പാലക്കുന്ന് ക്ഷേത്രത്തിൽ തിരഞ്ഞെടുപ്പ് പ്രക്രിയക്ക് വിപുലമായ ഒരുക്കങ്ങൾ ആരംഭിച്ചു. പൊതു തിരഞ്ഞെടുപ്പ് രീതിയിൽ പാലക്കുന്ന് ക്ഷേത്രത്തിൽ ഭാരവാഹികളെ തിരഞ്ഞെടുക്കും  

Share

പൊതു തിരഞ്ഞെടുപ്പിന്റെ അതേ രീതിയിൽ നടക്കുന്ന വോട്ടെടുപ്പിൽ മുപ്പതിനായിരത്തോളം പേർക്കാണ് വോട്ടവകാശമുള്ളത്

പാലക്കുന്ന് : പാലക്കുന്ന് കഴകം ഭഗവതി ക്ഷേത്രത്തിൽ ഭരണ കൃത്യനിർവഹണത്തിനായി അടുത്ത മൂന്നു വർഷത്തേക്കുള്ള സാരഥികളെ തിരഞ്ഞെടുക്കാനുള്ള ഒരുക്കങ്ങൾ ആരംഭിച്ചു. മറ്റു ആരാധനാലയങ്ങളിൽ നിന്ന് തീർത്തും വ്യത്യസ്തവും സങ്കീർണവുമയായ തിരഞ്ഞെടുപ്പ് ചട്ടങ്ങൾ പൊതു തിരഞ്ഞെടുപ്പിന്റെ അതേ ഗൗരവത്തിലാണ് ഇവിടെ നടക്കുക. അന്തിമ ഫലമറിയാൻ ഡിസംബർ അവസാന ആഴ്ചവരെ കാത്തിരിക്കണമെങ്കിലും അതിനായുള്ള മുന്നൊരുക്കങ്ങൾ തുടങ്ങിയിട്ട് രണ്ടു മാസം പിന്നിട്ടു.നിലവിലെ കേന്ദ്രകമ്മിറ്റി യോഗം ചേർന്ന് മുഖ്യ വരണാധികാരിയായി സി.എച്ച്. നാരായണനെയും വരണാധികാരികളായി ബി. ടി. കമലാക്ഷൻ പള്ളിക്കര, അഡ്വ. പി. വി. സുമേഷ് പാലക്കുന്ന് എന്നിവരെയും നിയോഗിച്ചു. ഈ മൂന്ന്പേർക്കും ഒരു സ്ഥാനത്തേക്കും മത്സരിക്കാൻ പാടില്ല. ചെമ്മനാട്, ഉദുമ, പള്ളിക്കര, അജാനൂർ (ഭാഗികം) പഞ്ചായത്ത് പരിധിയിലായി 32 പ്രാദേശിക സമിതി ഭാരവാഹികളെയും കേന്ദ്ര കമ്മിറ്റി അംഗങ്ങളെയും തിരഞ്ഞെടുക്കാൻ 32 വരണാധികാരികളെയും നിയമിച്ചു. അവർക്കുള്ള രേഖകൾ ക്ഷേത്ര ഓഫീസിൽ നിന്ന് കഴിഞ്ഞ ദിവസം കൈമാറി.

 പ്രാദേശിക ഭാരവാഹികളുടെയും കേന്ദ്ര കമ്മിറ്റി അംഗങ്ങളുടെയും തിരഞ്ഞെടുപ്പായിരിക്കും ആദ്യം നടക്കുക. നാമനിർദ്ദേശ പത്രിക നവംബർ 19ന് 4നകം നൽകണം.

വോട്ടെടുപ്പ് (വേണ്ടിവന്നാൽ) 26ന് നടക്കും. അന്ന് തന്നെ ഫലം പ്രഖ്യാപിക്കും. കേന്ദ്ര ഭരണ സമിതി തിരഞ്ഞെടുപ്പ് ഡിസംബർ 10ന്. വോട്ടെടുപ്പും (വേണ്ടിവന്നാൽ) ഫലപ്രഖ്യാപനവും 24ന് വൈകുന്നേരം. ജനുവരിയിൽ പുതിയ ഭാരവാഹികൾ സ്ഥാനമേൽക്കും.

 തീർത്തും ജനാധിപത്യ രീതിയിൽ ഏറെ സുതാര്യമായിട്ടായിരിക്കും കഴകത്തിലെ തിരഞ്ഞെടുപ്പെന്നും മുഖ്യ വരണാധികാരി സി. എച്ച്. നാരായണൻ പറഞ്ഞു.

Back to Top