകളിലും വലിയ പുരോഗതി കൈവരിച്ചു. ഇതിനിടയിൽ കോവിഡ്, ഓഖി, നിപ്പ്, പ്രളയം തുടങ്ങി ഒട്ടേറെ പ്രതിസന്ധികളുണ്ടായെങ്കിലും കേരളം മുട്ടുമടക്കിയിട്ടില്ല-അദ്ദേഹം പറഞ്ഞു.

ബിജെപിയും യുഡിഎഫും ചേർന്ന് എകോപിതമായി സർക്കാരിനെയും എൽഡിഎഫിനെയും ആക്രമിക്കുകയാണ്. സർക്കാരിനെ ആക്രമിക്കാൻ പ്രത്യേക ഏജൻസികളെ കണ്ടെത്തുന്നു. യൂത്ത് കോൺഗ്രസ് തിരഞ്ഞെടുപ്പിൽ വോട്ടർപട്ടികയിലെ തിരിച്ചറിയൽ കാർഡ് വ്യാജമായി ഉണ്ടാക്കുന്നു. ഇത് കോൺഗ്രസിന്റെ അധഃപതനമാണ്. – മുഖ്യമന്ത്രി പറഞ്ഞു.

Back to Top