ജില്ലയില്‍ ഈ വര്‍ഷം സേഫ് പദ്ധതിയിൽ 250 വീടുകള്‍ 

Share

ജില്ലയില്‍ ഈ വര്‍ഷം സേഫ് പദ്ധതിയിൽ 250 വീടുകള്‍

കാസർഗോഡ് : അടിസ്ഥാന സൗകര്യങ്ങളും അടച്ചുറപ്പും സുരക്ഷിതത്വവുമുള്ള വീടുകള്‍ എന്ന സ്വപ്നം കാസർഗോഡ് ജില്ലയില്‍ ഈ വര്‍ഷം 250 പട്ടിക വിഭാഗം കുടുംബങ്ങള്‍ക്കുകൂടി യാഥാര്‍ഥ്യമാകും. പട്ടിക വിഭാഗ വികസന വകുപ്പിന്റെ സേഫ് പദ്ധതിയിലൂടെയാണ് ഈ വര്‍ഷം 250 വീടുകള്‍ക്ക് സഹായം ലഭ്യമാക്കുക. സംസ്ഥാനത്ത് മൊത്തം 7000 വീടുകള്‍ക്കാണ് പദ്ധതിയിലൂടെ സഹായമൊരുക്കുന്നത്. ഇനി പട്ടിക വിഭാഗത്തില്‍പ്പെട്ടവര്‍ക്ക് തകര്‍ന്ന വീടുകളില്‍ അരക്ഷിതരായി കഴിയേണ്ടിവരരുതെന്ന നിശ്ചയദാര്‍ഡ്യമാണ് സേഫ് – സെക്യൂര്‍ അക്കോമഡേഷന്‍ ആന്‍ഡ് ഫെസിലിറ്റി എന്‍ഹാന്‍സ്മെന്റ് പദ്ധതിക്കു പിന്നില്‍. സര്‍ക്കാര്‍ സഹായത്തോടെയും സ്വന്തം നിലക്കും നിര്‍മിച്ച്‌ പൂര്‍ത്തിയാകാത്ത വീടുകള്‍ക്കും പദ്ധതിയിലൂടെ രണ്ട് ലക്ഷം രൂപവരെ സഹായം ലഭിക്കും. ജില്ലയില്‍ വിവിധ പദ്ധിതികളിലായി നിരവധി പട്ടിക വിഭാഗങ്ങള്‍ക്ക് വീടുണ്ടെങ്കിലും മിക്കവയും അടച്ചുറപ്പുള്ളതല്ല. പലതും പണി പൂര്‍ത്തിയാകാത്തതും, വലിയ തോതില്‍ നവീകരണം ആവശ്യമായതുമാണ്. നിത്യച്ചെലവിനുപോലും ബുദ്ധിമുട്ടുന്നവര്‍ക്ക് നവീകരണത്തിനുള്ള തുക കണ്ടെത്തുന്നത് വലിയ ബാധ്യതയാണ്. ഇതോടെയാണ് സേഫ് പദ്ധതിയുമായി വകുപ്പ് എത്തുന്നത്. ലൈഫ് ഭവന പദ്ധതിയില്‍ ഉള്‍പ്പെടുത്തി നിര്‍മിച്ച വീടുകളിലും നവീകരണത്തിന് പ്രത്യേക തുക അനുവിദിച്ചിട്ടില്ല. ഈ വീടുകളും സേഫ് പദ്ധതി തുക ഉപയോഗിച്ച്‌ നവീകരിക്കും. മൂന്ന് ഗഡുക്കളായാണ് തുക അനുവദിക്കുക. രണ്ട് ലക്ഷം രൂപയില്‍ ഒന്നാം ഗഡു 50,000 രൂപയും, രണ്ടാം ഗഡു ഒരു ലക്ഷവും, മൂന്നാം ഗഡു 50,000 രൂപയുമാണ്. ഗുണഭോക്താവിന്റെ ബാങ്ക് അക്കൗണ്ടിലേക്കായിരിക്കും തുക നല്‍കുക.

 

Back to Top