കെ.സുധാകരന്റെ ആര്‍.എസ്.എസ് അനുകൂല പ്രസ്താവനയില്‍ മുസ്ലിം ലീഗിന് അതൃപ്തി

Share

കെ.സുധാകരന്റെ ആര്‍.എസ്.എസ് അനുകൂല പ്രസ്താവനയില്‍ മുസ്ലിം ലീഗിന് അതൃപ്തി

കെ.പി.സി.സി അധ്യക്ഷന്‍ കെ.സുധാകരന്റെ ആര്‍.എസ്.എസ് അനുകൂല പ്രസ്താവനയില്‍ മുസ്ലിം ലീഗിന് അതൃപ്തി. പ്രസ്താവന സിപിഎമ്മിനെ സഹായിക്കുന്നതാണെന്നും ലീഗിനെയടക്കം പ്രതിരോധത്തിലാക്കുമെന്നുമാണ് വിമര്‍ശനം. ഇതിന് പുറമെ യു.ഡി.എഫില്‍ കൂടിയാലോചിക്കാതെയാണ് പല തീരുമാനങ്ങളും കോണ്‍ഗ്രസ് നേതാക്കള്‍ പുറത്ത് വിടുന്നതിലും ലീഗിന് അതൃപ്തിയുണ്ട്. വിവാദമായി നില്‍ക്കുന്ന ഗവര്‍ണറുടെ വിഷയത്തിലും കോണ്‍ഗ്രസ് നേതാക്കള്‍ നടത്തുന്ന പരാമര്‍ശങ്ങള്‍ പലപ്പോഴും യു.ഡി.എഫില്‍ കൂടിയാലോചിക്കാതെയാണെന്നുമാണ് ലീഗിന്‍റെ വിമര്‍ശനം. ഗവര്‍ണര്‍ക്കെതിരായ ഓര്‍ഡിനന്‍സ് എതിര്‍ക്കുമെന്ന കെ.സതീശന്റെ പ്രഖ്യാപനം ലീഗിനോട് ആലോചിക്കാതെയെന്നും സൂചനയുണ്ട്. യു.ഡി.എഫില്‍ കൂടിയാലോചിക്കാതെ ഇത്തരത്തില്‍ പല കാര്യങ്ങളും കോണ്‍ഗ്രസ് നേതാക്കള്‍ പ്രഖ്യാപിക്കുന്നുണ്ട്. ഇതിലും ലീഗിന് അതൃപ്തിയുണ്ട്. ആര്‍.എസ്.എസ് ശാഖ സംരക്ഷിക്കാന്‍ ആളെ വിട്ടു നല്‍കിയിട്ടുണ്ടെന്നായിരുന്നു കെ.സുധാകരന്‍റെ പ്രസ്താവന. കണ്ണൂരില്‍ എം.വി.ആര്‍ അനുസ്മരണ പരിപാടിയിലായിരുന്നു സുധാകരന്റെ വിവാദ പരാമര്‍ശം.

കണ്ണൂരിലെ എടക്കാട്, തോട്ടട, കിഴുന്ന മേഖലയില്‍ ആര്‍.എസ്.എസ് ശാഖ തകര്‍ക്കാന്‍ സിപിഎം ശ്രമിച്ചിരുന്നു. ആ സമയത്ത് ശാഖയ്ക്ക് ആളെ അയച്ചു സംരക്ഷണം നല്‍കിയിട്ടുണ്ട്. മൗലിക അവകാശങ്ങള്‍ തകര്‍ക്കപ്പെടുമ്പോള്‍ നോക്കി നില്‍ക്കാന്‍ കഴിയാത്തത് കൊണ്ടാണ് ഇടപെട്ടതെന്നും സുധാകരന്‍ പറഞ്ഞു. പ്രസംഗം വിവാദമായതിന് പിന്നാലെ വീണ്ടും മാധ്യമങ്ങളെ കണ്ട സുധാകരന്‍ നിലപാട് ആവര്‍ത്തിച്ചു. പറഞ്ഞ കാര്യങ്ങള്‍ വസ്തുതയാണെന്നും രാഷ്ട്രീയ സത്യസന്ധത കൊണ്ടാണ് ഇക്കാര്യം തുറന്നു പറഞ്ഞതെന്നുമായിരുന്നു സുധാകരന്‍റെ വിശദീകരണം. കെ.സുധാകരന്‍റെ പ്രസ്താവനക്കെതിരെ മുസ്ലിം ലീഗ് നേതാവും മുന്‍ വിദ്യാഭ്യാസ മന്ത്രിയുമായ പി.കെ.അബ്ദുൾ റബ്ബും രംഗത്തെത്തിയിരുന്നു. ഹേ റാം എന്നുച്ചരിച്ച്‌ മഹാത്മാവ് പിടഞ്ഞു വീണത് ഓട്ടോറിക്ഷയിടിച്ചല്ലെന്നും ആര്‍.എസ്.എസുകാരന്‍ വെടിയുതിര്‍ത്തിട്ടാണെന്നും അബ്ദുൾ റബ്ബ് ഫേസ്ബുക്കില്‍ കുറിച്ചു. മത ന്യൂനപക്ഷങ്ങള്‍ക്കും മര്‍ദ്ദിത പീഡിത വിഭാഗങ്ങള്‍ക്കും ജീവിക്കാനും വിശ്വസിക്കാനും ആരാധിക്കാനും പ്രബോധനം ചെയ്യാനും ഇഷ്ടഭക്ഷണം കഴിക്കാനും വരെ ഭരണഘടനാപരമായ അവകാശങ്ങള്‍ നിഷേധിക്കുകയും അവരെ ഉന്‍മൂലനം ചെയ്യാന്‍ പദ്ധതിയിടുകയും ചെയ്യുന്ന ആര്‍.എസ്.എസിനെ സംരക്ഷിക്കേണ്ട ബാധ്യത ആര്‍ക്കാണെന്നും അബ്ദുൾ റബ്ബ് ഫേസ്ബുക്ക് കുറിപ്പിലൂടെ ചോദിച്ചു.

Back to Top