പള്ളിക്കര റെയില്‍വേ മേല്‍പാലം ; സുരക്ഷാ പരിശോധന നടത്തി

പള്ളിക്കര റെയില്‍വേ മേല്‍പാലം ; സുരക്ഷാ പരിശോധന നടത്തി
നീലേശ്വരം : ദേശീയപാതയില്‍ പള്ളിക്കര റെയില്‍വേ മേല്‍പാലത്തിനായി പാളത്തിന് കുറുകെ കോമ്പോസിറ്റ് ഗര്‍ഡറുകള്‍ സ്ഥാപിക്കുന്നതിന് മുന്നോടിയായി റെയില്‍വേ, ദേശീയപാത അതോറിറ്റി ഉദ്യോസ്ഥരുടെ സംയുക്ത സുരക്ഷാ പരിശോധന നടന്നു. ഗര്‍ഡര്‍ സ്ഥാപിക്കല്‍ അതീവ സുരക്ഷയോടെ കൈകാര്യം ചെയ്യേണ്ടതിനാല്‍ സംയുക്ത പരിശോധനക്ക് ശേഷം പ്രവൃത്തിക്കുള്ള അനുമതി നല്‍കാമെന്നതായിരുന്നു റെയില്‍വേ നിലപാട്. റെയില്‍വേ പാലക്കാട് ഡിവിഷണല്‍ എഡിഇഎന്‍ എം.കെ ജഗദീശന്‍, ട്രാക്ക് & ഡിസ്ട്രിബ്യൂഷണല്‍ കണ്ണൂര്‍ വിഭാഗം എഡിഇഎന്‍ സിനി ബാബു, ദേശീയപാത അതോറിറ്റി കോഴിക്കോട് പ്രൊജക്‌ട് ഡെപ്യൂട്ടി മാനേജര്‍ ഷെഫിന്‍ മുഹമ്മദ് എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് പരിശോധന നടത്തിയത്. സിപിഐ എം നേതൃത്വത്തിലും പി.കരുണാകരന്‍ എം.പി ആയിരുന്നപ്പോഴും നടത്തിയ ഇടപെടലിനെയും പ്രക്ഷോഭത്തെയും തുടര്‍ന്നാണ് മേല്‍പാലം പ്രവൃത്തി തുടങ്ങിയത്. കാസർഗോഡ് ജില്ലയിലൂടെ കടന്നുപോകുന്ന ദേശീയപാതയില്‍ റയില്‍വേ ഗേറ്റുള്ള ഏകസ്ഥലം നീലേശ്വരമാണ്. മേല്‍പാലം നിര്‍മാണം പൂര്‍ത്തിയായാല്‍ ഇവിടുത്തെ ഗതാഗത കുരുക്കിന് പരിഹാരമാകും. കോമ്പോസിറ്റ് ഗര്‍ഡറുകള്‍ സ്ഥാപിക്കുന്ന പ്രവൃത്തി അനുമതി ലഭിച്ച് രണ്ടാഴ്‌ചക്കകം തീര്‍ക്കാനാകും. കോണ്‍ക്രീറ്റും റോഡ് നിര്‍മാണവും പൂര്‍ത്തിയാക്കാന്‍ ആറ് മാസമെടുക്കും.